മാറനല്ലൂർ-പുന്നാവൂർ റോഡിൽ അനധികൃത കൈയേറ്റം വ്യാപകം

മാറനല്ലൂർ : പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനധികൃത കൈയേറ്റം വ്യാപകം.

മാറനല്ലൂർ-പുന്നാവൂർ റോഡിൽ മലവിളപ്പാലത്തിനു സമീപം വഴിയോരക്കച്ചവടം വ്യാപകമാണ്. രണ്ടുവർഷം മുൻപ് പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോൾത്തന്നെ പലയിടത്തും ഷെഡ്ഡുകൾ സ്ഥാപിച്ചുതുടങ്ങി. വാടകയ്ക്ക് നൽകുകയായിരുന്നു ലക്ഷ്യം.

പലരും കച്ചവടത്തിനായി ഷെഡ്ഡുകൾ എടുത്തെങ്കിലും പ്രതീക്ഷിച്ച കച്ചവടം കിട്ടാതെ വന്നതുകാരണം ചിലർ കച്ചവടം ഉപേക്ഷിച്ചുപോയി. ഇതുകാരണം കെട്ടിയിട്ട ഷെഡ്ഡുകളിൽ ചിലത് കാടുകയറിയ നിലയിലുമായി.

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഷെഡ്ഡുകൾ കെട്ടി വാടകയ്ക്കു നൽകുന്ന സംഘങ്ങൾ വ്യാപകമാണ്.

ദിവസവാടകയ്ക്കും മാസവാടകയ്ക്കുമാണ് പലപ്പോഴും ഷെഡ്ഡുകൾ കെട്ടിനൽകുന്നത്.

വാടക മുടങ്ങിയാൽ ഇത്തരം സംഘങ്ങൾ വ്യാപാരം നടത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്.

കാൽനടയാത്ര തടസ്സപ്പെടുത്തരുതെന്ന കോടതി നിർദേശം വന്നെങ്കിലും ബാലരാമപുരം-കാട്ടാക്കട റോഡിൽ പലയിടത്തും കാൽനടയാത്ര തടസ്സപ്പെടുത്തിയാണ് കച്ചവടവും ഓട്ടോ സ്റ്റാൻഡുകളും പ്രവർത്തിക്കുന്നത്.

നിയമങ്ങൾ പാലിച്ച് പാതയോരത്ത് കെട്ടിടങ്ങൾ നിർമിക്കുകയും പഞ്ചായത്തിൽനിന്ന് ലൈസൻസും നേടിയെടുത്ത ശേഷമാണ് അനധികൃത നിർമാണങ്ങൾ നടത്തുന്നത്. എന്നാൽ, തുടർ നടപടികളെടുക്കാൻ പഞ്ചായത്തും തയ്യാറാകുന്നില്ല.