പനച്ചമൂട് ഹൈടെക്ക് ചന്തയ്ക്കായി കാത്തിരിപ്പ് നീളുന്നു

വെള്ളറട : മൂന്ന് വർഷത്തിന് മുമ്പ് പണികൾ തുടങ്ങിയ പനച്ചമൂട് ഹൈടെക്ക് ചന്തയുടെ നിർമാണപൂർത്തീകരണം വൈകുന്നു. പഴമയുടെ കഥകൾ പേറുന്ന നൂറ്റാണ്ടുകൾ പഴക്കംചെന്ന ഈ ചന്ത അത്യാധുനിക രീതിയിൽ ഇരുനിലകളിലായിട്ടാണ് നിർമിക്കുന്നത്. കിഫ്ബിയിൽ നിന്നും അനുവദിച്ച 6.22 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം.
2023 ജൂണിലാണ് പണികൾ. സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമാണം. ഒന്നര വർഷം നിർമാണ കാലാവധി നിശ്ചയിച്ച് നിർമാണം തുടങ്ങിയ ചന്തയുടെ പണികൾ ക്രസന്റ് എന്ന കമ്പനിയാണ് ഏറ്റെടുത്ത് ചെയ്യുന്നത്. ഒന്നാം നിലയുടെ പണികൾ ഏറക്കുറെ പൂർത്തീകരിച്ച നിലയിലാണ്. ചുമരുകൾ സിമന്റ് പൂശിയും തറയിൽ ടൈൽസും പാകിക്കഴിഞ്ഞു. രണ്ടാം നിലയിലെ മേൽക്കൂര റൂഫിങ് ഷീറ്റ് ഉപയോഗിച്ചാണ് പണിതിട്ടുള്ളത്.
ഹൈടെക്ക് നിർമാണം
വിദേശരാജ്യങ്ങളിലെ ചന്തകൾക്ക് സമാനമായി അത്യാധുനിക രീതിയിൽ 75 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് കെട്ടിടം പണിയുന്നത്. ഇരുനിലകളിലായി 30000 ചതുരശ്ര വിസ്തീർണത്തിലാണ് നിർമാണം. താഴത്തെ നിലയിൽ 50 റീട്ടെയിൽ സ്റ്റാളുകളുണ്ടാകും. രണ്ട് ലേലഹാളുകൾ, ചിൽ റൂം സംവിധാനം, ഭക്ഷ്യസുരക്ഷാ സംവിധാനം, രണ്ട് സെക്യൂരിറ്റി മുറികൾ, വിശ്രമമുറികൾ, ശൗചാലയം എന്നിവയും മുകളിലത്തെ നിലയിൽ ഒരുക്കുന്നുണ്ട്. കൂടാതെ പച്ചക്കറി, മത്സ്യ കച്ചവടത്തിനായി പ്രത്യേക സ്റ്റാളുകളും സജ്ജമാക്കിയിട്ടുണ്ട്. ഓരോ സ്റ്റാളിലും ആവശ്യമായ സ്റ്റെയിൽലസ് സ്റ്റീൽ ഡിസ്പ്ലേ ട്രാളി, സിങ്കുകൾ, െഡ്രയിനേജ് സംവിധാനം, മാൻഹോളുകൾ തുടങ്ങിയവയും സജ്ജീകരിക്കും. മുറ്റം ഇന്റർലോക്ക് പാകി പാർക്കിങ്ങിനായി ഉപയോഗിക്കും, മതിയായ െഡ്രയിനേജ് സൗകര്യങ്ങൾ, മലിനജല സംസ്കരണ പ്ലാന്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിലേക്കുള്ള വൈദ്യുതീകരണവും ഏറക്കുറെ പൂർത്തിയായ നിലയിലാണ്.
അവശേഷിക്കുന്ന പണികൾ
കെട്ടിടത്തിന്റെ പണികൾ ഏറക്കുറെ പൂർത്തിയായെങ്കിലും ചുറ്റുമുള്ള മുറ്റം പൂർണമായും ഇന്റർലോക്ക് ചെയ്തിട്ടില്ല.
പുറകുവശത്തെ മൺതിട്ട നീക്കം ചെയ്തിട്ടില്ല. ഇക്കാരണത്താൽ ചന്തയ്ക്കുള്ളിൽ പ്രവേശിക്കുന്ന വാഹനങ്ങൾ കെട്ടിടത്തിനും ചുറ്റും കറങ്ങിവരാൻ കഴിയാത്ത നിലയിലാണ്. ചന്തയ്ക്കുള്ളിലെ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം സജ്ജമാക്കാനുള്ള പണികളും അവശേഷിക്കുന്നുണ്ട്.
കൂടാതെ ജലവിതരണ കുഴലുകൾ സജ്ജമാക്കി കെട്ടിടത്തിനുള്ളിൽ വെള്ളം എത്തിക്കാനുള്ള സൗകര്യവും ഒരുക്കണം.
വലിയ വാഹനങ്ങൾ ചന്തയ്ക്കുള്ളിൽ കയറ്റാൻ സാധിക്കുന്ന തരത്തിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. നിലവിൽ അന്യജില്ലകളിലും സംസ്ഥാനങ്ങളിൽ നിന്നും മത്സ്യവുമായി എത്തുന്ന വലിയ കണ്ടെയ്നർ ലോറികൾ റോഡിൽ നിർത്തിയാണ് പുലർച്ചേ മത്സ്യലേലം നടത്തുന്നത്. റോഡിലുടനീളം വാഹനങ്ങൾ നിർത്തുന്നത് ഗതാഗത തടസ്സവും സൃഷ്ടിക്കുന്നുണ്ട്.
വാഹനങ്ങളിൽനിന്നും ഒഴുകിയെത്തുന്ന മലിനജലം റോഡിലും പരിസരത്തേക്കും ഒഴുകുന്നത് ഏറെ ദുർഗന്ധം വമിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് സമീപ കടകളിൽ കച്ചവടം ചെയ്യുന്ന മറ്റ് വ്യാപാരകേന്ദ്രങ്ങൾക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
വ്യാപാരികളുടെ പരാതിയെ തുടർന്ന് മുമ്പ് ആരോഗ്യവകുപ്പ് അധികൃതരും ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും പരിഹാര നടപടികളും ഉണ്ടായില്ലെന്ന പരാതിയും വ്യാപാരികൾക്കുണ്ട്.
രാജഭരണകാലത്ത് തുടങ്ങിയ ഈ ചന്ത കുന്നത്തുകാൽ, ആര്യങ്കോട്, വെള്ളറട, അമ്പൂരി, ഒറ്റശേഖരമംഗലം എന്നീ പഞ്ചായത്തുകളിലെയും അതിർത്തിയിലെ വിളവൻകോട് താലൂക്കിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലെയും നിവാസികൾക്ക് ഏറെ ഉപയോഗപ്രദമാണ്.
മലഞ്ചരക്കുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാനും വിറ്റഴിക്കാനും പ്രധാനമായും ഈ ചന്തയെയാണ് ഭൂരിഭാഗം ഗ്രാമവാസികളും ആശ്രയിക്കുന്നത്.
വിവിധയിടങ്ങളിൽ കർഷക വിപണികൾ സജീവമായതോടെയാണ് ആഴ്ചയിൽ രണ്ട് ദിവസം നടന്നുവരാറുള്ള ഇവിടത്തെ കുലച്ചന്തയുടെ പ്രവർത്തനമിപ്പോൾ മന്ദഗതിയിലായത്. ആഴ്ചയിൽ രണ്ട് ദിവസം ബുധനാഴ്ചയും ശനിയാഴ്ചയുമാണ് പ്രധാന ചന്ത പ്രവർത്തിക്കുന്നത്.
പാറശ്ശാല നിയോജകമണ്ഡലത്തിലെ പകുതിയോളം പ്രദേശത്തേക്ക് എത്തുന്ന മത്സ്യവും വലിയ കണ്ടെയ്നറുകളിൽ ഇവിടെ എത്തിയശേഷമാണ് പലയിടത്തേക്കുമായി നിരവധി ചെറിയ വണ്ടികളിൽ കൊണ്ടുപോകുന്നത്.