ഒരു കുടുംബംകൂടി എന്റെ വീടിന്റെ തണലിൽ

പെരുങ്കടവിള : കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്നു നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിൽ ജില്ലയിൽ ഒരു വീടുകൂടി കൈമാറി. പെരുങ്കടവിള പഞ്ചായത്തിലെ ആങ്കോട് വാർഡിൽ പഴിഞ്ഞിക്കുഴി എമി ഭവനിൽ എയ്ഞ്ചൽ റാണിക്കും കുടുംബത്തിനുമാണ് വീട് കൈമാറിയത്.
ഭർത്താവ് ഷിബിൻ, മക്കളായ എമി, എട്ന എന്നിവരാണ് പുതിയ വീട്ടിലുള്ളത്. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ സീനിയർ സെക്യൂരിറ്റി ഓഫീസർ ആർ.സുരേഷ്ബാബുവും പെരുങ്കടവിള പഞ്ചായത്തംഗവും ആങ്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറുമായ അമ്പലത്തറയിൽ ഗോപകുമാറും ചേർന്ന് വീടിന്റെ താക്കോൽ കുടുംബത്തിനു കൈമാറി. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് വർക്സ് കമ്മിറ്റി ചെയർമാൻ സി.ആർ. അരുൺ, മാതൃഭൂമി സർക്കുലേഷൻ ഓർഗനൈസർ കൊറ്റംപള്ളി ബിജു തുടങ്ങിയവരും പങ്കെടുത്തു.