വീട്ടിൽ കയറി കാർ കത്തിച്ചു; ഒരാൾ അറസ്റ്റിൽ

മലയിൻകീഴ് : വീടിന്റെ ഷെഡ്ഡി‌ൽ നിർത്തിയിരുന്ന കാർ അക്രമിസംഘം കത്തിച്ചു. മലയിൻകീഴ് മേപ്പൂക്കട മിനി എസ്റ്റേറ്റിനു സമീപം ജോയ് വില്ലയിൽ വാടകയ്ക്കു താമസിക്കുന്ന ഗണേശനാശാരിയുടെ മകൻ ശരത്ത് പണയം വാങ്ങി കൈവശം സൂക്ഷിച്ച കാറാണ് ഭാഗികമായി കത്തിനശിച്ചത്. പ്രതികൾക്ക് വീട്‌ കാണിച്ചുകൊടുക്കാനെത്തിയ സമീപവാസിയായ യുവാവിനെ വീട്ടുകാർ പിടികൂടി പോലീസിനു കൈമാറി. മലയിൻകീഴ് മേപ്പൂക്കട കുഴയ്ക്കാട് പൂന്തോപ്പ്‌ വീട്ടിൽ ആദിത്യനാണ്‌ (20) അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. വീട്ടിലെ ഷെഡ്ഡി‌ൽ ഒരു ഓട്ടോറിക്ഷയും മറ്റൊരു കാറുമുണ്ടായിരുന്നു. ഇതിലേക്ക്‌ തീ പടരാത്തതും ഉടൻ തീ കെടുത്തിയതും വലിയ അപകടം ഒഴിവാക്കി. വലിയ ശബ്ദം കേട്ടും കാറിൽനിന്നു തീ കണ്ടും ഉണർന്ന വീട്ടുകാർ പുറത്തിറങ്ങുമ്പോൾ മൂന്നുപേർ വീടിന്റെ മതിൽ ചാടി സ്‌കൂട്ടറിൽ കയറി പോകുന്നത് കണ്ടു.

വീട്ടിലെ പൈപ്പിൽനിന്നു വെള്ളമെടുത്ത് കാറിനകത്തെ തീയണച്ചു. കാറിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ച് അകത്ത് ഡീസൽ ഒഴിച്ചശേഷം തീ കൊളുത്തിയതാണെന്ന് കരുതുന്നു. ഡീസൽ കൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പിയും സമീപമുണ്ടായിരുന്നു. ഗണേശനും കുടുംബവും അഞ്ച് ദിവസം മുൻപാണിവിടെ താമസമാക്കിയത്. മലയിൻകീഴ് പോലീസ് കേസെടുത്തു. പ്രതികളായി കരുതുന്നവർ കഞ്ചാവുകച്ചവടം നടത്തുന്നതായി ശരത്ത് എക്‌സൈസിനെ അറിയിച്ചെന്ന സംശയത്തിലാണ് അക്രമമെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം.