പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ; സെക്ഷൻ ഓഫീസ് നശിക്കുന്നു

നേമം : പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ കാരണം നേമം വെള്ളായണി ആയുർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സെക്ഷൻ ഓഫീസ് നശിക്കുന്നു. കാട് കയറിയും പൊട്ടിപ്പൊളിഞ്ഞും നാശത്തിന്റെ വക്കിലാണ് കെട്ടിടം. പൊതുജനങ്ങൾക്ക് പ്രയോജനപ്പെടേണ്ട കെട്ടിടമാണ് വർഷങ്ങളായി ശോചനീയാവസ്ഥയിൽ കിടക്കുന്നത്. കാട് കയറി കിടക്കുന്നതുകാരണം ഇഴജന്തുക്കളുടെയും കൊതുകുകളുടെയും ശല്യവും രൂക്ഷമാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസ് പ്രവർത്തനമുണ്ടായിരുന്ന സമയത്ത് തിരഞ്ഞെടുപ്പിന് പോളിങ് സ്റ്റേഷനായും ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. കോർപ്പറേഷൻ നേമം വാർഡിലുൾപ്പെടുന്നതാണ് കെട്ടിടം. വനിത വിശ്രമ കേന്ദ്രത്തിനായി ഈ പഴയ കെട്ടിടം പൊളിച്ചുമാറ്റി സ്ഥലം അനുവദിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് മുമ്പ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവാദം നൽകിയിരുന്നില്ല. നേമം വാർഡിലെ പല അങ്കണവാടികളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഒരെണ്ണത്തിനെങ്കിലും സ്ഥലം അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നേമം ആയുർവേദ ആശുപത്രി പൊളിച്ചപ്പോൾ താത്കാലികമായി പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. ഇതിന് സമീപത്ത് ആയുർവേദ ആശുപത്രിക്ക് പുതിയ മന്ദിരം വരികയും പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തിൽ നിന്നും ഒഴിയുകയും ചെയ്തു.