ക്ഷേത്രങ്ങളിൽ നവരാത്രി ഉത്സവം

നെടുമങ്ങാട് : പൂജവെപ്പിന്റെ ഭക്തിനിറവിൽ ക്ഷേത്രങ്ങളിൽ നവരാത്രി ഉത്സവത്തിന് തുടക്കമായി. ബുധനാഴ്ച പുലർച്ചെയോടെ ഗ്രാമീണമേഖലയിലെ ക്ഷേത്രങ്ങളിലെ സാംസ്കാരികകേന്ദ്രങ്ങളിലും നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. സരസ്വതീപൂജ, ഭഗവതീസേവ, ഐശ്വര്യപൂജ എന്നീ ചടങ്ങുകളോടെയാണ് വിദ്യാരംഭത്തിന് തുടക്കം കുറിക്കുന്നത്.
ഞായറാഴ്ച വൈകീട്ടോടെ ക്ഷേത്രങ്ങളിൽ വിദ്യാർത്ഥികൾ പൂജ വെച്ചു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നെടുമങ്ങാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ ബൊമ്മക്കൊലു ഒരുക്കി. ആലന്തറ ഇലങ്കം ക്ഷേത്രത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്ത ഭഗവതിസേവയും നടന്നു.
കരുപ്പൂര് ഭദ്രകാളി ക്ഷേത്രത്തിൽ ഡോ. സുധീർ കിടങ്ങൂർ, ആർ. ശശികുമാർ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരമെഴുതിക്കും. നെടുമങ്ങാട് മുത്തുമാരിയമ്മൻ ദേവസ്ഥാനത്ത് നടക്കുന്ന അക്ഷരപൂജയിൽ റിട്ട. പ്രിൻസിപ്പൽ ലക്ഷ്മി എസ്. നായർ വിദ്യാരംഭം കുറിക്കും.
ചുള്ളിമാനൂർ പൊൻകുഴി മാടൻതമ്പുരാൻ ക്ഷേത്രത്തിൽ ക്ഷേത്രമേൽശാന്തി കല്ലിയോട് രുദ്രമഠം ഗൗതമൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയും കരകുളം പതിയനാട് ഭദ്രകാളി ക്ഷേത്രത്തിൽ ഡോ. രാജലക്ഷ്മിയും കുട്ടികൾക്ക് ആദ്യാക്ഷരമെഴുതിക്കും.
നെടുമങ്ങാട് പുതുമംഗലം ദേവീക്ഷേത്രത്തിൽ നടക്കുന്ന വിദ്യാരംഭം ഉത്സവത്തിൽ ബി. ചക്രപാണി കുട്ടികളെ എഴുത്തിനിരുത്തും.
പനയമുട്ടം ആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിൽ സുഗതടീച്ചറും പാലോട് കുട്ടത്തിക്കരിക്കകം ദുർഗാഭഗവതി ക്ഷേത്രത്തിൽ ഡോ. ഷൈജു പി.എന്നും ചുള്ളാളം ആയിരവില്ലി ക്ഷേത്രത്തിൽ ക്ഷേത്രമേൽശാന്തി കൃഷ്ണൻപോറ്റിയും കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകും.
വലിയ താന്നിമൂട് മഹാദേവക്ഷേത്രത്തിൽ ക്ഷേത്രമേൽശാന്തി ത്യാഗരാജൻ പോറ്റിയും പച്ച നെടുമ്പറമ്പ് ധർമ്മശാസ്താക്ഷേത്രത്തിൽ മേൽശാന്തി ലക്ഷ്മീനാരായണൻ പോറ്റിയും ഞാറനീലി ദേവീക്ഷേത്രത്തിൽ ക്ഷേത്രമേൽശാന്തി നിതീഷ് നാരായണൻ പോറ്റിയും കുട്ടികൾക്ക് ആദ്യാക്ഷരം പകരും.
പെരിങ്ങമ്മല മഹാവിഷ്ണുക്ഷേത്രത്തിൽ ഡോ. സുകുമാരൻ നായരും ഡി. രഘുനാഥൻനായരും കുട്ടികളെ ആദ്യാക്ഷരമെഴുതിക്കും.