സമുദ്രഗിരി രഥയാത്ര കന്യാകുമാരിയിൽ തുടങ്ങി : 18-ന് കാളിമലയിൽ എത്തും

നാഗർകോവിൽ : കാളിമല ദുർഗാഷ്ടമി പൂജയോടനുബന്ധിച്ച് കന്യാകുമാരിയിൽനിന്നുള്ള സമുദ്രഗിരി രഥയാത്ര വ്യാഴാഴ്ച തുടങ്ങി. രാവിലെ തൃവേണി സംഗമത്തിൽനിന്ന് ദേവിക്ക് അഭിഷേകത്തിനുള്ള തീർത്ഥം ശേഖരിച്ചു. തുടർന്ന് കാളിമല ദുർഗാഷ്ടമി ആഘോഷ കമ്മിറ്റി പ്രസിഡന്റ് പദ്മകുമാറിന്റെ അധ്യക്ഷതയിൽ രഥയാത്രയുടെ ഉദ്ഘാടന ചടങ്ങ് നടന്നു.

വെള്ളിമല ഹിന്ദുധർമ വിദ്യാപീഠം സ്വാമി ചൈതന്യാനന്ദജി മഹാരാജും, ബോജരാജൻ എം.എൽ.എ.യും ചേർന്ന്, യാത്രയിൽ അനുഗമിക്കുന്ന കാവിക്കൊടി കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹൈന്ദവ സംഘടനാ നേതാക്കളും, കാളിമല സേവാ സംഘം പ്രതിനിധികളും, ബി.ജെ.പി. ഭാരവാഹികളും പങ്കെടുത്തു.

ആദ്യ ദിവസത്തെ യാത്ര തോട്ടികോട് മൗന ഗുരുസ്വാമി മഠത്തിൽ പൂർത്തിയാക്കി. 17- ന് രാത്രിയോടെ കാളിമല അടിവാരത്തിലെ പത്തുകാണിയിൽ രഥയാത്രയെത്തും.

18-ന് രാവിലെ അഭിഷേക ദ്രവ്യങ്ങളും, കന്യാകുമാരിയിൽനിന്ന് ഇരുമുടിക്കെട്ടുമായി പാദയാത്രയായി വരുന്ന ഭക്തരും കാളിമല ക്ഷേത്ര സന്നിധിയിൽ എത്തും. തുടർന്ന് അഭിഷേകവും അഷ്ടമി പൂജയും. 19-ന് നവമി പൂജയും, 20-ന് ദുർഗാഷ്ടമി പൂജയും വിദ്യാരംഭ ചടങ്ങുകളും നടക്കും.