വന്യമൃഗശല്യം നിയന്ത്രിക്കാനാകുന്നില്ല

ഭൂരിപക്ഷവും കൃഷി ഉപേക്ഷിക്കുന്നു

എല്ലാ സീസണിലും ഇവയുടെ ശല്യമുണ്ടാകുന്നു

കുറ്റിച്ചൽ : കോട്ടൂർ വനവും നാടുമായി അതിരിടുന്ന പ്രദേശങ്ങളിലെ വന്യമൃഗശല്യം തടയാൻ നടപടിയാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധങ്ങൾ ശക്തമായിട്ടും കോട്ടൂരുകാർക്ക് ആശ്വാസമേകാൻ ഒരു നടപടിയും ഉണ്ടായില്ല.

കോട്ടൂർ, കാപ്പുകാട്, കള്ളിയൽ, സ്വർണ്ണക്കോട്, മന്തിക്കളം, മുണ്ടൻചിറ, ശംഭുതാങ്ങി, വില്ലുചാരി, വ്ളാവെട്ടി, നെട്ടുകാൽത്തേരി എന്നിവിടങ്ങളിൽ വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടി കൃഷി ഉപേക്ഷിച്ച കർഷകർ ഏറെയാണ്.

കുരങ്ങ്, കാട്ടുപന്നി, മാൻ, മയിൽ എന്നിവയ്ക്ക് പുറമേ ഇപ്പോൾ കാട്ടുപോത്തും വന അതിരുകൾ താണ്ടി നാട്ടിലെത്തി കൃഷിയിടങ്ങളിൽ മേഞ്ഞുനടക്കുന്ന കാഴ്ച നിത്യം.

മാനുകൾ റബ്ബർ, പച്ചക്കറി കൃഷികളാണ് നശിപ്പിക്കുന്നതെങ്കിൽ രാത്രിയിറങ്ങുന്ന കാട്ടുപന്നികൾ മരച്ചീനി കൃഷിയൊന്നാകെ കുത്തിമറിക്കുകയാണ്. റബ്ബർ തോട്ടങ്ങളിൽ കടന്നുകയറുന്ന മാനുകളുടെ കൂട്ടം പുതുതായി നട്ട തൈകളുടെ പട്ട തിന്നുനശിപ്പിക്കുന്നു. തെങ്ങുകളിൽ കൊച്ചങ്ങപോലും കുരങ്ങുകൾ കൊണ്ടുപോകുന്നു.

വനാതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ ഇവ വീടുകളിൽ കടന്നുകയറി കുട്ടികളെ ഉൾപ്പെടെ ഉപദ്രവിക്കുകയും പച്ചക്കറി കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വനത്തിനുള്ളിൽ ആദിവാസി കൃഷിയിടങ്ങളിൽ ആനശല്യം രൂക്ഷമായി തുടരുന്നു. വാഴ ഉൾപ്പെടെയുള്ള കൃഷി ഇവ നശിപ്പിക്കുന്നു.

മുമ്പ് കോട്ടൂരിലെ വനംവകുപ്പിന്റെ ചന്തയിൽ വാഴക്കുലകൾ, പച്ചക്കറി, മരച്ചീനി ഉൾപ്പെടുന്ന കിഴങ്ങുവർഗങ്ങൾ ധാരാളമായി എത്തിയിരുന്നെങ്കിൽ ഇപ്പോൾ സ്വന്തം ഉപയോഗത്തിന് ഇവ നാട്ടിൽനിന്നു വാങ്ങിക്കൊണ്ടുപോകുന്ന സ്ഥിതിയാണ്. മൃഗങ്ങളെ പേടിച്ച് ഒരു മരച്ചീനിത്തണ്ടുപോലും നട്ട് വിളവെടുക്കാനാവില്ലെന്ന് ആദിവാസികൾ പറയുന്നു.