പൂവാറിൽ റോഡ് കൈയേറി മത്സ്യവിൽപ്പന; അപകടഭീഷണി

പൂവാർ : തീരപ്രദേശങ്ങളിൽ റോഡുകൾ കൈയേറി മത്സ്യക്കച്ചവടം. റോഡിന്റെ വശങ്ങളിലെ കച്ചവടം ഏതുസമയത്തും അപകടങ്ങൾ വിളിച്ചുവരുത്താമെന്ന നിലയിലാണ്.
പൂവാർ പോസ്റ്റ് ഒാഫീസ് ജങ്ഷൻ, പാലംറോഡ്, ചന്തയുടെ മുൻവശം, പരണിയം വഴിമുക്ക്, ചാണി എന്നിവിടങ്ങളിലാണ് റോഡ് കൈയേറിയുള്ള മീൻ വിൽപ്പന നടക്കുന്നത്. ഏറെ തിരക്കുള്ള ഈ റോഡുകളുടെ വശത്തെ കച്ചവടം കാൽനടയാത്രക്കാരുടെ സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കുന്നു. ഏറെ തിരക്കുള്ള പൂവാർ-കളിയിക്കാവിള റോഡിൽ പൂവാർ ചെറിയപാലത്തിന്റെ വശത്താണ് പൂവാറിലെ അനധികൃത അന്തിച്ചന്ത.
നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ വശത്തെ ചന്ത ഏതുസമയത്തും അപകടമുണ്ടാകാം എന്ന നിലയിലാണ് പ്രവർത്തനം. വൈകുന്നേരങ്ങളിൽ വിൽപ്പനക്കാരും വാങ്ങലുകാരുമായി പ്രധാന റോഡിന്റെ കാൽഭാഗം നിറയും. വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് ചന്തകൂടുന്ന സമയത്ത് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ കയറ്റവും വളവുമായ സ്ഥലത്തെ ചന്തക്കെതിരേ പരാതികൾ ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കാത്ത നിലയിലാണ്.
കൂടുതൽ മീൻവിൽപ്പനക്കാർ എത്തുന്ന സമയത്ത് പാലത്തിനു മുകളിലും കച്ചവടക്കാർ നിറയുന്ന സ്ഥിതിയാണ്. ഇതു വാഹനങ്ങൾക്ക് മറ്റൊരു ഭീഷണിയാണ്. ഇതിനുപുറമേ കച്ചവടക്കാർ മീനിന്റെ അവശിഷ്ടങ്ങൾ ഉൾപ്പെടെ പാലത്തിൽനിന്ന് ചകിരിയാറിലും വശത്തുമാണ് വലിച്ചെറിയുന്നത്.
ഇവയെല്ലാം ഇവിടെക്കിടന്ന് പരിസരമലിനീകരണവും ഉണ്ടാക്കുന്നു. പൂവാർ പോസ്റ്റ് ഓഫീസ് ജങ്ഷനാണ് മീൻവിൽപ്പനക്കാരുടെ മറ്റൊരു പ്രധാന ഇടം. ഇവിടെ പൂവാർ-നെയ്യാറ്റിൻകര റോഡിന്റെ വശത്താണ് മീൻകച്ചവടം നടക്കുന്നത്. വീതികുറഞ്ഞ റോഡിന്റെ വശത്തെ കച്ചവടം പലപ്പോഴും വാഹനയാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായി പരാതികൾ ഉയരുന്നു. പുലർച്ചെമുതൽ ഇവിടെയും മീൻവിൽപ്പനക്കാർ സജീവമാണ്. പരണിയം വഴിമുക്കിൽ നടപ്പാത കൈയേറിയാണ് കച്ചവടം. കച്ചവടക്കാർ റോഡിന്റെ വശത്ത് നിറയുന്നതിനാൽ യാത്രക്കാർ റോഡിലൂടെ സഞ്ചരിക്കേണ്ട നിലയിലാണ്. ഇത് പലപ്പോഴും യാത്രക്കാർക്ക് അപകടങ്ങളും ഉണ്ടാക്കുന്നു. പൂവാർ ചന്ത പ്രവർത്തിക്കുമ്പോഴാണ് റോഡിലെയും കച്ചവടം നടക്കുന്നത്.
അപകടം പതിയിരിക്കുന്ന ഇടങ്ങൾ
പലവട്ടം അപകടങ്ങളുണ്ടായ സ്ഥലമാണ് പൂവാർ പാലം റോഡ്. ഇവിടെ വളവിലേക്ക് വാഹനങ്ങൾ കയറുമ്പോഴാണ് ചന്തകൂടുന്ന സ്ഥലം ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇത്തരത്തിൽ നിയന്ത്രണംവിട്ട വാഹനം ചന്തയിലേക്ക് ഇടിച്ചുകയറിയ സംഭവവും ഉണ്ടായിട്ടുണ്ട്. തിരക്ക് കുറഞ്ഞ സമയമായതിനാലാണ് വൻ ദുരന്തം പലപ്പോഴും ഒഴിഞ്ഞുപോകുന്നത്. പൂവാർ പോസ്റ്റ് ഓഫീസിനു സമീപം കാൽനടയ്ക്കുപോലും സ്ഥലമില്ലാത്ത തരത്തിലാണ് വിൽപ്പനക്കാർ ഇരിക്കുന്നത്.
അപകടസാധ്യത കൂടിയ സ്ഥലത്തെ ചന്തയെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഭീതിയോടെയാണ് പ്രദേശവാസികൾ നോക്കിക്കാണുന്നത്. അതിനാൽ റോഡിന്റെ വശത്തെ മത്സ്യക്കച്ചവടക്കാർക്ക് വിൽപ്പനയ്ക്കായി സുരക്ഷിത സ്ഥലം വേണമെന്ന ആവശ്യവും ഉയരുകയാണ്.