കുന്നത്തുകാൽ കവലവികസനം പാളുന്നു

കുന്നത്തുകാൽ : രണ്ട് വർഷങ്ങൾക്ക് മുൻപ് ഹൈടെക് നിർമാണം ആരംഭിച്ച കാരക്കോണം-അമരവിള ഹൈടെക് റോഡിന്റെ നിർമാണം പൂർത്തിയായില്ല.
ഇതോടെ നാട്ടുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ റോഡിലെ പ്രധാന കവലയായ കുന്നത്തുകാൽ കവലയിലെ വികസനവും പാളുന്നു. ഒന്നാംഘട്ട ടാറിടൽ പൂർത്തിയായെങ്കിലും ഓടനിർമാണം ഇതേവരെ പൂർത്തിയാക്കിയില്ല. റോഡിനുള്ളിലായ വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുന്നത് ഏറെ വൈകി. ഭൂരിഭാഗവും ഈയിടെയാണ് മാറ്റി സ്ഥാപിച്ചത്.
കുന്നത്തുകാൽ-കൊല്ലയിൽ ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് ദേശീയപാതയേയും മലയോര ഹൈവേയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണ്. കിഫ്ബിയുടെ ധനസഹായത്തോടെ 33.61 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം നടത്തുന്നത്.
12 മീറ്റർ വീതിയിൽ പണിയുന്ന ഈ റോഡിൽ ഒമ്പത് മീറ്റർ വീതിയിലാണ് ബി.എം.ബി.സി. ടാറിങ് നടത്തുന്നത്. എന്നാൽ ചിലയിടത്ത് ഈ അളവ് പ്രാവർത്തികമാകുന്നില്ല. ഏറെ തിരക്കുള്ള നാലു റോഡുകൾ സംഗമിക്കുന്ന കുന്നത്തുകാൽ കവലയിൽ വീതി കൂട്ടി വികസിപ്പിക്കുമെന്ന് നിർമാണവേളയിൽ അധികൃതരും ജനപ്രതിനിധികളും ഉറപ്പ് നൽകിയെങ്കിലും അതൊന്നും നടപ്പായില്ല. കവലയിലെ നിർമാണവേളയിൽ തടസ്സങ്ങളും നേരിട്ടു.
ആവശ്യമായ സ്ഥലം കിട്ടാതെ വന്നതോടെ കവലവികസനവും പ്രതിസന്ധിയിലായി. ഏറെ തിരക്കുള്ള ഈ കവലയിലെ പുറമ്പോക്ക് വസ്തു കൃത്യമായി അളന്ന് തിട്ടപ്പെടുത്തി ഒഴിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. റോഡിന്റെ ഒരുവശം തമിഴ്‌നാടിന്റെ ഭാഗമായതും വീതികൂട്ടലിനെ ബാധിച്ചു.
നിർമാണവേളയിൽ ഉണ്ടായ സ്വകാര്യതടസ്സം കാരണം വീതികൂട്ടൽ നിർത്തിവച്ചെങ്കിലും പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് കുറച്ചൊക്കെ സാധ്യമായത്.