ഫയറാണീ ബേർഡ്‌സ്

തിരുവനന്തപുരം : പ്രായഭേദമെന്യേ സ്ത്രീകൾക്ക് ഒത്തുകൂടാനും കഥകളും കലകളും പങ്കുവെക്കാനും തലസ്ഥാനത്ത് ഒരു കൂട്ടായ്മയുണ്ട്, ഫയർ ബേർഡ്‌സ്. തിരുമല സ്വദേശിനി പ്രിയാ ഹരികുമാറിന്റെ മനസ്സിൽ വിരിഞ്ഞ ആശയമാണ് മുന്നൂറ്റൻപതോളം സ്ത്രീകൾക്ക് ചിറകായി മാറിയത്.
ജോലിത്തിരക്കുകൾക്കിടയിൽനിന്ന് മാറ്റം ആഗ്രഹിക്കുന്നവർക്കും ജീവിതത്തിരക്കിലെ ഒറ്റപ്പെടലിൽനിന്ന് രക്ഷതേടുന്നവർക്കും തണലിടമാവുകയാണ് ഈ കൂട്ടായ്മ.
2024 ജനുവരി ഇരുപത്തിയാറിന് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഫയർ ബേർഡ്‌സ് 'ജസ്റ്റ് ഡാൻസ്' വിമെൻസ് റിപ്പബ്ലിക് എന്നപേരിലൊരു കൂട്ടായ്മ സംഘടിപ്പിച്ചു. വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച പരിപാടിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. അവിടെനിന്നാണ് ഫയർ ബേർഡ്‌സ് എന്ന കൂട്ടായ്മയുടെ ജനനം.
കോഫി ചാറ്റ്‌സ്
മൂന്നുമാസത്തിലൊരിക്കൽ വാരാന്ത്യത്തിലൊരുദിനം മുൻ നിശ്ചയിക്കപ്പെട്ട ഏതെങ്കിലുമൊരു സ്ഥലത്ത് അവർ ഒത്തുകൂടും. ഒരു കോഫിക്കപ്പുറവും ഇപ്പുറവുമിരുന്ന് കഥകൾ പങ്കുവെക്കും, കലാപരിപാടികൾ അവതരിപ്പിക്കും. മടികൂടാതെ ഉള്ളിലെ കഴിവുകൾ പുറത്തെടുക്കാൻ അപരിചിതർ പ്രചോദനമാകും. പിരിയുമ്പോൾ എല്ലാവരും കൂട്ടുകാരായിട്ടുണ്ടാകും.
പൂൾ പാർട്ടികളും ആഘോഷദിനങ്ങളുമായി ബന്ധപ്പെട്ട പരിപാടികളും ഇവർ ഒരുക്കാറുണ്ട്. സ്വന്തം തിരക്കുകൾക്കിടയിൽ സന്തോഷിക്കാൻ മറന്നുപോകുന്ന സ്ത്രീകൾക്കൊരു അവളിടം ഒരുക്കുന്ന പ്രിയാ ഹരികുമാറിന് കുടുംബമാണ് കരുത്ത്. അഭിഭാഷകനായ ഭർത്താവ് എൻ.പി. ഹരികുമാറിന്റെയും മകൻ ഗൗതമിന്റെയും പ്രോത്സാഹനമാണ് സംരഭകകൂടിയായ പ്രിയയ്ക്ക് കരുത്തുപകരുന്നത്.