കുടിവെള്ളക്ഷാമം രൂക്ഷം: വാമനപുരം ആറ്റിൽ അണക്കെട്ട് നിർമിക്കണം

ചിറയിൻകീഴ് : താലൂക്കിൽ വർധിച്ചുവരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാമനപുരം ആറിൽ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചിറയിൻകീഴ് താലൂക്കിലും ആറ്റിങ്ങൽ, വർക്കല നഗരസഭകളിലും സമീപ പഞ്ചായത്തുകളിലും കഴക്കൂട്ടം, വെഞ്ഞാറമൂട് മേഖലയിലും കുടിവെള്ളത്തിനും കൃഷിക്കും പ്രധാന പങ്കുവഹിക്കുന്ന ജലശ്രോതസ്സാണ് വാമനപുരം ആറ്.
വേനലിൽ ആറ് വറ്റിവരളുന്നതോടെ താലൂക്കിലെ ഭൂരിപക്ഷം ഇടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകും. മഴലഭ്യത കുറഞ്ഞതോടെ അഞ്ചുതെങ്ങ്, കിഴുവിലം, കടയ്ക്കാവൂർ പഞ്ചായത്തുകളിൽ ഇപ്പോൾത്തന്നെ കുടിവെള്ളക്ഷാമം രൂക്ഷമായി. മിക്കയിടങ്ങളിലും പൈപ്പുവഴിയുള്ള വെള്ളം നിലച്ചു.
മലയോരമേഖലയിൽ ശക്തമായ മഴ ലഭിക്കുമ്പോഴാണ് ആറിൽ നീരൊഴുക്ക് മെച്ചപ്പെടുന്നത്. ആറിൽ ബണ്ടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ കായലിൽനിന്ന് ഉപ്പുവെള്ളം കയറാതിരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ആവശ്യമായ ജലം തടഞ്ഞു നിർത്താനാകാത്തതിനാൽ വേനൽക്കാലമാകുമ്പോഴേയ്ക്കും ജല അതോറിറ്റിയുടെ പമ്പിങ് കിണറുകൾ സ്ഥാപിച്ചിട്ടുള്ള ഭാഗങ്ങളിൽ വെള്ളം വറ്റും. ഇതോടെ പമ്പിങ് നിലച്ച് ജലവിതരണം തടസ്സപ്പെട്ട് കുടിവെള്ളം ലഭിക്കാതെ കാലങ്ങളായി ജനം നട്ടംതിരിയുകയാണ്.
വേനൽ കടുക്കുന്നതോടെ മേഖലയിലെ കിണറുകളും വറ്റും. വേനലിൽ കുടിവെള്ള ഉപഭോഗം വർധിക്കുന്നതോടെ പ്രതിസന്ധിക്ക് ആക്കംകൂടും. ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിനു സമീപം ചെക്ക് ഡാം നിർമാണം ആരംഭിച്ചിരുന്നെങ്കിലും പൂർത്തീകരിക്കാനായിട്ടില്ല. ചെക്ക്ഡാം നിർമിക്കുന്നതുകൊണ്ട് ആറ്റിങ്ങലിലെയും സമീപ പഞ്ചായത്തുകളിലേയും കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയില്ല.
അതിനാൽ രൂക്ഷമാകുന്ന കുടിവെള്ളപ്രശ്‌നം പരിഹരിക്കാൻ അടിയന്തരമായി വാമനപുരം ആറിൽ അണക്കെട്ട് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.