35 ലക്ഷം ചെലവിട്ടത് പാഴായി; വോളിബോൾ സ്റ്റേഡിയം കാടുകയറി

കല്ലമ്പലം : ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ചിട്ടും കൃത്യമായ പരിപാലനമില്ലാതെ നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ തോളൂരിലെ വോളിബോൾ സ്റ്റേഡിയം കാടുകയറി നശിക്കുന്നു. 35 സെന്റ് സ്ഥലത്ത് നിർമിച്ച കളിയിടമാണ് ഇപ്പോൾ കാടുമൂടി കായികപ്രേമികൾക്ക് പ്രയോജനപ്പെടുത്താനാകാത്ത നിലയിലായത്.
നിർമാണത്തിലെ പോരായ്മകൾ പരിഹരിക്കാത്തതാണ് സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
വി. ജോയ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചത്. 2018–19 സാമ്പത്തിക വർഷത്തിൽ എം.എൽ.എ. ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ അടങ്കലിലാണ് ഗാലറിയും വോളിബോൾ കോർട്ടും ഉൾപ്പെടുന്ന ആദ്യഘട്ടനിർമാണം നടത്തിയത്.
പിന്നീട് സ്റ്റേഡിയത്തിന്റെ പൂർത്തീകരണത്തിനായി 2021–22ലെ പദ്ധതിയിൽ 10 ലക്ഷം രൂപയുടെ അടങ്കൽ തുക അനുവദിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപ സിവിൽ പ്രവൃത്തികൾക്കായി വിനിയോഗിച്ചു. 2023 ഓഗസ്റ്റ് 15-ന് നിർമാണപ്രവൃത്തികൾ പൂർത്തിയാക്കിയതായാണ് വിവരം. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് എക്സി. എൻജിനീയറുടെ (എൽ.എസ്.ജി.ഡി.) മേൽനോട്ടത്തിലായിരുന്നു നിർമാണം.
പ്രദേശവാസികളും കർഷകരും ആശ്രയിച്ചിരുന്ന ചന്തയുടെ പ്രവർത്തനം കുറഞ്ഞ് സ്ഥലം ഉപയോഗശൂന്യമായതിനെത്തുടർന്നാണ് ഇവിടെ കളിയിടം നിർമിച്ചത്.
സ്റ്റേഡിയം പ്രവർത്തനം ആരംഭിച്ച കാലത്ത് ഒട്ടേറെ കായികതാരങ്ങൾ പരിശീലനത്തിനായി എത്തിയിരുന്നു. പ്രദേശത്തെ യുവാക്കൾക്കും വിദ്യാർഥികൾക്കും വോളിബോൾ പരിശീലനത്തിനുള്ള പ്രധാന ഇടമായി ഇത് മാറുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.
എന്നാൽ, കോവിഡ് കാലത്തിനുശേഷം സ്റ്റേഡിയത്തിന്റെ പ്രവർത്തനവും പരിപാലനവും ക്രമേണ നിലച്ചു. കാടുകൾ വളർന്നതോടെ കോർട്ടിലേക്കുപോലും പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയായി. മൈതാനവും പരിസരവും വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും സ്ഥിരംസംവിധാനമില്ലാത്തതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.
കോൺക്രീറ്റ് കോർട്ട് പരിശീലനത്തിന് തടസ്സം
നിലവിലുള്ളത് കോൺക്രീറ്റ് പ്രതലത്തിലുള്ള വോളിബോൾ കോർട്ടാണ്. ദീർഘനേരം ഇവിടെ പരിശീലനം നടത്തുമ്പോൾ മുട്ടിനും സന്ധികൾക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി കായികതാരങ്ങൾ പറയുന്നു. വോളിബോൾ പരിശീലനത്തിന് കൂടുതൽ അനുയോജ്യമായ സിന്തറ്റിക് കോർട്ടോ മണ്ണ് കോർട്ടോ ഒരുക്കണമെന്നാണ് ആവശ്യം.
നിലവിലെ കോർട്ടിന്റെ അവസ്ഥ മെച്ചപ്പെടുത്താതെ സ്റ്റേഡിയം സജീവമാക്കുന്നത് പ്രയോജനകരമാകില്ലെന്നും കായികതാരങ്ങൾ പറയുന്നു.
രാത്രികാല പരിശീലനത്തിന് ആവശ്യമായ ഫ്ലഡ്‌ലിറ്റ് സംവിധാനമില്ലാത്തതും സ്റ്റേഡിയത്തിന്റെ ഉപയോഗത്തിന് തടസ്സമാണ്. ജോലി, പഠനം തുടങ്ങിയവ കാരണം വൈകുന്നേരങ്ങളിലും രാത്രിയിലും പരിശീലനം നടത്തേണ്ട കായികതാരങ്ങൾക്ക് ആവശ്യമായ വെളിച്ചം ഒരുക്കിയിട്ടില്ല.
ഉപകരണങ്ങളും നശിക്കുന്നു
തുടർപരിപാലനം ഇല്ലാത്തതിനാൽ സ്റ്റേഡിയത്തിൽ സൂക്ഷിച്ചിരുന്ന വോളിബോൾ ഉപകരണങ്ങളിൽ പലതും തുരുമ്പെടുത്ത് നശിച്ചതായും പരാതിയുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിക്കാതെയും സംരക്ഷിക്കാതെയും നശിക്കുന്നത് പൊതുപണത്തിന്റെ പാഴ്‌ച്ചെലവിന് ഇടയാക്കുന്നതായും പ്രദേശവാസികൾ പറയുന്നു.
യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കാനും ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഇത്തരം കളിയിടങ്ങൾ സജീവമായി നിലനിർത്തേണ്ട കാലത്താണ് നിർമിച്ച സ്റ്റേഡിയം കാടുകയറി നശിക്കുന്നത്.
അടിയന്തരമായി കാടുകൾ വെട്ടിത്തെളിച്ച് സ്റ്റേഡിയം വൃത്തിയാക്കുകയും കേടുപാടുകൾ പരിഹരിക്കുകയും വേണമെന്നാണ് ആവശ്യം.
കോൺക്രീറ്റ് കോർട്ടിന് പകരം സിന്തറ്റിക് കോർട്ട് ഒരുക്കുക, രാത്രികാല പരിശീലനത്തിന് ആവശ്യമായ ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിക്കുക, നശിച്ച ഉപകരണങ്ങൾ മാറ്റി പുതിയവ ലഭ്യമാക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ച് സ്റ്റേഡിയം വീണ്ടും സജീവമാക്കണമെന്നാണ് കായികതാരങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം.
സ്റ്റേഡിയത്തിലെ കാടുകൾ വെട്ടിത്തെളിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും സിന്തറ്റിക് കോർട്ടും വെളിച്ചസംവിധാനവും ഒരുക്കുകയും ചെയ്ത് കളിയിടം എത്രയും വേഗം കായികപ്രേമികൾക്കായി തുറന്നുകൊടുക്കണമെന്ന് പൊതുപ്രവർത്തകൻ മഖ്തും തോളൂർ ആവശ്യപ്പെട്ടു.