കരാറുകാർ പിൻമാറി; റോഡുകളുടെ നവീകരണം നിലച്ചു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളായ കമുകിൻകോട്-വെൺപകൽ-കുറ്റിത്താന്നി, ഊരൂട്ടുകാല-അരങ്കമുകൾ-രാമപുരം റോഡുകളുടെ നവീകരണം തുടക്കത്തിലെ നിലച്ചു. റോഡിൽ ചല്ലിനിരത്തിയതല്ലാതെ ഇതുവരെ ടാറിടുന്നതിനുള്ള നടപടിയായിട്ടില്ല. ടാറും ചല്ലിയും ലഭിക്കാത്തതാണ് നവീകരണത്തിന് തടസ്സമെന്നാണ് പൊതുമരാമത്ത് വകുപ്പുകാരുടെ ആക്ഷേപം.
ഈ റോഡുകളുടെ നവീകരണത്തിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഫണ്ട് അനുവദിച്ചത്. ഊരൂട്ടുകാല-അരങ്കമുകൾ-രാമപുരം റോഡ് ടാറിടാനായി എട്ടുമാസം മുൻപ് ചല്ലി നിരത്തിയ ശേഷം കരാറുകാരൻ മുങ്ങി.
കമുകിൻകോട്-വെൺപകൽ-കുറ്റിത്താന്നി റോഡ് ടാറിടാനായി രണ്ട് മാസം മുൻപാണ് ചല്ലി നിരത്തിയത്. രണ്ടിടത്തും ചല്ലി നിരത്തിയതല്ലാതെ ടാറിടാനുള്ള നടപടിയായിട്ടില്ല.
ചല്ലി നിരത്തിയ റോഡിലൂടെയുള്ള വാഹനയാത്ര ദുരിത പൂർണമാണ്. ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. കമുകിൻകോട് നിന്ന് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രം വരെയും തുടർന്ന് നെല്ലിമൂടിന് സമീപം കുറ്റിത്താന്നി വരെയുമാണ് ടാറിടാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ചത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് അവണാകുഴി, കൊടങ്ങാവിള, കമുകിൻകോട് പ്രദേശത്തുള്ളവർക്ക് വെൺപകൽ ആശുപത്രിയിലെത്താനുള്ള ഏക റോഡുകൂടിയാണ്.
സ്വദേശാഭിമാനിയുടെ ജന്മഗൃഹമായ കൂടില്ലാവീട്ടിലേക്കുള്ള വഴികൂടിയാണ് ഊരൂട്ടുകാലയിൽ നിന്നും അരങ്കമുകൾ വഴി രാമപുരം വരെയുള്ള റോഡ്. വർഷങ്ങളായി കുണ്ടും കുഴിയുമായി കിടന്ന റോഡ് ആദ്യം ജില്ലാപ്പഞ്ചായത്ത് ടാറിടാനായി 40 ലക്ഷം രൂപ അനുവദിച്ചെങ്കിലും തുക കുറഞ്ഞുപോയെന്ന കാരണം പറഞ്ഞ് കരാറുകാരൻ നിർമാണത്തിൽ നിന്നും പിൻമാറി. പിന്നീടാണ് സർക്കാർ റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുൻപായി റോഡിൽ കുഴിയായ ഭാഗത്തെല്ലാം ചല്ലി നിരത്തിയശേഷം കരാറുകാരൻ മുങ്ങി. ഇപ്പോൾ ചല്ലി നിരത്തിയയിടമെല്ലാം വീണ്ടും കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്. വെൺപകൽ, അരങ്കമുകൾ റോഡുകളിൽ ബസ് സർവീസുമുണ്ട്. എന്നാൽ റോഡ് തകർന്ന നിലയിലായതോടെ കെ.എസ്.ആർ.ടി.സി. ഇതുവഴിയുള്ള ബസ് സർവീസ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്. രണ്ട് റോഡുകളും അടിയന്തരമായി ടാറിട്ട് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചല്ലിയും ടാറും കിട്ടാനില്ല; ലഭിക്കുന്നവയ്ക്ക് ഉയർന്ന വിലയും
രണ്ട് വർഷത്തിലേറെയായി ജില്ലയിലെ ക്വാറികൾക്ക് പ്രവർത്തനാനുമതിയില്ല. ഇത് കാരണം തമിഴ്നാട്ടിൽ നിന്നുമുള്ള പാറയെയും ചല്ലിയെയും ആശ്രയിച്ചായിരുന്നു നിർമാണ മേഖല പ്രവർത്തിച്ചത്. എന്നാൽ തമിഴ്നാട് സർക്കാർ അവിടെനിന്നും ചല്ലിയും പാറയും കൊണ്ടുപോകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയതോടെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. അതിനിടെയാണ് ടാറിന് വില കൂടുകയും ലഭ്യതക്കുറവ് ഉണ്ടാകുകയും ചെയ്തത്.
പലറോഡുകളുടെയും നിർമാണ എസ്റ്റിമേറ്റ് പ്രകാരം കരാറുകാർക്ക് ചല്ലിയും ടാറും വാങ്ങാൻ കഴിയാതായി. വില കൂടുതൽ കാരണം എസ്റ്റിമേറ്റ് പുതുക്കാതെ നിർമാണം നടത്തേണ്ടെന്നാണ് കരാറുകാരുടെ തീരുമാനം. ഇതിനെ തുടർന്ന് നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെയും നഗരസഭയിലെയും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നിർമാണം നിലച്ചിരിക്കുകയാണ്.