പൈപ്പിടാൻ വെട്ടിപ്പൊളിച്ചു; റോഡിലെ കുഴികൾ യാത്രക്കാർക്ക് ഭീഷണി

നഗരൂർ : കുടിവെള്ളപദ്ധതിക്കായി പൈപ്പിടാൻ വെട്ടിപ്പൊളിച്ചഭാഗത്ത് രൂപപ്പെട്ട ആഴമുള്ള കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. നഗരൂർ-ആലംകോട് റോഡിൽ നഗരൂർ ജങ്ഷൻ മുതൽ വെള്ളംകൊള്ളിവരെയുള്ള ഭാഗത്താണ് അപകടക്കുഴികൾ നിറഞ്ഞിട്ടുള്ളത്.

നഗരൂരിൽനിന്ന് ആലംകോട്ടേക്കു പോകുന്ന റോഡിന്റെ ഇടതുവശമാണ് പൈപ്പിടാനായി വെട്ടിപ്പൊളിച്ചത്. ഈ ഭാഗം പൂർവസ്ഥിതിയിലാക്കുന്നതിൽ വന്ന അലംഭാവമാണ് ഇത്തരത്തിൽ അപകടക്കുഴികളുണ്ടാകാൻ ഇടയാക്കിയിട്ടുള്ളത്.

ആലംകോട്-കിളിമാനൂർ റോഡിന്റെ ഭാഗമാണിത്. അന്താരാഷ്ട്രനിലവാരത്തിൽ നിർമിച്ചിരുന്ന റോഡാണിത്. റോഡിന്റെ നിർമാണം പൂർത്തിയായി കഷ്ടിച്ച് ഒരുവർഷം കഴിഞ്ഞപ്പോഴാണ് പൈപ്പിടാനായി റോഡിന്റെ ഒരുവശം വെട്ടിപ്പൊളിച്ചത്. സദാ തിരക്കേറിയ റോഡാണിത്. ഇരുവശത്തേക്കും ധാരാളം വാഹനങ്ങളാണ് ഓരോ മിനിറ്റിലും കടന്നുപോകുന്നത്.

റോഡിൽ വെട്ടിപ്പൊളിച്ചഭാഗം പൂർവസ്ഥിതിയിലാക്കുമെന്നായിരുന്നു പൊതുമരാമത്തുവകുപ്പും ജല അതോറിറ്റിയും അറിയിച്ചിരുന്നത്. എന്നാൽ, പൈപ്പിടീൽ പൂർത്തിയായപ്പോൾ റോഡിന്റെ വശത്ത് പേരിനുവേണ്ടി ടാറിങ് നടത്തുകയാണുണ്ടായത്. നിലവാരമില്ലാത്ത ടാറിങ്ങാണെന്ന് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, പൊതുമരാമത്തുവകുപ്പധികൃതർ സ്ഥലം പരിശോധിക്കുകയോ ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല.

പൈപ്പിടാനായി റോഡിന്റെ പകുതിയോളംഭാഗം പലയിടത്തും കുഴിക്കുകയുണ്ടായി. ആദ്യം യന്ത്രമുപയോഗിച്ച് ടാറും മെറ്റലും അറത്തുമാറ്റി. പിന്നീട് മുറിച്ചഭാഗത്തെ ടാറും മെറ്റലും മണ്ണുമെല്ലാം കോരി കടത്തിക്കൊണ്ടുപോകുകയായിരുന്നു. പൈപ്പിട്ടശേഷം മൂടാനുള്ള മണ്ണുമാത്രമാണ് ഇവിടെ ഇട്ടിരുന്നത്. പൈപ്പിടീൽ പൂർത്തിയാക്കിയശേഷം കുഴിയെടുത്തഭാഗം മണ്ണിട്ട് നികത്തിയിട്ടു. ഇത് വലിയ പരാതികൾക്കിടയാക്കിയപ്പോൾ വെട്ടിപ്പൊളിച്ച ഭാഗത്ത് മെറ്റൽ നിരത്തി ചെറുതായി ടാറിങ് നടത്തി.

ടാറിങ് നടത്തിയ ഭാഗത്തുകൂടി വാഹനങ്ങൾ ഓടാൻതുടങ്ങിയതോടെ അവിടം ഒന്നോടെ താഴ്ന്നുതുടങ്ങി. ഭാരംകയറ്റിവരുന്ന വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റലുകൾ ഇളകുകയും ചെയ്തു.

ഇതുകാരണം വാഹനങ്ങൾ റോഡിന്റെ നടുക്കുകൂടി കടന്നുപോകാൻ തുടങ്ങി. എതിർദിശയിൽനിന്നുവരുന്ന വാഹനങ്ങൾക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും പലപ്പോഴും റോഡിൽ ഗതാഗതക്കുരുക്കുകൾക്കിടയാക്കുകയും ചെയ്തു.

വെള്ളംകൊള്ളി ജങ്ഷനിൽ റോഡ് കുറുകേ വെട്ടിമുറിച്ചു. ഈ ഭാഗം വലിയ കുഴിയായി മാറിയതോടെ നാട്ടുകാർ ഇവിടെ വാഴനട്ട് പ്രതിഷേധിച്ചു. തൊട്ടടുത്ത ദിവസം കുറച്ച് മെറ്റൽ കൊണ്ടിട്ട് നിരത്തി. ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ ഇളകിത്തെറിക്കുന്നത് വലിയ ഭീഷണിയായി മാറി.

റോഡ് അറത്തുമാറ്റിയിരിക്കുന്നതിനോടുചേർന്ന് ഒരടിയിലധികം ആഴമുള്ള കുഴികളാണ് പലയിടത്തും രൂപപ്പെട്ടിട്ടുള്ളത്. ഇരുചക്രവാഹനയാത്രക്കാർ ഈ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി. മഴയുള്ള സമയങ്ങളിൽ കുഴികളുടെ ആഴം അറിയാതെ വാഹനം വശത്തേക്കിറക്കുമ്പോഴാണ് പലരും അപകടത്തിൽപ്പെട്ടത്. റോഡ് വെട്ടിപ്പൊളിച്ച ഭാഗം പഴയ നിലവാരത്തിൽ റീടാർ ചെയ്യണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.