നടപ്പാതകളില്ല; കാൽനടയാത്ര ദുരിതം

തിരുവനന്തപുരം : കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ സഞ്ചാരം ഉറപ്പാക്കേണ്ട നടപ്പാതകൾ നഗരത്തിന്റെ പല ഭാഗങ്ങളിലും കാടുകയറിയും വാഹനങ്ങളുടെ പാർക്കിങ് ഇടമായും മാറിയതോടെ കാൽനടയാത്ര ദുരിതമാകുന്നു. നടപ്പാതകൾ കൈയേറിയതോടെ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയിലാണ് കാൽനടയാത്രക്കാർ.
2022 മുതൽ 2024 വരെയുള്ള കണക്കുകൾപ്രകാരം നഗരത്തിൽ വിവിധ റോഡപകടങ്ങളിലായി 155 കാൽനടയാത്രക്കാരാണ് മരിച്ചത്. 2022-ൽ 45 ആയിരുന്ന മരണം 2023-ൽ 50 ആയും 2024-ൽ 60 ആയും ഉയർന്നു. നടപ്പാതകളുടെ അഭാവവും നിലവിലുള്ളവയുടെ അനധികൃത കൈയേറ്റവും അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്.
രാത്രിയായാൽ വഴുതക്കാട് നിന്നും പാങ്ങോട് പോകുന്ന റോഡിൽ കോട്ടൺഹിൽ സ്‌കൂളിന് സമീപം റോഡുകളിൽ നടപ്പാത കൈയേറ്റം പതിവാണ്. ഭക്ഷണശാലകളോട് ചേർന്ന് കസേരകളും മേശകളും നിരത്തി നടപ്പാത തടസ്സപ്പെടുത്തുന്നതിന് പുറമെ, ഭക്ഷണം കഴിക്കാനെത്തുന്നവർ വാഹനങ്ങൾ റോഡരികിലും നടപ്പാതയിലുമായി പാർക്ക് ചെയ്യുന്നതും പതിവാണ്. ഇതോടെ കാൽനടയാത്രക്കാർക്ക് റോഡിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് മാർഗമില്ല. ഇരുവശത്തുനിന്നും വാഹനങ്ങൾ പാഞ്ഞെത്തുന്ന റോഡിൽ അശ്രദ്ധയ്ക്ക് വലിയവില നൽകേണ്ടിവരും.
വഞ്ചിയൂർ-കൈതമുക്ക് റോഡിലും പവർഹൗസ് റോഡിലും നടപ്പാതയിലേക്ക് വാഹനങ്ങൾ കയറ്റിയുള്ള പാർക്കിങ് വ്യാപകമാണ്. തിരുമല ജങ്‌ഷനിലും സ്ഥിതി വ്യത്യസ്തമല്ല. മങ്കാട്ടുകടവ്, പേയാട്, തമ്പാനൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന തിരക്കേറിയ റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതകൾ വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്നു.
വലിയവിളയിൽനിന്ന് കുണ്ടമൺകടവിലേക്കുള്ള കൊടുംവളവും അപകടഭീഷണി നിറഞ്ഞ ഇടമാണ്. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന ഇവിടെ നടപ്പാത ഉപയോഗയോഗ്യമല്ല. തകർന്ന നടപ്പാതയിൽ അവിടവിടെ പുല്ലുവളർന്നു നിൽക്കുന്നു. രാത്രിയായാൽ മത്സ്യക്കച്ചവടക്കാരും നടപ്പാത കൈയേറുന്നതോടെ കാൽനടയാത്ര കൂടുതൽ ദുഷ്‌കരമാകും.
നഗരത്തിൽ പല ഇടങ്ങളിലും റോഡരികിലെ കടകൾ നടപ്പാത കൈയ്യേറിയിട്ടുണ്ട്. ചിലയിടങ്ങളിൽ റോഡരികിലെ എഡ്ജ് ലൈനിനപ്പുറം കാൽനടയാത്രക്കാർക്ക് ചുവടുവയ്ക്കാൻ പോലും ഇടമില്ല. നടപ്പാതയുള്ളിടത്ത് കൈയേറ്റവും പാർക്കിങ്ങും നടപ്പാതയില്ലാത്തിടത്ത് റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയും. പരാതികൾ ഉയരുമ്പോൾ താൽക്കാലികമായി ഇടപെട്ട് കൈയേറ്റം ഒഴിപ്പിക്കുന്നതല്ലാതെ പ്രശ്‌നത്തിന് സ്ഥിരപരിഹാരം കാണാത്തതും സ്ഥിതി ഗുരുതരമാക്കുന്നു.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കുകയും വാഹന പാർക്കിങ് കർശനമായി നിയന്ത്രിക്കുകയും കാടുകയറിയ നടപ്പാതകൾ അടിയന്തരമായി വൃത്തിയാക്കുകയും വേണം. അല്ലാത്തപക്ഷം നഗരത്തിലെ ഇത്തരം അശ്രദ്ധകൾ ഇനിയും എത്ര ജീവനുകൾ കൂടി കവർന്നെടുക്കുമെന്നത് കണ്ടറിയേണ്ടിവരും.