ബൈപ്പാസിൽ കാറിടിച്ച് നിയന്ത്രണംവിട്ട ലോറി ഡിവൈഡറിലിടിച്ചുകയറി

കഴക്കൂട്ടം : ബൈപ്പാസിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ലോറി ഡിവൈഡറിലും മരത്തിലും ഇടിച്ചുകയറി ഡ്രൈവർക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു.
ലോറി ഡ്രൈവർ ആലപ്പുഴ സ്വദേശി ശ്രീജിത്ത് (40), സഹായി ആലപ്പുഴ സ്വദേശി വൈശാഖ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂർ എസ്.എൻ.നഗറിന് സമീപം ചൊവ്വാഴ്ച പുലർച്ചെ നാലോടെയായിരുന്നു അപകടം.
ആലപ്പുഴയിൽനിന്ന് സോയാബീൻ കയറ്റി ചാക്കയിലെ ഗോഡൗണിലേക്ക് പോവുകയായിരുന്ന ലോറിയിലാണ് ഇതേ ദിശയിൽ വന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ലോറി ഡിവൈഡറിലേക്ക് പാഞ്ഞുകയറി അതിലുണ്ടായിരുന്ന മരത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു. അപകടത്തിൽ മുൻവശം പൂർണമായും തകർന്ന ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും കഴക്കൂട്ടം അഗ്നിരക്ഷാസേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ലോറിയിൽ ഇടിച്ച കാർ സമീപത്തുകൂടി പോയ റോഡ് റോളറിലും ഇടിച്ചശേഷമാണ് നിന്നത്. തുമ്പ പോലീസ് കേസെടുത്തു.