മരണക്കെണിയൊരുക്കി ലോറികൾ

പാറശ്ശാല : നിരത്തുകളിൽ യാത്രക്കാരുടെ ജീവന് ഭീഷണിയായി സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ചരക്കുനീക്കം വ്യാപകമാകുന്നു. മിനി ലോറികളിലും പിക്കപ്പ് വാനുകളിലും ഇരുമ്പുകമ്പികൾ ഉൾപ്പെടെയുള്ള നിർമ്മാണസാമഗ്രികൾ അപകടകരമായ രീതിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന വിധത്തിൽ കയറ്റിക്കൊണ്ടുപോകുന്നതാണ് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നത്.

വാഹനത്തിന്റെ ബോഡിക്ക് മുകളിലൂടെ പിന്നിലേക്ക് തള്ളിനിൽക്കുന്ന രീതിയിൽ കെട്ടിവെക്കുന്ന കമ്പിക്കെട്ടുകൾ പിന്നാലെവരുന്ന വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ്. ചുവന്ന നിറത്തിലുള്ള തുണിക്കഷണം കമ്പിയുടെ അറ്റത്ത് കെട്ടിത്തൂക്കിയിട്ടുണ്ടാകും. ഇത്‌ കൃത്യമായ മുന്നറിയിപ്പ്‌ സംവിധാനമോ അപകടരഹിതമോ അ​െല്ലന്ന്‌ വിദഗ്ധർ പറയുന്നു. റിഫ്ലക്ടറുകളോ മുന്നറിയിപ്പ് ലൈറ്റുകളോ ഇത്തരം വാഹനങ്ങളിൽ ഉണ്ടാകാറില്ല.

തിരക്കേറിയ റോഡുകളിലൂടെ അശ്രദ്ധമായി ചരക്കുമായി പോകുന്നത് ദുരന്തത്തിന് കാരണമായേക്കാം.

ഏറെ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന കരമന-കളിയിക്കാവിള പാതയിൽ ഇത്തരം കാഴ്ച പതിവായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. ഇരുമ്പുകമ്പിയടക്കം വാഹനത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാണ് കൊണ്ടുപോകുന്നത്. മിനി ലോറികളിലും ഓട്ടോറിക്ഷകളിലും അപകടകരമായ യാത്രയുണ്ട്. വാഹനം കയറ്റം കയറുമ്പോഴോ പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോഴോ ശരിയായി ഉറപ്പിക്കാത്ത കമ്പികൾ പിന്നിലേക്ക് തെന്നിമാറാനും താഴേക്ക് വീഴാനും സാധ്യത ഏറെയാണ്.

മോട്ടോർ വാഹനനിയമപ്രകാരം വാഹനത്തിന്റെ നീളത്തിനപ്പുറത്തേക്ക് അപകടകരമായ രീതിയിൽ ചരക്കുകൾ തള്ളിനിൽക്കാൻ പാടില്ല. പ്രത്യേക അനുമതിയോടെ ഇവ കൊണ്ടുപോകുകയാണെങ്കിൽ തള്ളിനിൽക്കുന്ന ഭാഗത്തിന്റെ അറ്റത്ത് ചുവന്ന ലൈറ്റും റിഫ്ലക്ടറുകളും നിർബന്ധമായും ഘടിപ്പിച്ചിരിക്കണമെന്നാണ് ചട്ടം.

എന്നാൽ, നിർമ്മാണമേഖലയിലേക്കുള്ള സാധനങ്ങൾ എത്തിക്കുന്ന പല വാഹനങ്ങളും ഈ നിയമങ്ങളൊന്നും പാലിക്കാറില്ല. മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് കർശനമായ പരിശോധനകളും നടപടികളും ഉണ്ടാകാത്തതാണ് നിയമലംഘനങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു.