ബാലരാമപുരത്ത്‌ മാലിന്യം സൂക്ഷിക്കാനിടമില്ല

പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതായി പരാതി

ബാലരാമപുരം : വാണിജ്യ പട്ടണത്തിലെ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാനാകുന്നില്ല. വിവിധ പ്രദേശങ്ങളിൽനിന്നു പഞ്ചായത്ത് ശേഖരിച്ചുകൊണ്ടുവരുന്ന ചപ്പുചവറുകൾ ഉൾപ്പെടെ പൊതുസ്ഥലത്ത് പഞ്ചായത്തുതന്നെ കൊണ്ടിടുന്നതായാണ് നാട്ടുകാരുടെ പരാതി. കൊടിനടയിലെ മണ്ണുമൂടി വർഷങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുന്ന കച്ചേരിക്കുളത്താണ് പഞ്ചായത്തിന്റെ വാഹനത്തിൽത്തന്നെ മാലിന്യം കൊണ്ടുതള്ളുന്നത്.

ബാലരാമപുരത്തെ വ്യാപാരസ്ഥാപനങ്ങളിൽനിന്നും, വീടുകളിൽനിന്നും ഹരിതകർമസേനാപ്രവർത്തകർ ശേഖരിച്ചുകൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാനിടമില്ലാത്തത് ഹരിതകർമസേനാപ്രവർത്തകർക്കും ഭീഷണിയാകുന്നുണ്ട്.

ഇതുവരെയായിട്ടും ഹരിതകർമസേനാ പ്രവർത്തകർക്കായി സംഭരണകേന്ദ്രം ഒരുക്കാൻ പഞ്ചായത്തിനു കഴിഞ്ഞിട്ടില്ല. ഇതുകാരണം വിവിധ പ്രദേശങ്ങളിൽനിന്നു ശേഖരിച്ചുകൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പാതയോരത്തും, പ്രവർത്തകരുടെ വീടുകളിലുമിരുന്ന് വേർതിരിച്ചെടുത്തശേഷമാണ് മിനി എം.സി.എഫുകലിൽ ഇടുന്നത്.

മിനി എം.സി.എഫുകളിൽ ഇടാൻ കഴിയാതെവരുന്നത് പാതയോരത്തും പഞ്ചായത്ത് ഓഫീസ് പരിസരത്തുമാണ് സൂക്ഷിക്കുന്നത്.

ഓഫീസ് പരിസരങ്ങളിൽ ചാക്കുകെട്ടുകൾ കൊണ്ടിടുന്നത് ഇവിടെയെത്തുന്നവരെ വലിയ ബുദ്ധിമുട്ടിലുമാക്കുന്നു. പലയിടത്തായി ചാക്കുകെട്ടുകൾ കൊണ്ടിടുന്നത് മഴക്കാലമായതോടെ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചെന്നാണ് ഹരിതകർമസേനാപ്രവർത്തകരുടെ പരാതി.

കൊടിനടയിലെ കച്ചേരിക്കുളം മാലിന്യംതള്ളുന്ന കേന്ദ്രം

വർഷങ്ങളായി മണ്ണുമൂടി ഉപയോഗശൂന്യമായിക്കിടക്കുന്ന കൊടിനടയിലെ കച്ചേരിക്കുളം മാലിന്യംതള്ളുന്ന കേന്ദ്രമായി മാറിയിട്ടു മാസങ്ങളായി. അടുത്തിടെ ഇറച്ചിമാലിന്യങ്ങൾ അടങ്ങിയ ചാക്കുകെട്ടുകളും ആശുപത്രിമാലിന്യങ്ങളുമുൾപ്പെടെ രാത്രികാലങ്ങളിൽ നിക്ഷേപിക്കുന്നത് സമീപവാസികൾക്ക് വലിയ ബുദ്ധിമുട്ടായി മാറിയിരുന്നു.

ഇതേത്തുടർന്ന് പഞ്ചായത്ത് അധികൃതർക്ക് പ്രദേശവാസികൾ പരാതിപ്പെടുകയും അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പ്രദേശത്ത് പഞ്ചായത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ക്യാമറകൾ സ്ഥാപിച്ചതോടെ രാത്രികാലങ്ങളിൽ നടന്നുവന്നിരുന്ന മാലിന്യംതള്ളൽ ഒരു പരിധിവരെ കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പഞ്ചായത്തുതന്നെ ഇവിടെ മാലിന്യം പഞ്ചായത്തുവാഹനത്തിൽ കൊണ്ടിടുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.

കച്ചേരിക്കുളത്ത് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വിവിധ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും നടപ്പാക്കാൻ കഴിഞ്ഞില്ല. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോലീസ് സ്‌റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് സ്ഥലം കണ്ടെത്തിനൽകിയത് കച്ചേരിക്കുളത്താണ്. എന്നാൽ തണ്ണീർത്തടങ്ങൾ നികത്തിയുള്ള നിർമാണത്തിനു കർശന നിയന്ത്രണങ്ങൾ വന്നതിനാൽ പോലീസ് സ്‌റ്റേഷന്റെ നിർമാണം തടസ്സപ്പെടുകയായിരുന്നു.

പൊതുചന്ത നവീകരിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം റോഡിലെ ചന്തയിലെ കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും ചന്തയുടെ പ്രവർത്തനം കച്ചേരിക്കുളത്തേക്കു മാറ്റാനും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു. എന്നാൽ കൊടിനടയിൽ കച്ചവടം നടത്താൻ വ്യാപാരികളിൽ ഒരുവിഭാഗം തയ്യാറാകാതെവന്നതോടെ അതും നടപ്പാക്കാൻ കഴിയാതെവന്നു.

എന്നാൽ പുതുതായി അധികാരത്തിലെത്തി പഞ്ചായത്ത് ഭരണസമിതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇപ്പോഴും മെല്ലപ്പോക്കു തുടരുന്നത് ഒരു വലിയ വിഭാഗം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.