അസൗകര്യങ്ങളിൽ വലഞ്ഞ് ഓഫീസ്; വീർപ്പുമുട്ടി ജീവനക്കാർ

കല്ലറ : കാലിത്തൊഴുത്തിനേക്കാൾ ശോചനീയമാണ്‌ കല്ലറ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസും പരിസരവും. ഇരിക്കാനോ നിൽക്കാനോ സ്ഥലമില്ലാതെ വീർപ്പുമുട്ടി മുപ്പതോളം ജീവനക്കാർ. പകലും പാമ്പും പഴുതാരയും മരപ്പട്ടിയും പെരുച്ചാഴിയുമൊക്കെ സ്വൈരവിഹാരം നടത്തുന്നു. മേൽക്കൂരയിലെ സീലിങ് പൊളിഞ്ഞുവീഴുന്നു. നാലു വനിതാജീവനക്കാരടക്കം മുപ്പതോളം പേർക്ക് ഒരു ശൗചാലയം. അത് ഉപയോഗയോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു.

കല്ലറ പഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് കാൽ നൂറ്റാണ്ടിന് മുൻപാണ് ഇവിടേക്ക്‌ മാറ്റിയത്. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ഈ കെട്ടിടം മുൻപ് ഖാദി ബോർഡിന്റെ കൈത്തറി യൂണിറ്റായി പ്രവർത്തിച്ചിരുന്നതാണ്. വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, പൊതുമരാമത്ത് അസി. എൻജിനീയറുടെ ഓഫീസ് എന്നിവ പഞ്ചായത്ത് ഓഫീസ് വളപ്പിലാണ് പ്രവർത്തിച്ചിരുന്നത്. വില്ലേജ് ഓഫീസ് അടുത്തകാലത്ത് കല്ലറ ബസ് സ്റ്റാൻഡിൽ നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

31,000 ഉപഭോക്താക്കളുള്ള കല്ലറ കെ.എസ്.ഇ.ബി. ഓഫീസ് ജില്ലയിലെതന്നെ കൂടുതൽ ഉപഭോക്താക്കളുള്ള സെക്ഷൻ ഓഫീസുകളിൽ ഒന്നാണ്. പ്രവർത്തനം ആരംഭിച്ച് കാൽനൂറ്റാണ്ടായിട്ടും ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്തതിൽ ജീവനക്കാർക്ക് കടുത്ത അതൃപ്തിയുണ്ട്.

ഉപയോഗശൂന്യമായ സാധനങ്ങൾകൊണ്ട് ഓഫീസ് പരിസരം നിറഞ്ഞു. ഇവിടമാകെ കാടുകയറിയിട്ടുമുണ്ട്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ആഴ്ചകൾക്കുമുൻപ് എ.ഇ.യുടെ ക്യാബിനുള്ളിൽ പാമ്പിനെ കണ്ടിരുന്നു.

പല ആവശ്യങ്ങൾക്കായി ധാരാളമാളുകൾ ദിവസവും ഈ ഓഫീസിൽ വരുന്നുണ്ട്. ഓഫീസിലെത്തുന്നവർക്ക് വിശ്രമിക്കാനോ ഇരിക്കാനോ സ്ഥലമില്ല. തെരുവുനായ്ക്കളുടെ ശല്യം കാരണം ഗേറ്റിന്റെയും ഓഫീസിലേക്ക് കയറുന്ന ഭാഗത്തെയും അറ്റകുറ്റപ്പണികൾ ബോർഡ് നടത്തിയപ്പോൾ വസ്തുവിന്റെ ഉടമസ്ഥാവകാശമുള്ള കല്ലറ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

കെ.എസ്.ഇ.ബി. ഓഫീസ് പ്രവർത്തിക്കാനുള്ള കെട്ടിടം നൽകാൻ പാങ്ങോട് പഞ്ചായത്ത് സന്നദ്ധത അറിയിച്ചതായാണ് സൂചന. കൂടുതൽ സൗകര്യങ്ങൾ ലഭ്യമായാൽ ഓഫീസ് അവിടേക്ക്‌ മാറ്റാൻ കെ.എസ്.ഇ.ബി. തയ്യാറാകുമെന്നാണ് സൂചന. അതോടെ പ്രധാന സർക്കാർ ഓഫീസ് കല്ലറയ്ക്ക് നഷ്ടമാകും. സെക്ഷൻ ഓഫീസിലെ മുപ്പത് ജീവനക്കാരുടെ തൊഴിൽക്കരം ഇനത്തിൽ ഓരോ വർഷവും കല്ലറ പഞ്ചായത്തിന് ലക്ഷങ്ങളാണ് വരുമാനം. ഓഫീസ് കല്ലറയിൽനിന്ന്‌ മാറ്റിയാൽ ഈ വരുമാനം പഞ്ചായത്തിന് നഷ്ടമാകും.