തലസ്ഥാനം ആരോഗ്യഹബ്

#ഹരിനാരായണൻ

: പല കാര്യങ്ങളിലും ലോകം ഉറ്റുനോക്കുന്നയിടമായി മലയാളനാട് മാറിയതിൽ ഏറ്റവും വലിയ പങ്ക് വഹിച്ച മേഖലയാണ് ആരോഗ്യം. അലോപ്പതി, ആയുർവേദം തുടങ്ങിയവയിലൂടെയെല്ലാം നടപ്പാക്കിയ പദ്ധതികളും സ്ഥാപനങ്ങളും കേരളത്തിന്റെ ആരോഗ്യത്തെത്തന്നെ രൂപപ്പെടുത്തി. ഈ അടിത്തറയിൽനിന്നാണ് മറ്റ് നേട്ടങ്ങളിലേക്കുള്ള സംസ്ഥാനത്തിന്റെ കുതിപ്പ്.

ആരോഗ്യരംഗത്തുണ്ടായ വളർച്ചയെക്കുറിച്ച് പറയുമ്പോൾ തലസ്ഥാനത്തെ ഒഴിവാക്കുക അസാധ്യമാണ്. മെഡിക്കൽ കോളേജുൾപ്പെടെ പല സ്ഥാപനങ്ങളും ആദ്യംവന്നത് തിരുവനന്തപുരത്താണ്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തതും അദ്ദേഹംതന്നെ ‘ആദ്യരോഗി’ യായതും ചരിത്രം. അന്നത്തെ മെഡിക്കൽ കോളേജിൽനിന്ന് ഇന്ന് തലസ്ഥാനത്തെ ആരോഗ്യരംഗം അതിവേഗം വളർന്നു. സർക്കാർ, സ്വകാര്യ മേഖലകളിൽ അത്യാധുനികമായ നിരവധി ആതുരാലയങ്ങളും സജ്ജീകരണങ്ങളും ഇന്നുണ്ട്‌.

അഭിമാനസ്തംഭങ്ങൾ

1940-കളുടെ അവസാനംതന്നെ മെഡിക്കൽ കോളേജിനെക്കുറിച്ച്‌ ആലോചനകൾ നടക്കുകയും കേരളപ്പിറവിക്കുമുൻപ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പിന്നീട് മാറിമാറി വന്ന സർക്കാരുകളുടെയെല്ലാം ശ്രമഫലമായി വളർന്ന ഇവിടമിപ്പോൾ സർക്കാർ മേഖലയിലെ ഏറ്റവും വലിയ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലൊന്നാണ്.

ഇതുപോലെയാണ് രാജ്യത്തിന് അഭിമാനകരമായ രീതിയിൽ നമ്മുടെ സ്വന്തം ശ്രീചിത്ര വളർന്നത്. മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനും ഡോ. എം.എസ്. വല്യത്താനെന്ന ദീർഘവീക്ഷണമുള്ള ഡോക്ടറും ചേർന്നപ്പോൾ ഹൃദ്രോഗ, ന്യൂറോ മേഖലകളിൽ ശ്രീചിത്ര പകരംവെക്കാനില്ലാത്ത ഇടമായി മാറി. ഇന്ന് ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം ധാരാളം പേരെത്തുന്നു. റീജണൽ ക്യാൻസർ സെന്റർ, കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള ശ്രീ അവിട്ടം തിരുനാൾ ആശുപത്രി എന്നിവയും തലസ്ഥാനത്തിന്റെ അഭിമാനസ്തംഭങ്ങളായി തലയുയർത്തി നിൽക്കുന്നു. ഇതോടൊപ്പം ആയുർവേദ, ഹോമിയോ മേഖലകളിലും തലസ്ഥാനം കൈയൊപ്പ് ചാർത്തിയിട്ടുണ്ട്.

സ്വകാര്യമേഖലയിലുണ്ടായ മുന്നേറ്റവും എടുത്തുപറയേണ്ടതാണ്. ചെറുപട്ടണങ്ങളിലെ ചെറിയ ക്ലിനിക്കുകൾ മുതൽ അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികൾ നിയന്ത്രിക്കുന്ന ആശുപത്രികൾ വരെയുണ്ട്. നഗരത്തിൽ മാത്രം പത്തോളം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ട്. പുറത്ത് താലൂക്ക് ആസ്ഥാനങ്ങളിലും സ്വകാര്യ മെഡിക്കൽ കോളേജുകളടക്കം പ്രവർത്തിക്കുന്നു. പുതിയ ആശുപത്രികളുടെ പണി നടക്കുന്നു. മെഡിക്കൽ ഹബ്ബായി തലസ്ഥാനം രൂപപ്പെടുന്ന കാഴ്ച ഈ എഴുപത് വർഷത്തിനിടയിൽ നാം കണ്ടു.

സ്വകാര്യമേഖലയുടെ വളർച്ച

ആശുപത്രികളിലുണ്ടായ ഈ വളർച്ച സ്വാഭാവികമായും ചികിത്സാരീതികളിലും പ്രതിഫലിച്ചു. സംസ്ഥാനത്ത്‌ ആദ്യമായി പല ചികിത്സാരീതികൾക്കും ശസ്ത്രക്രിയകൾക്കും വേദിയായത് തലസ്ഥാനമാണ്. കൃത്രിമ ഹൃദയവാൽവ് ഘടിപ്പിക്കൽ, കുട്ടികളിലെ ആദ്യ ഹൃദയം മാറ്റിവെയ്ക്കൽ, ആദ്യ സ്‌കിൻ ബാങ്ക് തുടങ്ങിയവ ചില ഉദാഹരണങ്ങൾ. പുതിയ സാങ്കേതികവിദ്യകൾ, രോഗനിർണയം, ചികിത്സാരീതികൾ എന്നിവയെല്ലാം സ്വാധീനിച്ചു. റോബോട്ടിക് സർജറികളും നിർമിതബുദ്ധിയുടെ സാധ്യതകളും ത്രീഡി ബയോപ്രിന്റിങും പല ആശുപത്രികളിലും ഉപയോഗിക്കുന്നു.

എഴുപത് വർഷത്തിനിടെ തലസ്ഥാനം ഒരുപാട് മാറി. പല നിർമിതികളും അപ്രത്യക്ഷമാകുകയോ മുഖംമിനുക്കുകയോ ചെയ്തു. ആഹാരരീതികളിലും ജീവിതശൈലികളിലും വന്ന മാറ്റം മൂലം രോഗികളുടെ എണ്ണം ദിവസവും കൂടി വരുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

ഇതിനനുസരിച്ചുള്ള സംവിധാനങ്ങൾ ആരോഗ്യരംഗത്തും പ്രകടമാണ്. അവയിൽ ഏറ്റവും ഒടുവിലത്തേതാണ് ജനറൽ ആശുപത്രിയെയും തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും സംയോജിപ്പിച്ചുകൊണ്ടുള്ള രണ്ടാമത്തെ മെഡിക്കൽ കോളേജ്.

തിരുത്തേണ്ട തെറ്റുകൾ

സൗകര്യങ്ങൾ വർധിച്ചപ്പോൾ ചികിത്സാപ്പിഴവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും പലപ്പോഴും ഉയർന്നുകേട്ടു. പലപ്പോഴും ജീവനുകൾ നഷ്ടപ്പെടുന്ന അവസ്ഥവരെയെത്തിയിട്ടുണ്ട്. ഇവയ്ക്ക് സർക്കാർ, സ്വകാര്യം എന്ന വേർതിരിവില്ല. ഉത്തരവാദികൾ രാഷ്ട്രീയ, സംഘടന സംവിധാനങ്ങളുടെ തണലുകളിൽ സംരക്ഷിക്കപ്പെട്ടു. ആധുനിക കാലത്ത് ഇത്തരം അനാസ്ഥകൾ ഒരിക്കലും ഭൂഷണമല്ല.