കൊങ്ങണംകോട്ടെ പാറക്കൂട്ടം അപകടഭീഷണിയിൽ

വലിയ കഷണങ്ങൾ അടർന്നുവീഴുന്നു

പനവൂർ : പനവൂർ പഞ്ചായത്തിലെ കൊങ്ങണംകോട്ടെ നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് പാതയോരത്തെ പാറക്കൂട്ടം. റോഡുപണിക്കായി പൊട്ടിച്ചെടുത്ത പാറയുടെ ശേഷിക്കുന്ന ഭാഗം നിലംപൊത്തുന്നത് വലിയ അപകടത്തിനു കാരണമാകുന്നു. പനവൂർ പഞ്ചായത്തിലെ കൊങ്ങണംകോട്-പനവൂർ റോഡും കൊങ്ങണംകോട്-ചിറപ്പതി-കരിക്കുഴി റോഡും ചേരുന്ന പ്രധാനഭാഗത്താണ് അപകടഭീഷണിയുയർത്തുന്ന പാറക്കൂട്ടം. റോഡിനോട് ചേർന്നാണ് പാറക്കൂട്ടം. അതിനാൽ, ചെറിയ പാറ വീണാൽപ്പോലും വലിയ അപകടമുണ്ടാകുന്നു. നെടുമങ്ങാട് തഹസിൽദാർക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിരവധി പരാതികൾ നൽകിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് സമീപവാസികൾ പറയുന്നു.

റോഡ് പണിയുടെ മറവിലാണ് നേരത്തെ അനധികൃതമായി പാറ പൊട്ടിച്ചുമാറ്റിയത്. അന്നു തന്നെ ഇതിന്റെ ദുരന്തഫലങ്ങൾ നാട്ടുകാരും പരിസരവാസികളും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ അതൊന്നും കരാറുകാർ ചെവിക്കൊണ്ടില്ല.

പൊട്ടിച്ച് മാറ്റിയ പാറ മുഴുവനായും നീക്കം ചെയ്തതുമില്ല. കുറേഭാഗം പാറക്കെട്ടുകൾക്കു മുകളിൽ തന്നെ വെച്ചിട്ടുപോയതും ഇപ്പോൾ അപകടത്തിനു കാരണമാകുന്നു. മഴ പെയ്ത് പായൽ പിടിച്ച് കൂറ്റൻ കല്ലുകൾ റോഡിലേക്ക്‌ വീണുതുടങ്ങി. വലിയ കല്ലുകൾ ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്.

കഴിഞ്ഞ മഴയത്ത് പൊട്ടിച്ചുമാറ്റിയ പാറയുടെ ഒരു ഭാഗം ഇടിഞ്ഞുവീണു. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്ന വഴിയാണിത്. കൂടാതെ സമീപത്തായി പത്തിലധികം വീടുകളുണ്ട്. ഇവരെല്ലാം ജീവൻ പണയം വെച്ചാണ് കഴിച്ചുകൂട്ടുന്നത്. ഈ റോഡിൽക്കൂടി സമീപത്തെ അങ്കണവാടി, പള്ളിക്കൂടം എന്നിവിടങ്ങളിലേക്ക്‌ പോകുന്ന നിരവധി കുട്ടികളുമുണ്ട്. എത്രയും വേഗം പൊട്ടിച്ച പാറകൾ നീക്കം ചെയ്തില്ലെങ്കിൽ അപകടത്തിനു കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.