ആദിവാസി ഊരുകളിലേക്ക് ദുരിതയാത്ര

പെരിങ്ങമ്മല : പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി ഉൗരുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇലഞ്ചിയം-കാട്ടിലക്കുഴി റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ ഉപയോഗിക്കുന്ന നടപ്പാതയാണ് അപകടപ്പാതയായി മാറിയത്. പരിസരവാസികൾ ചേർന്ന് പലവട്ടം റോഡ് ഗതാഗതയോഗ്യമാക്കിയെങ്കിലും ഇക്കഴിഞ്ഞ മഴയിൽ റോഡ് പൂർണമായി തകർന്നു. എത്ര നന്നാക്കിയിട്ടാലും മഴ പെയ്താൽ റോഡ് കുത്തിയൊലിച്ച് മണ്ണ് പോയി വലിയ കുഴികളാകും.
പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലി, ഇടവം വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ഗതികേട്. റോഡ് ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യം. എന്നാൽ, വനംവകുപ്പിന്റെ തടസ്സവാദങ്ങൾ ഉള്ളതിനാൽ ടാർ ചെയ്യാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. രോഗികൾക്ക് ആശുപത്രികളിൽ പോകാനും പറ്റാത്ത അവസ്ഥയാണെന്ന് ഗ്രാമവാസികൾ പറയുന്നു.
ഗ്രാമപ്പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്ത് എം.എൽ.എ. ഫണ്ടോ മറ്റ് ഏതെങ്കിലും ഫണ്ടോ വകയിരുത്തി റോഡ് കോൺക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.