അസൗകര്യങ്ങൾക്ക് നടുവിൽ പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോ

പാലോട് : ഒപ്പം തുടങ്ങിയ ഡിപ്പോകളെല്ലാം ബഹുദൂരം മുന്നേറുമ്പോഴും പാലോട് കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ സ്ഥിതി പരിതാപകരമാണ്. കുണ്ടും കുഴിയും നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ് നാട്ടുകാരുടെ നടുവൊടിക്കുന്ന നിലയിലാണ് ബസ് സ്റ്റാൻഡ്.
പെരിങ്ങമ്മല പഞ്ചായത്തിന്റെ പരിധിയിലാണ് ഡിപ്പോ. നാട്ടുകാർ വാങ്ങി നൽകിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഡിപ്പോയുടെ ഗ്രൗണ്ട് മഴക്കാലമായതോടെ ചെളിക്കളമായി മാറി. ഗാരേജും പരിസരവും വലിയ കുഴികളായി. തലയിടിക്കാതെ യാത്രക്കാർക്ക് ഡിപ്പോയിലേക്ക് കയറാനാകില്ല.
ദീർഘദൂരയാത്രകൾ കഴിഞ്ഞ് എത്തുന്ന യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഇവിടെയില്ല. ചുറ്റുമതിലുകൾ ഇല്ലാത്തതിനാൽ ഡിപ്പോയും പരിസരവും തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമാണ്.
ബസ് സ്റ്റാൻഡിൽ അടിസ്ഥാനസൗകര്യങ്ങില്ല. ബസ് കഴുകുന്നതിനുള്ള സൗകര്യങ്ങളും കുറവ്. യാത്രക്കാർക്ക് ഉപയോഗിക്കാൻ ശൗചാലയങ്ങളുമില്ല. ജനങ്ങൾക്ക് പ്രയോജനകരമായി ഓടിക്കൊണ്ടിരുന്ന നിരവധി സർവീസുകൾ വെട്ടിക്കുറച്ചു. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിലേക്കുപോലും നേരിട്ട് ഇവിടെനിന്ന് ബസ് സർവീസില്ല.
രാത്രി എട്ടുമണിക്കുശേഷം തിരുവനന്തപുരം ഭാഗത്തേക്ക് അടക്കം സർവീസുകളില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. ഒൻപത് മണിക്ക് തെങ്കാശിയിൽ നിന്നു വരുന്ന ബസ് മാത്രമാണ് ആശ്രയം. ആദിവാസിമേഖലകളിലടക്കം വേണ്ടത്ര സർവീസുകൾ ഇല്ലാത്തതുമൂലം യാത്രാക്ലേശം രൂക്ഷമായിട്ടുണ്ട്.
സ്വന്തം ഭൂമി കാടുകയറുന്നു
പാലോട്ടെ കണ്ണായ സ്ഥലത്ത് കോടികൾ വിലവരുന്ന കെ.എസ്.ആർ.ടി.സി.യുടെ ഭൂമിയും ബസ് ഗാരേജും ആർക്കും വേണ്ടാതെ കാടുകയറി നശിക്കുന്നു. തെങ്കാശിപ്പാതയിൽ മൂന്നേക്കറോളം ഭൂമിയും ആദ്യകാല ഓഫീസ് കെട്ടിടവും ഗാരേജുമാണ് കാടുകയറുന്നത്.
ഏറെ തർക്കങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് നന്ദിയോട് പഞ്ചായത്തിൽ നിന്നും പെരിങ്ങമ്മല പഞ്ചായത്തിലേക്ക് ഡിപ്പോ മാറ്റിയത്. നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും വിവിധ കാലയളവിലായി രണ്ടു കോടിയിലേറെ രൂപ പഴയ ബസ് സ്റ്റാൻഡ് സംരക്ഷണത്തിനും നവീകരണത്തിനുമായി ചെലവഴിച്ചിട്ടുണ്ട്.
വാമനപുരം ആറിന്റെ വശത്തായതിനാൽ വെള്ളപ്പൊക്കത്തിൽ കെട്ടിടം ഇടിയാതിരിക്കാൻ ലക്ഷങ്ങൾ ചെലവിട്ടാണ് പാർശ്വഭിത്തി നിർമിച്ചത്. എന്നാൽ, ഇപ്പോൾ ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലാണ്. കതകുകളും ജനലുകളും പലകാലങ്ങളിലായി മോഷണംപോയി. എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന നിലയിലാണ് ഗാരേജ്.
ഒരുകോടി പ്രതീക്ഷ നൽകുന്നു
ഗാരേജിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ഈ സർക്കാർ ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
പദ്ധതി പൂർണമാകുന്നതോടെ പാലോട് ഡിപ്പോയുടെ മുഖച്ഛായതന്നെ മാറുമെന്നാണ് പ്രതീക്ഷ. ഇതിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പൊതുമരാമത്ത് വിഭാഗം അളവെടുപ്പു നടപടികൾ പൂർത്തിയാക്കി. കാത്തിരിപ്പുകളില്ലാതെ നടപടികൾ പുരോഗമിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.