കൊമ്പന് കൊമ്പുകളിത് അതിഭാരം

ആറ്റിങ്ങൽ : നീണ്ടുവളർന്ന കൊമ്പുകളുടെ ഭാരവുമായി കഴിയുകയാണ് തിരുവാറാട്ടുകാവ് കാളിദാസൻ. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ള തലപ്പൊക്കമുള്ള രണ്ടാമത്തെ ആനയാണ് കാളിദാസൻ. ധാരാളം ആരാധകരുള്ള ആനയാണിത്.

വണ്ണമുള്ളതും വേഗത്തിൽ വളരുന്നതുമാണ് കാളിദാസന്റെ കൊമ്പുകൾ. കൊമ്പുകൾ നീണ്ടുവളർന്നാൽ ആനയ്ക്ക് തല ശരിയായി ഉയർത്താൻ വിഷമമുണ്ടാകും. അതുകൊണ്ടുതന്നെ കാളിദാസന്റെ കൊമ്പുകൾ നീണ്ടുവളർന്നുകഴിഞ്ഞാൽ ദേവസ്വംബോർഡും വനംവകുപ്പും ചേർന്ന് കൊമ്പുകളുടെ നീളം കുറയ്ക്കാറുണ്ട്.

ഇപ്പോൾ കൊമ്പുകൾ നീണ്ടുവളർന്നിട്ടും കൊമ്പ് മുറിക്കാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. തുമ്പിക്കൈയുടെ ഭാഗത്തുനിന്ന് കൊമ്പിനോടൊപ്പം ചർമ്മവും പുറത്തേക്ക് കാണാവുന്ന നിലയിലാണിപ്പോൾ ആന. ഇതിനെതിരെ ആനപ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്.

ദേവസ്വംബോർഡിന്റെ അധീനതയിലുള്ള ആനകളുടെ കൊമ്പുകൾ മുറിക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. കൊമ്പുകളുടെ നീളം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ദേവസ്വംബോർഡ് വനംവകുപ്പിന് കത്ത് നൽകണം. വനംവകുപ്പ് അധികൃതർ ആനയുടെ ആരോഗ്യനില, കൊമ്പുകളുടെ നീളം എന്നിവ വിലയിരുത്തിയതിന് ശേഷമാണ് നീളം കുറയ്ക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. ഈ നടപടികൾ നീളുന്നതിലാണ് ഇപ്പോൾ പ്രതിഷേധം ഉയർന്നിട്ടുള്ളത്.

ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ആനകളിൽ ഏക്കത്തുകയിൽ രണ്ടാംസ്ഥാനമാണ് തിരുവാറാട്ടുകാവ് കാളിദാസന്. ദേവസ്വംബോർഡ് ഈ വർഷം നിശ്ചയിച്ചിട്ടുള്ള തുകയനുസരിച്ച് സ്വകാര്യപരിപാടികൾക്ക് കാളിദാസനെ എഴുന്നള്ളിക്കുന്നതിന് 1,50,000 രൂപയാണ് മിനിമം ഏക്കത്തുക. ദേവസ്വം വക ക്ഷേത്രങ്ങളിലേക്കുള്ള എഴുന്നള്ളത്തിന് 50,000 രൂപയും നൽകണം. തീറ്റക്കൂലിയും ജീവനക്കാരുടെ ബാറ്റയും വേറെ നൽകണം. ഡിസംബർ മുതൽ മേയ് വരെയാണ് ഉത്സവ സീസൺ. എഴുന്നള്ളത്തിന് കാളിദാസനെ ആവശ്യപ്പെട്ടുകൊണ്ട് ധാരാളം ക്ഷേത്രങ്ങൾ ഓരോ വർഷവും എത്താറുണ്ട്.

സീസണിനുമുൻപ് കൊമ്പുകളുടെ നീളം കുറച്ച് ആനയുടെ ആരോഗ്യനില മെച്ചപ്പെടുത്തിയില്ലെങ്കിൽ എഴുന്നള്ളത്തുകളിൽ പങ്കെടുപ്പിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സൂചനയുണ്ട്.