ഹരിതകർമസേനാംഗങ്ങൾക്ക് ഇ-പോസ് മെഷീനുകൾ വിതരണം ചെയ്തു

നെടുമങ്ങാട് : നഗരസഭയിലെ ഹരിതകർമസേനയുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിനുവേണ്ടി ഹരിതകർമസേനാംഗങ്ങൾക്ക് ഇ-പോസ് മെഷീനുകൾ വിതരണം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിതരണ ഉദ്ഘാടനം എക്‌സിക്യുട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ് നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. ആർ.ജയദേവൻ അധ്യക്ഷനായി.
നഗരസഭയിൽ 42 വാർഡുകളിലായി 74 ഹരിതകർമസേനാംഗങ്ങളാണ് ജോലിനോക്കുന്നത്. ഇവരെ നാല് ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററിനും 16 അംഗങ്ങളും 4000 വീടുകളും 500 സ്ഥാപനങ്ങളെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അജൈവമാലിന്യങ്ങൾ ശേഖരിച്ച് റീസൈക്കിൾ ചെയ്യുന്നതിനു പുറമേ മാസത്തിൽ ഒരുദിവസം റീസൈക്കിൾ സാധ്യമല്ലാത്ത അജൈവമാലിന്യങ്ങളായ തുണി, ബാഗ്, ചെരുപ്പ്, ഇ-വേസ്റ്റുകൾ, കുപ്പിച്ചില്ല് എന്നിവയും നേരത്തേ തയ്യാറാക്കി നൽകിയ കലണ്ടർ ഷെഡ്യൂൾ പ്രകാരം ശേഖരിച്ചുവരുന്നു. വീടുകളിൽനിന്ന് 60 രൂപയും സ്ഥാപനങ്ങളിൽനിന്ന് 100 രൂപയുമാണ് ഈടാക്കുന്നത്. പനങ്ങോട്ടേലയിൽ പ്രവർത്തിക്കുന്ന ആർ.ആർ.എഫ്. കേന്ദ്രത്തിൽ മാലിന്യം തരംതിരിക്കുന്ന പ്രവൃത്തിയും നടന്നുവരുന്നുണ്ട്.
നെടുമങ്ങാട് കാനറാ ബാങ്കാണ് ഇ-പോസ് മെഷീനുകൾ സ്‌പോൺസർ ചെയ്ത് സൗജന്യമായി ഹരിതകർമസേനയ്ക്ക് നൽകിയത്. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്.എസ്.ബിജു, എം.ശ്രീകേശ്, സി.സാബു, എസ്.സബീന ബീവി, കൗൺസിലർമാരായ ജെ.കൃഷ്ണകുമാർ, ടി.അർജുനൻ, സി.എസ്.ശ്രീജ, എം.എസ്.ബിനു, ടി.ലളിത, എ.യു.അസീല ബീവി, നഗരസഭാ സെക്രട്ടറി ആർ.കുമാർ, കാനറാ ബാങ്ക് അസിസ്റ്റന്റ് മാനേജർ ഘനശ്യാം പങ്കജ്, ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി എഫ്.ജിജിമോൾ എന്നിവർ പ്രസംഗിച്ചു.