ആര്യങ്കോട് വാതകശ്മശാനത്തിന്റെ നിർമാണം ഇഴയുന്നു

വൈദ്യുതിയും വെള്ളവും എത്തിയില്ല

വെള്ളറട : കെട്ടിടം പണി പൂർത്തിയായി, യന്ത്രസാമഗ്രികളും ഏറക്കുറെ സ്ഥാപിച്ചു. എന്നിട്ടും മൂന്നുവർഷംമുൻപ്‌ പണിതുടങ്ങിയ ആര്യങ്കോട് പൊതുശ്മശാനം പൂർത്തിയാകാതെ മന്ദഗതിയിൽ നീങ്ങുന്നു. പതിറ്റാണ്ടുകളുടെ നിയമപോരാട്ടത്തിനൊടുവിൽ അനുകൂല കോടതി വിധിയിലൂടെ ഗ്രാമപ്പഞ്ചായത്തിന് തിരികെക്കിട്ടിയ വസ്തുവിലാണ്‌ വാതക ശ്മശാനം നിർമിക്കുന്നത്.

തുടലി വാർഡിലെ മീനംചിറ ആടോട്ടുകോണത്തുള്ള പഞ്ചായത്തിന്റെ വസ്തുവിലാണ് പൊതുശ്മശാനം നിർമിക്കുന്നത്. കെട്ടിടനിർമാണത്തിനായി ഗ്രാമപ്പഞ്ചായത്തിൽനിന്ന് 42 ലക്ഷം രൂപയും യന്ത്രസാമഗ്രികൾ സ്ഥാപിക്കാനായി ജില്ലാപ്പഞ്ചായത്തിൽനിന്ന് 28 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

അവശേഷിക്കുന്ന പണികൾ

കെട്ടിടം പൂർത്തിയായി യന്ത്രസാമഗ്രികൾ സ്ഥാപിച്ചെങ്കിലും വൈദ്യുതീകരണം നടത്തിയിട്ടില്ല. സമീപത്തെ എം.സി.എഫ്. കെട്ടിടത്തിൽ വൈദ്യുതി എത്തിയെങ്കിലും ശ്മശാനത്തിലെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ ത്രീഫേസ് കണക്ഷൻ ആവശ്യമാണ്‌. കൂടാതെ ജലവിതരണവും പരിഹരിച്ചിട്ടില്ല. മലിനജലം സംഭരിക്കുന്ന സെപ്റ്റിക് ടാങ്കിന്റെ പണിയും പൂർത്തിയായില്ല.

റോഡും ശോച്യനിലയിൽ

മീനംചിറയിൽനിന്ന് പൊതുശ്മശാനത്തിലേക്കു നീളുന്ന നിലവിലുള്ള പാതയും ഏറെ ശോച്യനിലയിലുമാണ്. മീനംചിറയിൽനിന്ന് സമീപ നഴ്‌സിങ് കോളേജിന്റെ ഹോസ്റ്റൽവരെയുള്ള ദൂരം റോഡിൽ ടാറിടലും കോൺക്രീറ്റും വർഷങ്ങൾക്കുമുൻപ്‌ നടത്തിയെങ്കിലും ശേഷിച്ചഭാഗം ശോച്യാവസ്ഥയിലാണ്. ഇതുവഴി കാൽനടയാത്രപോലും ദുഷ്‌കരമാണ്. കുഴികളും ചെളിയും നിറഞ്ഞ നിലയിലാണ് ഈ റോഡ്. ഇതുവഴി പോകുന്ന വാഹനങ്ങൾ ചെളിയിൽ വഴുതി അപകടങ്ങളും ഉണ്ടാകുന്നതായി പരിസരവാസികൾ പറയുന്നു.