കേരളത്തെ മതേതരമാക്കിയത് ശ്രീനാരായണ ദർശനങ്ങൾ- മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളം മതേതരമാണ് എന്ന് നമ്മൾ അഭിമാനത്തോടെ പറയുമ്പോൾ അതിന്റെ പൂർണമായ അവകാശം ശ്രീനാരായണ ഗുരുദേവനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വർക്കല ശിവഗിരിയിൽ 99-ാം ശ്രീനാരായണഗുരു സമാധിദിനാചരണവും ഒരുവർഷം നീണ്ടുനിൽക്കുന്ന സമാധി ശതാബ്ദി ആചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിമതചിന്തകളിൽനിന്നും പിന്തിരിപ്പൻ ആശയങ്ങളിൽനിന്നും കേരളത്തെ മോചിപ്പിക്കാൻ ശ്രീനാരായണഗുരു നടത്തിയ പോരാട്ടം ഈ സർക്കാർ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മതേതര മനസ്സിന് വിത്തുപാകിയത് ശ്രീനാരായണഗുരുവാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഗുരുദേവചിന്ത കേരളത്തിന്റെയാകെ മതമായി മാറി. നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ച് നടത്തി, കേരളത്തെ മുന്നോട്ടുനയിച്ചത് ഗുരുവാണെന്ന് വിശ്വസിക്കുന്ന ശ്രീനാരായണീയനാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മാനവീയതയ്ക്ക് അടിത്തറ പാകിയത് ശ്രീനാരായണഗുരുവാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.

ശ്രീനാരായണഗുരു മഹാന്മാരുടെ പൂർണരൂപം-സ്വാമി സച്ചിദാനന്ദ

: ജ്ഞാനത്തിൽ ശങ്കരാചാര്യരും സ്‌നേഹത്തിൽ ക്രിസ്തുവും അഹിംസയിൽ ശ്രീബുദ്ധനും സാഹോദര്യത്തിൽ മുഹമ്മദ് നബിയും ഭരണനൈപുണ്യതയിൽ മനുവും യോഗത്തിൽ പതഞ്ജലിയുമായ ശ്രീനാരായണഗുരു മഹാത്മാക്കളുടെയെല്ലാം പൂർണരൂപമായിരുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷനായ ധർമസംഘംട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണഗുരുവില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നാണ് ഗുരു സമാധിയായപ്പോൾ ‘മാതൃഭൂമി’ ദിനപത്രം എഡിറ്റോറിയൽ എഴുതിയത്. ഗുരുവിന്റെ മഹിമാവിശേഷം ഇതിൽനിന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ- സ്വാമി സച്ചിദാനന്ദ പറഞ്ഞു.

സമാധിദിനാചരണത്തിൽ എം.എൽ.എ.മാരായ വി.ജോയി, വിദ്യാ ബാലകൃഷ്ണൻ, വർക്കല നഗരസഭാ അധ്യക്ഷ ഗീതാ ഹേമചന്ദ്രൻ, ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ, സംഘം ട്രഷറർ സ്വാമി ശാരദാനന്ദ, ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ, മഹാസമാധി ദിനാചരണ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, സ്വാമി പരാനന്ദ എന്നിവർ സംസാരിച്ചു.

സ്വാമി സച്ചിദാനന്ദ എഴുതിയ ‘ദിവ്യശ്രീ ബോധാനന്ദ സ്വാമികൾ’, എന്ന പുസ്തകം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ. പുസ്തകം സ്വീകരിച്ചു. സ്വാമി അവ്യയാനന്ദ എഴുതിയ ‘പ്രസംഗവും പ്രാർഥനയും’ എന്ന പുസ്തകം വർക്കല നഗരസഭാ അധ്യക്ഷ ഗീതാ ഹേമചന്ദ്രനു കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശനംചെയ്തു.

സ്വാമി ധർമാനന്ദ രചിച്ച ‘ശ്രീനാരായണ പരമഹംസദേവൻ’ എന്ന പുസ്തകം മന്ത്രി ടി. സിദ്ദിഖ് പ്രകാശനം ചെയ്തു. വി. ജോയി എം.എൽ.എ. പുസ്തകം സ്വീകരിച്ചു.