സംരക്ഷണഭിത്തിയില്ല; ഇലങ്കത്തറക്കുന്നിൽ യാത്ര അപകടഭീതിയിൽ

സംരക്ഷണഭിത്തിയില്ലാത്ത ഇലങ്കത്തറ റോഡ്‌
സംരക്ഷണഭിത്തിയില്ലാത്ത ഇലങ്കത്തറ റോഡ്‌

നേമം: കൈമനം-തിരുവല്ലം റോഡിൽ മധുപ്പാലത്തിനടുത്തുള്ള ഇലങ്കത്തറക്കുന്ന് നാട്ടുകാർക്ക് ദുരിതം. മൂന്ന്‌ മീറ്റർ മാത്രം വീതിയുള്ള കോൺക്രീറ്റ് റോഡിലൂടെയാണ് ഇലങ്കത്തറ കുന്നിലേക്ക്‌ കയറ്റംകയറിച്ചെല്ലുന്നത്. പ്രധാന റോഡിൽനിന്ന് പന്ത്രണ്ടടി ഉയരത്തിലാണ് ഇലങ്കത്തറ റോഡിന്റെ മുകൾഭാഗത്തെ ഒരു വശം.

കൈവരിയില്ലാത്തതിനാലും സംരക്ഷണഭിത്തിയില്ലാത്തതിനാലും വളരെ അപകടകരമായാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. ഇരുവശത്തുനിന്ന്‌ ഒരേസമയം വാഹനങ്ങളെത്തിയാൽ ഏതെങ്കിലും ഒരുവാഹനം പുറകോട്ട് എടുത്താൽമാത്രമേ കടന്നുപോകാനാകൂ. പലതവണ വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പലരെയും രക്ഷപ്പെടുത്തിയിട്ടുമുണ്ട്. മറിയുന്ന വാഹനങ്ങൾ കാടുംപടർപ്പിലും കുരുങ്ങിനിൽക്കുന്നതിനാലാണ് താഴ്ചയിലേക്കു പോകാത്തത്.

കുന്നിനു മുകളിൽ ഏകദേശം മുന്നൂറോളം കുടുംബങ്ങൾ താമസമുണ്ട്. റോഡിന്റെ ഈ സാഹചര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ എട്ടുവർഷമായി കോർപ്പറേഷൻ അധികാരികൾമുതൽ മുഖ്യമന്ത്രിക്കുവരെ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മുൻപ്‌ ഇരുമ്പുകൈവരി സുരക്ഷയ്ക്കായി നിർമിച്ചിരുന്നെങ്കിലും വർഷങ്ങൾക്കു മുൻപ്‌ നശിച്ചുപോയി. ഈ ഭാഗത്ത് ഇപ്പോൾ കാടുകയറിക്കിടക്കുകയാണ്. കയറ്റവും ഇറക്കവുമായതിനാൽ മഴയത്ത് വഴുതിയുള്ള അപകടങ്ങളും പതിവാണ്.

2018-ൽ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ അപകടസാധ്യത കണക്കിലെടുത്ത് അഞ്ച്‌ മീറ്റർ വീതിയിൽ റോഡ് പുനർനിർമിച്ച് സംരക്ഷണഭിത്തി നിർമിക്കണമെന്ന് കമ്മിഷൻ ചുമതലപ്പെടുത്തിയ തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ റിപ്പോർട്ട് നൽകിയിരുന്നു. സംരക്ഷണഭിത്തി നിർമിക്കാൻ ഫണ്ട് അനുവദിച്ച് കോർപ്പറേഷൻ നടപടികൾ തുടങ്ങിയെങ്കിലും ഭിത്തി നിർമാണത്തിനെതിരേ ഒരു വ്യക്തി കോടതിയിൽനിന്ന്‌ സ്റ്റേ വാങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി വ്യവഹാരങ്ങളിൽ കുടുങ്ങി ഈ റോഡിന് ശാപമോക്ഷം കിട്ടാതെകിടക്കുകയാണ്. കേസിൽ തുടർനടപടികളെടുക്കാതെ കോർപ്പറേഷൻ മെല്ലെപ്പോക്ക് നടത്തുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

ജനങ്ങളുടെ ജീവനു സംരക്ഷണം ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ മനുഷ്യാവകാശ കമ്മിഷൻ രണ്ട് ഉത്തരവുകളാണ് കോർപ്പറേഷനു നൽകിയത്. റോഡിന്റെ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ എം.എൽ.എ.ക്കും നാട്ടുകാർ പരാതി നൽകിയിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞുതുടങ്ങിയ കോൺക്രീറ്റ് റോഡ് വീതി കൂട്ടി ടാറിട്ട് സംരക്ഷണഭിത്തി നിർമിക്കുന്നതിന് അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Content Highlights: Residents of Ilankatharakunnu in Nemom face extreme risk traveling on a steep, narrow road lacking retaining walls and safety barricades.