ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തോട്ടിലേക്ക് വീണ് കത്തിനശിച്ചു

പൂവച്ചൽ ആനാകോട് കോണിനടയിൽ ഓട്ടോറിക്ഷ. നിയന്ത്രണംവിട്ട് തോട്ടിലേക്ക് വീണ് കത്തിയ അപകടം.
പൂവച്ചൽ ആനാകോട് കോണിനടയിൽ ഓട്ടോറിക്ഷ. നിയന്ത്രണംവിട്ട് തോട്ടിലേക്ക് വീണ് കത്തിയ അപകടം.

കാട്ടാക്കട: പൂവച്ചൽ ആനാകോട് കോണിനടയിൽ ഓട്ടത്തിനിടെ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷ കത്തിനശിച്ചു. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കോണിനട തോട്ടിൽ രാത്രി 12.30-ഓടെയായിരുന്നു അപകടം.

ഡ്രൈവർ കരമന മേലാറന്നൂർ സ്വദേശി ബാദുഷ അപകടമുണ്ടായ ഉടൻ വണ്ടിയിൽ നിന്നും ചാടിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. വിമാനത്താവളത്തിൽ നിന്ന് തമ്പാനൂരിൽ എത്തി സവാരി വിളിച്ച യാത്രക്കാരനെ വീട്ടിലെത്തിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

കാട്ടാക്കട അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ കെടുത്തി. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി ഡ്രൈവർ ബാദുഷയെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും, ഓട്ടോറിക്ഷയിലിരുന്ന് സിഗരറ്റ് വലിക്കുന്നതിനിടെ അപകടം നടന്നതിനാലാണ് തീ പടർന്നതെന്ന് സംശയിക്കുന്നതായും കാട്ടാക്കട പോലീസ് പറഞ്ഞു.

Content Highlights: An autorickshaw caught fire after falling into a stream near Kattakkada; the driver escaped unhurt and was detained by the police.