AI എന്ന ആശയത്തിന് പിന്നിലെ ശാസ്ത്രജ്ഞൻ, സ്വവര്‍ഗാനുരാഗത്തിനുള്ള ശിക്ഷ ഷണ്ഡത്വം, സയനൈഡ് ആപ്പിള്‍ കഴിച്ച് അവസാനിപ്പിച്ച ജീവിതം

#സജ്‌ന ആലുങ്ങല്‍
അലൻ ട്യൂറിങ്ങിന്റെ പഴയകാല ചിത്രം/ അലൻ ട്യൂറിങ്ങ്‌ | Photo: www.turing.org.uk/ reuters
അലൻ ട്യൂറിങ്ങിന്റെ പഴയകാല ചിത്രം/ അലൻ ട്യൂറിങ്ങ്‌ | Photo: www.turing.org.uk/ reuters

നിര്‍മിത ബുദ്ധിയുടെ പലതരം സാധ്യതകളാണ് നമ്മുടെ മുന്നില്‍ വിശാലമായി തുറന്നിട്ടിരിക്കുന്നത്. വീട്ടിലെ ഒരംഗത്തെപ്പോലെ എഐ ചാറ്റ്‌ബോട്ടുകളോട് ആളുകള്‍ സംസാരിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എഐയുടെ ഈ സാധ്യകളെപ്പറ്റി പറഞ്ഞ ശാസ്ത്രജ്ഞനാണ് അലന്‍ ട്യൂറിങ്. 1950-ല്‍ അദ്ദേഹം അവതരിപ്പിച്ച 'കമ്പ്യൂട്ടര്‍ മെഷീനറി ആന്റ് ഇന്റലിജന്‍സ്' എന്ന പ്രബന്ധം പുതിയ വഴിത്തിരിവാണുണ്ടാക്കിയത്. മെഷീനുകള്‍ക്ക് ചിന്തിക്കാനാകുമോ? എന്ന ചോദ്യം ട്യൂറിങ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. 'ഒരു കമ്പ്യൂട്ടറിന് മനുഷ്യനെക്കൊണ്ട് അതൊരു മനുഷ്യനാണെന്ന് തോന്നിപ്പിക്കാന്‍ കഴിയുന്ന നിമിഷം ആ കമ്പ്യൂട്ടര്‍ ഇന്റലിജന്റ് ആണെന്ന് പറയാന്‍ സാധിക്കും' എന്നാണ് ട്യൂറിങ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ആശയം കൂടുതല്‍ വികസിച്ചുവന്നു. ആളുകള്‍ എഐയെ ആശ്രയിച്ച് ജീവിക്കുന്ന അവസ്ഥ വരെ വന്നു. ഇതിനൊപ്പം രണ്ടാം ലോകമഹായുദ്ധ കാലത്തും ട്യൂറിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായി. ജര്‍മനിയും സഖ്യകക്ഷികളും ഉപയോഗിക്കുന്ന എനിഗ്മ കോഡുകള്‍ അദ്ദേഹം വായിച്ചെടുത്തു. യുദ്ധത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍വരെ അത് സഹായിച്ചു.

എന്നാല്‍ സിനിമാക്കഥകളെ പോലും വെല്ലുന്ന ഒരു ദുരന്തജീവിതമാണ് ട്യൂറിങ്ങിനെ കാത്തിരുന്നത്. 41-ാം വയസില്‍ അദ്ദേഹം സയനൈഡ് പുരട്ടിയ ഒരു ആപ്പിള്‍ കഷ്ണം കഴിച്ച് ജീവിതം അവസാനിപ്പിച്ചു. സ്വവര്‍ഗാനുരാഗിയായ ട്യൂറിങ്ങിനെ അംഗീകരിക്കാന്‍ അന്നത്തെ ബ്രിട്ടനിലെ നിയമം അനുവദിക്കുമായിരുന്നില്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 'കെമിക്കല്‍ കാസ്റ്ററേഷന്‍' നടത്തുകയും ചെയ്തു. അതുകഴിഞ്ഞ് രണ്ട് വര്‍ഷം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. പരിഹാസങ്ങളും വേദനകളും അവഗണനകളും സഹിക്കാനാകാതെ അദ്ദേഹം ഒരു രാത്രി തന്റെ മരണത്തിനായി തിരഞ്ഞെടുത്തു. രാജ്യത്തിനുവേണ്ടി ചെയ്ത സേവനങ്ങള്‍ ഒരിടത്തുപോലും ആരും പരാമര്‍ശിക്കപ്പെടാതെ, പരിഗണിക്കപ്പെടാതെ ഇരിക്കുകയും യൂറോപ്പ് മുഴുവന്‍ താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന രഹസ്യം വിളിച്ചുകൂവുകയും ചെയ്തതോടെ ഇനിയങ്ങോട്ടൊരു ജീവിതമില്ലെന്ന് അദ്ദേഹം ഉറപ്പിക്കുകയായിരുന്നു.

Content Highlights: father of modern computer alan turing lifestory

Continue reading