ലോക ഛിന്നഗ്രഹ ദിനം: ഭൂമിയെ കാക്കാൻ ഇന്ത്യക്കും വേണം 'ഡാർട്ട്' സാങ്കേതികവിദ്യ

#പ്രൊഫ. അശ്വിൻ ശേഖർ
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

1908-ൽ ഇതുപോലൊരു ജൂൺ 30-ന് രാവിലെ ഭൂമിയുടെ ചരിത്രത്തിൽത്തന്നെ ഇടംനേടിയ പ്രത്യേക പ്രതിഭാസമുണ്ടായി. റഷ്യയിലെ സൈബീരിയൻ പ്രദേശത്തുള്ള ടങ്‌സ്‌കാ നദിയുടെ തീരത്തെ വലിയ കാട് നിമിഷനേരംകൊണ്ട് കത്തിച്ചാമ്പലായി. ലക്ഷക്കണക്കിന് വൻമരങ്ങൾ പൊടുന്നനെ ആവിയായിപ്പോയി. ആൾത്താമസം കുറഞ്ഞ സ്ഥലമായതിനാൽ ആരും കൊല്ലപ്പെട്ടില്ല. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിന്റെ കാരണം അവിടത്തെ ജനങ്ങൾക്ക് മനസ്സിലായില്ല.

ആകാശത്തിൽനിന്നുവന്ന ഒരു ചെറിയ ഛിന്നഗ്രഹമാണ് കാട്ടുതീ പടർത്തിയതെന്ന് കുറെ വർഷങ്ങൾക്കുശേഷമാണ് ജ്യോതിശ്ശാസ്ത്രജ്ഞരും ഭൗമശാസ്ത്രജ്ഞരും തീർച്ചപ്പെടുത്തിയത്.

എല്ലാ വർഷവും ജൂൺ 30-ന് ലോക ഛിന്നഗ്രഹ ദിവസമായി ആചരിക്കാൻ ഡിസംബർ 2016-ലാണ് ഐക്യരാഷ്ട്രസഭ ആഹ്വാനംചെയ്തത്. ഉൽക്കകൾ, ധൂമകേതുക്കൾ, ഛിന്നഗ്രഹങ്ങൾ എന്നിവയിൽനിന്ന് ഭൂമിക്കുണ്ടാവുന്ന ഭീഷണിയെക്കുറിച്ച് പൊതുജനത്തിന് ബോധവത്കരണം നൽകുക എന്നതാണ് ലക്ഷ്യം.

ദിനോസറുകളുടെ

വംശനാശം

വിവിധ വികസിതരാജ്യങ്ങളിലെ രാഷ്ട്രീയക്കാർ ജ്യോതിശ്ശാസ്ത്രജ്ഞരോട് ചോദിക്കുന്ന ചോദ്യമുണ്ട്. എന്തിനാണ് ഭൂമിക്കുപുറത്തുള്ള ആകാശത്തിലെ പാറക്കഷണങ്ങളെ പഠിക്കാൻ മനുഷ്യർ മുതൽമുടക്കുന്നത്? അതിനു ജ്യോതിശ്ശാസ്ത്രജ്ഞർ തിരിച്ചുകൊടുക്കുന്ന ഒരു മറുപടിയുണ്ട്. ദിനോസറുകൾക്കു വംശനാശം സംഭവിച്ചത് അവർ ഇതിൽ ഇൻവെസ്റ്റ് ചെയ്യാത്തതുകൊണ്ടാണ്.

നർമത്തിൽക്കലർന്ന ഉത്തരമാണെങ്കിലും ഇതിൽ അല്പം കാര്യമുണ്ട്. ഏകദേശം 65 മില്യൺ വർഷങ്ങൾക്കുമുൻപ്‌ ഭൂമിയെ ഭരിച്ചിരുന്ന ഭീമന്മാരായ ദിനോസറുകൾ കീഴടങ്ങിയത് ആകാശത്തിൽനിന്നുവന്ന ഒരു ഛിന്നഗ്രഹത്തിനു മുന്നിലാണ്. ഏതാണ്ട് 10 കിലോമീറ്റർ മാത്രം വലുപ്പംവരുന്ന ഒരു പാറക്കഷണത്തിന് ഭൂമിയിൽ വംശനാശം സൃഷ്ടിക്കാമെങ്കിൽ, ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുമ്പോൾ ഉണ്ടാവുന്ന ഊർജത്തെക്കുറിച്ച് ഊഹിക്കാമല്ലോ.

ജാഗ്രതയോടെ

ദൂരദർശിനികൾ

ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കാനും പഠിക്കാനും പ്രത്യേക ദൂരദർശിനികൾ ആവശ്യമാണ്. അമേരിക്കയുടെ ഹവായി ദ്വീപിൽ സ്ഥിതിചെയ്യുന്ന പാൻസ്റ്റാർസ് ദൂരദർശിനി ഇതിനായി നിർമിക്കപ്പെട്ടതാണ്. ഒരു കിലോമീറ്ററിനു മുകളിൽ വലുപ്പമുള്ള ഒട്ടുമിക്ക ഛിന്നഗ്രഹങ്ങളും നമ്മുടെ ഡേറ്റാബേസിലുണ്ട്. അവ സ്ഥിതിചെയ്യുന്ന സ്ഥലം, അവയുടെ വേഗം, ഭ്രമണപഥം എന്നിവ വ്യക്തമാണ്. അതുകൊണ്ട് വലിയ ഛിന്നഗ്രഹങ്ങളെക്കുറിച്ച് കൂടുതൽ ആശങ്കപ്പെടേണ്ടതില്ല. എന്നാൽ, ഒരു കിലോമീറ്ററിന് താഴെ വലുപ്പമുള്ള ഛിന്നഗ്രഹങ്ങളിൽ അറിയപ്പെടാത്ത വില്ലന്മാരുണ്ട്. അവ എപ്പോൾ എവിടെനിന്നും വരാം. അവയിൽ പലതും നമ്മുടെ ചിട്ടയ്ക്കൊത്ത് ആടുന്നവരല്ല. 2026 മേയ് 30-ന് അമേരിക്കയിലെ ബോസ്റ്റൺ പ്രദേശത്തു കണ്ടുവന്ന ആകാശത്തിലെ തീഗോളം ഇതിനുദാഹരണമാണ്. ഒരുപാടുപേർ വല്ലാതെ ഭയന്നു. യുദ്ധം നടക്കുന്നതിനാൽ മിസൈലാണെന്ന് തെറ്റിദ്ധരിച്ചു. യഥാർഥത്തിൽ അഞ്ചടി വലുപ്പംമാത്രമുള്ള ഒരു ഛിന്നഗ്രഹമായിരുന്നു അത്. ഒരു ആന ഏകദേശം മണിക്കൂറിൽ 1,20,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നത് സങ്കല്പിച്ചാൽ, നിങ്ങൾക്ക്‌ അതിന്റെ ഊർജം ഊഹിക്കാം. ഭാഗ്യവശാൽ ഈ ഛിന്നഗ്രഹം അന്തരീക്ഷത്തിൽ 60 കിലോമീറ്റർ മുകളിൽവെച്ചാണ് പൊട്ടിയത്. അതുകൊണ്ട് ഭൂമിയിൽ നാശനഷ്ടങ്ങളുണ്ടായില്ല.

2013 ഫെബ്രുവരി 15-ന് രാവിലെ റഷ്യിലെ ചെലയബിൻസ്‌ക് നഗരത്തിൽ സംഭവിച്ചത് ഇതിലും ഭയാനകമായിരുന്നു. 15 മീറ്റർ മാത്രം വലുപ്പംവരുന്ന ഒരു ഛിന്നഗ്രഹം അന്തരീക്ഷത്തിൽ സൃഷ്ടിച്ച സ്ഫോടനം കാരണം നൂറുകണക്കിന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ പറ്റി. ആയിരക്കണക്കിനുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും ഒടുവിൽ മാർച്ച് മൂന്നിന് ഇന്ത്യയിലെ മഹാരാഷ്ട്രയിലും ഒരു ചെറിയ ഉൽക്കാശില (ഏകദേശം 300 ഗ്രാം തൂക്കം) വന്നുവീഴുകയുണ്ടായി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അവരുടെ ശേഖരത്തിൽ അത് ഉൾപ്പെടുത്തി.

ഡാർട്ട്, ഹേരാ

ദൗത്യങ്ങൾ

ഭൂമിക്ക് ഛിന്നഗ്രഹങ്ങളിൽനിന്നുള്ള ഭീഷണി തടയാനും ഭാവിയിൽ ഭൂമിയെ രക്ഷിക്കാനുംവേണ്ടി വിവിധ രാജ്യങ്ങൾ ഈ മേഖലയിൽ കാര്യമായി ഗവേഷണം ചെയ്തുവരുന്നുണ്ട്. ആ ഗവേഷണങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് നാസയുടെ ഡാർട് മിഷൻ, ഈസയുടെ ഹേരാ മിഷൻ എന്നിവ. ഈ രണ്ടു പദ്ധതികളുടെയും തത്ത്വം ഒന്നുതന്നെയാണ്. ഒരു ചെറിയ ആണവായുധം ഘടിപ്പിച്ച് ഒരു ബഹിരാകാശപേടകം ഛിന്നഗ്രഹത്തിലേക്കയക്കുക. അതുവഴി ഛിന്നഗ്രഹത്തിൽ ഒരു ചെറിയ സ്ഫോടനം സൃഷ്ടിച്ച് അതിന്റെ ഗതി മാറ്റിവിടുക. ഭ്രമണപഥത്തിലെ ചെറിയ വ്യതിയാനങ്ങൾ കാരണം ഭൂമിയിൽ ഇടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹം ഗതിമാറിപ്പോവും. ആകാശത്തിലെ ഡാർട് കളി പോലെ.

ഈ ആകാശത്തെ ഡാർട് വിദ്യ എല്ലാ രാജ്യങ്ങളും ഭൂമിയുടെ സുരക്ഷിതത്വത്തിന് ഒറ്റക്കെട്ടായി ഉപയോഗിക്കണം എന്നാണ് ഐക്യരാഷ്ട്രസഭയുടെ സ്വപ്നവും വീക്ഷണവും. ഒരു ഛിന്നഗ്രഹം നമ്മുടെ രാജ്യത്തിനുനേരേ വരുന്നു എന്ന് കണ്ടുപിടിച്ചാൽ മറ്റുള്ള രാജ്യങ്ങൾ നമ്മളെ രക്ഷിക്കാൻ വന്നോളണം എന്ന് ഒരു ഉറപ്പുമില്ല. അതുകൊണ്ടുതന്നെ ഇന്ത്യയും ഈ ആകാശത്തിലെ ഡാർട് വിദ്യയിൽ ശ്രദ്ധചെലുത്തി നിക്ഷേപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തിന് സ്വന്തമായി ഇതിനുള്ള സാങ്കേതികവിദ്യ ഇല്ലെങ്കിൽ മറ്റുള്ള രാജ്യങ്ങൾ നമ്മളെ രക്ഷിക്കാൻവേണ്ടി ഇടുന്ന വില വളരെ വലുതാവും. അത് നമ്മുക്ക് മെച്ചമാവണമെന്നില്ല.

ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ഉൽക്ക ശാസ്ത്രജ്ഞനാണ് ലേഖകൻ.

Content Highlights: As the world observes Asteroid Day, understanding historical meteor strikes highlights the critical need for India to independently invest in planetary defense technologies, like NASA's DART mission, to protect itself from unpredictable space threats.