ഭൂമിയ്ക്കും ചന്ദ്രനും ഭീഷണിയായി ഒരു ഛിന്നഗ്രഹം; ഭീമന്‍ അണുബോംബിട്ട് തകര്‍ക്കാന്‍ പദ്ധതിയുമായി നാസ

ചന്ദ്രനെ രക്ഷിക്കാന്‍ ഒരു ഛിന്നഗ്രഹത്തെ അണുബോംബിട്ട് തകര്‍ക്കുക എന്ന് കേള്‍ക്കുമ്പോള്‍ അതൊരു ശാസ്ത്ര സങ്കല്‍പ്പ സിനിമയായിരിക്കാം എന്ന് തോന്നിയേക്കാം. എന്നാല്‍ അങ്ങനൊരു ആലോചനയിലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കണ്ടെത്തിയ 2024 വൈആര്‍ 4 എന്ന ഛിന്നഗ്രഹമാണ് ഇവിടെ വില്ലന്‍. ശൂന്യാകാശത്തൂകൂടി അതിവേഗം കുതിക്കുന്ന ഈ ഭീമന്‍ ശിലാരൂപം 2032 ല്‍ നമ്മുടെ ഭൂമിയില്‍ വന്ന് പതിക്കുമെന്ന ആശങ്ക ശക്തമാണ്.
53 മീറ്റര്‍ മുതല്‍ 67 മീറ്റര്‍വരെ ഇതിന് വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ മൂന്ന് ശതമാനം സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന് സാധ്യതവളരെ കുറവാണെന്നും ഭൂമിക്ക് പകരം ചന്ദ്രനില്‍ പതിക്കാനാണ് സാധ്യത കൂടുതലെന്നുമാണ് നിരീക്ഷണം.
2024 വൈആര്‍ 4 ഛിന്നഗ്രഹം ചന്ദ്രനില്‍ പതിച്ചാല്‍ എന്ത് സംഭവിക്കും ?
2024 വൈആര്‍ 4 ഛിന്നഗ്രഹം ചന്ദ്രനില്‍ പതിച്ചാല്‍ ലൂണാര്‍ ഇജക്ട എന്ന പ്രതിഭാസത്തിലേക്ക് അത് നയിച്ചേക്കും. എന്താണ് ഈ പ്രതിഭാസം? ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിച്ചിറങ്ങുന്നതോടെ ചന്ദ്രോപരിതലത്തിലെ പൊടിയും ചെറു പാറകളും ഉള്‍പ്പെടുന്ന ബാഹ്യപാളി ഉയര്‍ന്ന് പൊങ്ങുകയും അത് ചെറു ഉല്‍ക്കാവശിഷ്ടങ്ങളായി ഭൂമിയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വ്യാപിക്കുകയും ചെയ്യും. നിരവധി ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും ബഹിരാകാശ യാത്രാ ദൗത്യങ്ങളും ഉള്‍പ്പടെ നടക്കുന്ന ഈ ഭ്രമണപഥ മേഖലയിലേക്ക് പുറത്തുനിന്നുള്ള ഈ അവശിഷ്ടങ്ങള്‍ എത്തുന്നത് വലിയ നാശ നഷ്ടങ്ങളിലേക്ക് നയിച്ചേക്കും.
പ്രതിരോധം അനിവാര്യം
ചന്ദ്രനിലോ ഭൂമിയിലോ ഛിന്നഗ്രഹം വന്നു പതിച്ചാലുള്ള ഭീഷണി തടയുന്നതിനായി രണ്ട് വഴികളാണ് ശാസ്ത്രലോകം തേടുന്നത്. ഒന്നുകില്‍ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പഥം മാറ്റുക, അല്ലെങ്കില്‍ പൂര്‍ണമായി തകര്‍ത്തുകളയുക. ഇതിനായി ഡാര്‍ട്ട് ദൗത്യത്തിന് സമാനമായ പദ്ധതി ശാസ്ത്രജ്ഞര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ അത് പ്രായോഗികമാവില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഛിന്നഗ്രഹത്തിന്റെ പിണ്ഡം എത്രയാണെന്നത് സംബന്ധിച്ച കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ അതിനെ വഴി മാറ്റാനുള്ള ശ്രമം ചിലപ്പോള്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് കൂടുതല്‍ ഭീഷണിയായേക്കാമെന്ന് നിരീക്ഷിക്കപ്പെടുന്നു.
ആണവായുധ പ്രയോഗം
100 കിലോടണ്‍ ഭാരമുള്ള അണുബോംബുകള്‍ വിക്ഷേപിച്ച് ഛിന്നഗ്രഹത്തെ തകര്‍ക്കാനും ശാസ്ത്രജ്ഞര്‍ ആലോചിക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബിനേക്കാള്‍ എട്ടിരട്ടിയോളം ശേഷിയുള്ളതായിരിക്കും ഈ ബോംബ്.
യഥാര്‍ത്ഥത്തില്‍ 2025 വൈആര്‍ 4 ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ നിലവില്‍ മനുഷ്യരുടെ പക്കലുള്ള 1 മെഗാടണ്‍ അണുബോംബ് തന്നെ ധാരാളമാണ്. ഛിന്നഗ്രഹത്തില്‍ അണുബോംബിട്ട് നമ്മള്‍ പരീക്ഷിച്ചിട്ടില്ലെങ്കിലും, 1960കളില്‍ ബഹിരാകാശത്ത് വെച്ച് ആണുവിസ്‌ഫോടന പരീക്ഷണം നടത്തിയിട്ടുണ്ട്.
ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ മാത്രമേ ശാസ്ത്രലോകം അണുബോംബ് എന്ന മാര്‍ഗം സ്വീകരിക്കുകയുള്ളൂ.
Content Highlights: NASA scientists propose nuking asteroid 2024 YR4, discovered in December 2024, with a 4% chance of hitting the Moon in 2032, using two 100-kiloton nuclear devices—eight times stronger than Hiroshima bombs—to fragment it and prevent lunar ejecta debris threatening Earth-orbit satellites and missions.