ചൊവ്വയിൽ കണ്ടെത്തിയ വസ്തു എന്താണ്? മനുഷ്യനിർമിതമോ? ചോദ്യമുയർത്തി ഏവി ലോബ്

ശാസ്ത്രജ്ഞർക്കിടയിൽ ചർച്ചയ്ക്ക് വഴിവെച്ച് ചൊവ്വയിൽ കണ്ടെത്തിയ നിഗൂഢ വസ്തു. 20 സെന്റീമീറ്റർ നീളവും പരന്ന അടിഭാഗവും കൂർത്ത അഗ്രവുമുള്ള ഇതിന്റെ ദൃശ്യം 2022-ൽ ഗെയ്ൽ ഗർത്തം പര്യവേക്ഷണം ചെയ്യുന്നതിനിടെ ക്യൂരിയോസിറ്റി റോവർ പകർത്തിയിരുന്നു. എന്നാൽ അടുത്തിടെ ഹാർവാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഏവി ലോബ് ഇതേക്കുറിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചതോടെയാണ് ഇത് വീണ്ടും ശ്രദ്ധാകേന്ദ്രമായത്.
'ഈ നിഗൂഢ സിലിണ്ടർ മനുഷ്യനിർമ്മിത അവശിഷ്ടങ്ങളാണെന്ന് കരുതി മുന്നോട്ട് പോകണോ അതോ ഇതിന്റെ ഉറവിടം വ്യത്യസ്തമാണോ എന്ന് കണ്ടെത്താൻ റോവറിനെ തിരികെ അയക്കണോ?' ലോബ് പോസ്റ്റിൽ ചോദിച്ചു. വസ്തുവിനെ സൂക്ഷ്മമായി പരിശോധിക്കാൻ റോവറിനെ അയക്കാൻ ലോബ് നാസയോട് അഭ്യർത്ഥിച്ചു. ഇത് മനുഷ്യനിർമ്മിത അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ടതാകാനാണ് സാധ്യതയെന്നും ലോബ് എഴുതി. ഈ നിഗൂഢ വസ്തുവിനെക്കുറിച്ചുള്ള അന്വേഷണം അതിന്റെ ഉറവിടത്തെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ച നൽകിയേക്കാം. നാസയ്ക്ക് നൽകുന്നത് നികുതിദായകരുടെ പണമാണ്. ക്യൂരിയോസിറ്റിയുടെ പ്രധാന ലക്ഷ്യം ഈ നിഗൂഢ സിലിണ്ടറിന്റെ ഉറവിടം മനസിലാക്കുക എന്നതായിരിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൊവ്വയുടെ ചിത്രങ്ങളുടെ വലിയ ശേഖരത്തിൽ അമേച്വർ ഗവേഷകനായ റാമി ബാർ ഇലാൻ ആണ് ഈ വസ്തു ആദ്യമായി കണ്ടെത്തിയത്. പിന്നീട് അപ്ലൈഡ് മോളിക്യൂലാർ എവല്യൂഷൻ ഫൗണ്ടേഷനിലെ ജാൻ സ്‌പേസെക് ആണ് ഇത് ലോബിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
സൗരയൂഥത്തിലേക്ക് പ്രവേശിച്ച മൂന്നാമത്തെ നക്ഷത്രാന്തര വസ്തുമായ 3I/ATLAS-നെക്കുറിച്ച് ഏവി ലോബ് നടത്തിയ നിഗമനങ്ങൾ നേരത്തെ വലിയ ശ്രദ്ധനേടിയിരുന്നു. അത് സ്വാഭാവികമായ ഒന്നായിരിക്കില്ലെന്നും അന്യഗ്രഹ സാങ്കേതിക വിദ്യയാകാമെന്നും അദ്ദേഹം ആദ്യഘട്ടത്തിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അതൊരു വാൽനക്ഷത്രം മാത്രമാണെന്ന് പിന്നീട് വ്യക്തമായി.
സമാനമായ നിഗമനങ്ങളല്ല ചൊവ്വയിൽ കണ്ടെത്തിയ വസ്തുവിനെക്കുറിച്ച് അദ്ദേഹം നടത്തുന്നത്. ഇത് ക്യൂരിയോസിറ്റി ദൗത്യത്തിന്റെ അവശിഷ്ടങ്ങളാവാം എന്നാണ് അദ്ദേഹം പറയുന്നത്. ചൊവ്വയുടെ ഉപരിതലത്തിലൂടെയുള്ള നീണ്ട യാത്രയ്ക്കിടയിൽ റോവർ ഒരു ഉപകരണ ഭാഗം ഉപേക്ഷിച്ചതാവാം എന്നാണ് വിലയിരുത്തൽ.
Content Highlights: A cone-shaped object was spotted by the Curiosity rover in Gale Crater., Avi Loeb suggests NASA should redirect the rover to investigate its origin., The object is likely man-made debris from the rover's own mission., NASA has not provided an official identification for the anomaly.