അപമാനഭാരത്തില്‍ ബോയിങ്, മസ്‌ക് പണി കൊടുക്കുമോ? സ്റ്റാര്‍ലൈനറിന്റെ ഭാവി അനിശ്ചിതത്വത്തില്‍

ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസം കഴിഞ്ഞ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരികെയെത്തുമ്പോള്‍ അപമാനഭാരത്തില്‍ തലതാഴ്ത്തുകയാണ് ലോകത്തെ വന്‍കിട വ്യോമയാന കമ്പനികളിലൊന്നായ ബോയിങ്. ബോയിങ് വികസിപ്പിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. യാത്രയിലുടനീളം അനുഭവപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളും ഒടുവില്‍ പരിഹരിക്കാനാവാത്ത വിധം ഇന്ധനചോര്‍ച്ചയും മറ്റ് പ്രശ്‌നങ്ങളും കാരണം സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ തന്നെ സഞ്ചാരികളെ തിരികെ എത്തിക്കുന്നില്ലെന്ന് നാസ തീരുമാനിച്ചു. ആളില്ലാതെയാണ് ഒടുവില്‍ സ്റ്റാര്‍ലൈനര്‍ പേടകം തിരികെ ഇറക്കിയത്.
തുടക്കം മുതല്‍ തന്നെ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകവുമായി ബന്ധപ്പെട്ട് പ്രതിസന്ധികളായിരുന്നു. 2010-ലാണ് കൊമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാമിന് വേണ്ടി നാസ സ്റ്റാര്‍ലൈനറിനെ തിരഞ്ഞെടുത്തത്. 2017-ല്‍ മനുഷ്യരെ വഹിച്ചുള്ള ആദ്യയാത്ര നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 2019 ഡിസംബര്‍ 20-നാണ് സ്റ്റാല്‍ലൈനറിന്റെ ആദ്യ ആളില്ലാ വിക്ഷേപണദൗത്യം നടത്തിയത്. എട്ട് ദിവസമാണ് ഈ ദൗത്യത്തിന് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ദൗത്യം രണ്ട് ദിവസമാക്കി ചുരുക്കുകയും പേടകം തിരിച്ചിറക്കുകയും ചെയ്തു. തുടര്‍ന്ന് 2019 ഡിസംബര്‍ 22-ന് പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്റ്സ് സ്പേസ് ഹാര്‍ബറില്‍ സുരക്ഷിതമായി ഇറക്കി. 2022 മേയ് 19-നാണ് പേടകത്തിന്റെ രണ്ടാം ആളില്ലാ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കി.
Content Highlights: Boeing`s Starliner malfunctions during NASA`s crewed mission Future of Starliner uncertain.