വിമാന അപകടങ്ങളുടെ ആഘാതം കുറയ്ക്കാന്‍ എഐ നിയന്ത്രിക്കുന്ന എയര്‍ബാഗ് ആശയവുമായി വിദ്യാര്‍ഥികള്‍

അപകടങ്ങളില്‍ വിന്യസിക്കുന്ന എയര്‍ബാഗിന്റെ മാതൃക.|Photo credit: jamesdysonaward
അപകടങ്ങളില്‍ വിന്യസിക്കുന്ന എയര്‍ബാഗിന്റെ മാതൃക.|Photo credit: jamesdysonaward

വിമാനദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി എയര്‍ബാഗ് സംവിധാനമുള്ള വിമാനങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുകയാണ് രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍. അപകടം സംഭവിക്കുമ്പോള്‍ വിമാനത്തിന്റെ പുറം ഭാഗം മുഴുവനായി സംരക്ഷിക്കുന്ന തരത്തില്‍ എയര്‍ബാഗ് വിന്യസിക്കുന്ന രീതിയാണ് ഡിസൈനിലുള്ളത്‌

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് ദുബായി കാമ്പസിലെ ഇഷേല്‍ വാസിം, ദര്‍ശന്‍ ശ്രീനിവാസന്‍ എന്നീ വിദ്യാര്‍ഥികളാണ് ആശയം മുന്നോട്ട് വെച്ചത്. ജെയിംസ് ഡയിസണ്‍ അവാര്‍ഡിനായിട്ടാണ് പ്രൊജക്ട് തയ്യാറാക്കിയത്. ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്ന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ അവാര്‍ഡ് നല്‍കുന്നത്. 

'റിബര്‍ത്ത്' എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ട് അഹമ്മദാബാദില്‍ നടന്ന വിമാന ദുരന്തത്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത് എന്ന് പ്രൊജക്ടുമായി ബന്ധപ്പെട്ട കുറിപ്പില്‍ പറയുന്നുണ്ട്. അപകടത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം എന്തുകൊണ്ടില്ല എന്ന ചിന്തയാണ് 'റിബര്‍ത്ത്'ഉണ്ടാവാനുള്ള കാരണം. എഞ്ചിനീയറിങ് എന്നതിനേക്കാള്‍ വിഷമത്തിനുള്ള പരിഹാരമാണ് ഈ ആശയം. അപകടമുണ്ടായാലും അതില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരവസരം കൂടി നല്‍കുക എന്നതാണ് ലക്ഷ്യം എന്നാണ് ഇവര്‍ പറയുന്നത്. 

ജെയിംസ് ഡയിസണിന്റെ പേജില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം വ്യക്തമാക്കുന്നുണ്ട്. എയര്‍ബാഗുകളുടെ പ്രവര്‍ത്തനത്തിനായി എ.ഐ ആണ് സഹായിക്കുക. വിമാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നം കണ്ടുപിടിക്കുകയാണെങ്കില്‍ എ.ഐ വിമാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എയര്‍ ബാഗ് വിന്യസിക്കുകയും അപകടത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യും എന്നാണ് പ്രൊജക്ടിനൊപ്പമുള്ള കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. 

വിമാനത്തിന്റെ എയര്‍ബാഗുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉപയോക്താക്കാള്‍ പങ്കുവെച്ചിരിക്കുന്നത്. ചിലര്‍ ഇതിന്റെ പ്രായോഗികതയെ ചോദ്യം ചെയ്തപ്പോള്‍ ആശയത്തിനെ സ്വാഗതം ചെയ്തവരും ഉണ്ട്. മികച്ച വിമാനങ്ങള്‍ നിര്‍മ്മിച്ചാല്‍ എയര്‍ബാഗുകള്‍ ആവശ്യം വരില്ല എന്നാണ് ഒരാളുടെ അഭിപ്രായം. വിമാനം പറക്കുന്നതിനിടെ അവിചാരിതമായി എയര്‍ബാഗുകള്‍ തുറന്നുവരുന്നതിന്റെ സങ്കീര്‍ണതയെക്കുറിച്ചും ചിലര്‍ക്ക് സംശയങ്ങളുണ്ട്. 

ആളുകള്‍ പല രീതിയിലാണ് ആശയത്തെ സ്വീകരിക്കുന്നതെങ്കിലും ഇതുമായി മുന്നോട്ട് പോകാനാണ് എഞ്ചിനീയര്‍മാരുടെ തീരുമാനം. റിബര്‍ത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തന മാതൃകകള്‍ ഉണ്ടാക്കി അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങളില്‍ പരീക്ഷിച്ച് അംഗീകാരം നേടിയതിന് ശേഷം യഥാര്‍ത്ഥ വിമാനങ്ങളില്‍ ഉപയോഗിക്കണം എന്നാണ് ഇവരുടെ ആഗ്രഹം. 


 

Content Highlights: Engineering students design airplane airbag system to minimize crash impact.