ആ ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുത്, വ്യാജമാണ്; മുന്നറിയിപ്പുമായി പെര്‍പ്ലെക്‌സിറ്റി സിഇഒ

1. പ്രതീകാത്മകചിത്രം 2. അരവിന്ദ് ശ്രീനിവാസ് | Photo - ANI, AI
1. പ്രതീകാത്മകചിത്രം 2. അരവിന്ദ് ശ്രീനിവാസ് | Photo - ANI, AI

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എഐ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്‌സിറ്റിയുടെ സിഇഒ അരവിന്ദ് ശ്രീനിവാസ്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിലവില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കോമറ്റ് ആപ്പിന്റെ ഒരു പതിപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആ വ്യാജ ആപ്പിന് പെര്‍പ്ലെക്‌സിറ്റിയുമായി ബന്ധമില്ല. കോമറ്റിന്റെ ഔദ്യോഗിക ഐഒഎസ് പതിപ്പ് ഇനിയും പുറത്തിറങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'നിലവില്‍ ഐഒഎസ് ആപ്പ് സ്റ്റോറിലുള്ള കോമറ്റ് ആപ്പ് വ്യാജവും സ്പാമും ആണ്. അത് പെര്‍പ്ലെക്‌സിറ്റിയുടേതല്ല. കോമറ്റ് ഐഒഎസ് പ്രീ-രജിസ്റ്റര്‍ ചെയ്യുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും തയ്യാറാകുമ്പോള്‍ ഞങ്ങള്‍ നേരിട്ട് അറിയിക്കും.' - എക്സില്‍ (മുന്‍പ് ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പില്‍ ശ്രീനിവാസ് വ്യക്തമാക്കി.

പെര്‍പ്ലെക്‌സിറ്റിയുടെ എഐ-പവര്‍ഡ് ബ്രൗസറായ കോമറ്റിനായുള്ള കാത്തിരിപ്പ് നീളുകയും ഐഫോണുകളില്‍ 'സഫാരിയുടെ ശരിക്കുള്ള ആദ്യ എതിരാളി' എന്ന നിലയില്‍ ജനപ്രീതി നേടുകയും ചെയ്യുന്ന ഒരു സമയത്താണ് ശ്രീനിവാസിന്റെ മുന്നറിയിപ്പ് വരുന്നത്. കോമറ്റിന്റെ ആന്‍ഡ്രോയിഡ് പതിപ്പിന് ഇതിനകം മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇതോടെ അതിന്റെ ഐഒഎസ് പതിപ്പിനുവേണ്ടി ഉപയോക്താക്കള്‍ കാത്തിരിക്കുകയാണ്. അതിനിടെയാണ് കോമറ്റ് ബ്രൗസറിന്റെ ഐഒഎസ് പതിപ്പ് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടില്ല എന്ന് സിഇഒവ്യക്തമാക്കിയിട്ടുള്ളത്.

ജനപ്രിയ കോമറ്റ് ബ്രൗസര്‍ എല്ലാവര്‍ക്കും സൗജന്യമായി ഉപയോഗിക്കാമെന്ന് പെര്‍പ്ലെക്‌സിറ്റി പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ ക്രോമിന്റെ എതിരാളിയായ കോമറ്റ് ബ്രൗസര്‍, ക്രോമിയം ഫ്രെയിംവര്‍ക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉത്പാദനക്ഷമത, ഗവേഷണം, മള്‍ട്ടിടാസ്‌കിങ് എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള ഇന്റലിജന്റ് ടൂളുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം ജനപ്രിയ എക്സ്റ്റന്‍ഷനുകളെയും ബുക്ക്മാര്‍ക്കുകളെയും കോമറ്റ് പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. പരമ്പരാഗത ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി, വെബ്‌സൈറ്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനപ്പുറമുള്ള സൗകര്യങ്ങളാണ് കോമറ്റ് നല്‍കുന്നത്. അതിന് ഉള്ളടക്കം സംഗ്രഹിക്കാനും ജോലികള്‍ ഓട്ടോമേറ്റ് ചെയ്യാനും വര്‍ക്ക്ഫ്‌ലോകള്‍ നിയന്ത്രിക്കാനും വ്യക്തിഗതമാക്കിയ ശുപാര്‍ശകള്‍ നല്‍കാനും കഴിയും. മുമ്പ് പണമടയ്ക്കുന്ന വരിക്കാര്‍ക്ക് മാത്രം ലഭ്യമായിരുന്ന കോമറ്റ് ബ്രൗസറാണ് ഇപ്പോള്‍ അതിന്റെ പ്രധാന ഫീച്ചറുകള്‍ എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി നല്‍കുന്നത്.

Content Highlights: Perplexity CEO Aravind Srinivas warns iPhone users against a fake `Comet` app on the App Store. The official iOS release is still pending. Avoid unauthorized downloads.