ഇന്ത്യക്കാരന്‍ വിനോദയാത്ര പോയ ബഹിരാകാശ പേടകത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്

Screenshot - Blue Origin
Screenshot - Blue Origin

ഇന്ത്യക്കാരനായ ഗോപീചന്ദ് ഉള്‍പ്പടെ ആറ് പേര്‍ ബഹിരാകാശ യാത്ര നടത്തിയ എന്‍എസ്-25 ദൗത്യത്തില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായതായി വെളിപ്പെടുത്തല്‍. എന്‍എസ്25 പേടകം സുരക്ഷിതമായി തിരിച്ചിറങ്ങുന്നതിന് ഉപയോഗിച്ച മൂന്ന് പാരച്യൂട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് നിവര്‍ന്നതെന്ന് സ്‌പേസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നടക്കാനിരിക്കുന്ന ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട ഒരു രേഖയിലാണ് നാസയുടെ കൊമേര്‍ഷ്യല്‍ ക്രൂ മാനേജര്‍ സ്റ്റീവ് സ്മിത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലൂ ഒറിജന്‍ ഈ പ്രശ്‌നം പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഉള്‍പ്പെടെ സമാനമായ പാരച്യൂട്ടുകളാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ നാസയെ വിവരം അറിയിച്ചിരുന്നു. 

ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് (എന്‍എസ്) എന്ന പേടകത്തില്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നതിനായി മൂന്ന് പാരച്യൂട്ടുകളാണ് ഉപയോഗിക്കുന്നത്. നിശ്ചിത ഉയരത്തില്‍ നിന്ന് ഇവ ഉയരുകയും പേടകത്തിന്റെ വേഗം കുറച്ച് ഭൂമിയിലോ കടലിലോ ഇറങ്ങുകയാണ് ചെയ്യുക. എന്നാല്‍ എന്‍എസ്-25 ദൗത്യത്തില്‍ ഒരെണ്ണം നിവര്‍ന്നില്ല.

പേടകം സുരക്ഷിതമായി ഇറങ്ങാന്‍ പാരച്യൂട്ടുകളില്‍ പൂര്‍ണമായി വിടര്‍ന്ന ഒരെണ്ണം മാത്രം മതി എങ്കിലും. എന്‍എസ് 25 ദൗത്യത്തിനിടെ ഉണ്ടായത്‌ പാരച്യൂട്ട് സംവിധാനത്തിന്റെ തകരാറാണ്. 

ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ ബഹിരാകാശ ദൗത്യ സ്ഥാപനമാണ് ബ്ലൂ ഒറിജിന്‍. രണ്ട് വര്‍ഷത്തിന് ശേഷമാണ് കമ്പനി ഒരു ബഹിരാകാശ വിനോദയാത്രാ ദൗത്യം വിക്ഷേപിക്കുന്നത്. 2022 സെപ്റ്റംബറില്‍ ഒരു ആളില്ലാ ന്യൂ ഷെപ്പേര്‍ഡ് പേടകം അപകടത്തില്‍പെട്ടതിനെ തുടര്‍ന്നാണിത്. 

അതേസമയം, ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ പാരച്യൂട്ട് സംവിധാനത്തില്‍ കമ്പനിയിലെ വിദഗ്ദര്‍ തകരാര്‍ കണ്ടെത്തിയിരുന്നു. 2023 ജൂലായ് 21 ന് മനുഷ്യരെ വഹിച്ചുള്ള ആദ്യ വിക്ഷേപണത്തിന് ആഴ്ചകള്‍ക്ക് മുമ്പാണ് പ്രശ്‌നം കണ്ടെത്തിയത്. പേടകത്തിലെ മൂന്ന് പാരച്യൂട്ടുകളില്‍ ഒരെണ്ണം പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് രണ്ടെണ്ണത്തിന് പേടകം സുരക്ഷിതമായി ഇറക്കാനാവും വിധം വേഗം കുറക്കാനാവില്ലെന്ന് വിദഗ്ദര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് വിക്ഷേപണം മാറ്റിവെച്ചു. പിന്നീട് 2024 ലാണ് പ്രശ്‌നം പരിഹരിച്ചത്. അതേസമയം വിക്ഷേപണ വാഹനത്തിലെ മറ്റ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ദൗത്യം ഇതുവരെ വിക്ഷേപിച്ചിട്ടില്ല.
 

Content Highlights: Parachute Failed to Deploy During blue origin new shepherd 25 mission