പറഞ്ഞാല്‍ മതി പാട്ടുണ്ടാക്കും; ഓപ്പണ്‍എഐയുടെ ജനറേറ്റീവ് മ്യൂസിക് ടൂള്‍ ഒരുങ്ങുന്നുവെന്ന് സൂചന

നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സംഗീതം സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു പുതിയ ജനറേറ്റീവ് മ്യൂസിക് ടൂള്‍ ഓപ്പണ്‍എഐ തയ്യാറാക്കുന്നതായി സൂചന. ടെക്സ്റ്റ്, ഓഡിയോ നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഇത് സംഗീതം സൃഷ്ടിക്കും. വീഡിയോകളില്‍ മൗലികമായ സൗണ്ട് ട്രാക്കുകളോ ഉപകരണ സംഗീതമോ ചേര്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്നും 'ദി ഇന്‍ഫര്‍മേഷന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് എപ്പോള്‍ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. ചാറ്റ്ജിപിടി, സോറ പോലുള്ള നിലവിലുള്ള പ്ലാറ്റ്ഫോമുകളില്‍ ഇത് സംയോജിപ്പിക്കുമോ അതോ പ്രത്യേക ടൂള്‍ ആയിരിക്കുമോ എന്നതിനെക്കുറുച്ചും ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല.
മള്‍ട്ടി-വോക്കല്‍ ട്രാക്ക് ജനറേഷന്‍, എഐ-അസിസ്റ്റഡ് മിക്‌സിംഗ് തുടങ്ങിയ ഫീച്ചറുകള്‍ ഈ ടൂള്‍ നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്വതന്ത്ര സംഗീതജ്ഞരെയും കണ്ടന്റ് ക്രിയേറ്റര്‍മാരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരിക്കും ഇത്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ജൂലിയാര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് നിലവില്‍ എഐ മോഡലിന് കൃത്യമായ പരിശീലന ഡാറ്റ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഗീതത്തിന്റെ പാറ്റേണുകളും വികാരങ്ങളും പഠിക്കാനും പകര്‍ത്താനും യന്ത്രങ്ങള്‍ക്ക് എങ്ങനെ കഴിയുമെന്ന് മനസിലാക്കുക എന്നതാണ് ജൂലിയാര്‍ഡ് സ്‌കൂളുമായുള്ള ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
ഓപ്പണ്‍എഐയുടെ മുന്‍ പ്രോജക്റ്റുകളായ മ്യൂസ്‌നെറ്റ്, ജൂക്ക്‌ബോക്‌സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ടൂള്‍. 2020-ല്‍ ഓപ്പണ്‍എഐ, സംഗീതം നിര്‍മ്മിക്കുന്ന ടൂളായ ജൂക്ക്‌ബോക്‌സ് പുറത്തിറക്കിയിരുന്നു.
സംഗീത രംഗത്തേക്ക് ഓപ്പണ്‍എഐ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗൂഗിള്‍ പോലുള്ള ടെക് ഭീമന്മാരുമായും നിലവില്‍ ജനറേറ്റീവ് സംഗീത രംഗത്തുള്ള സുനോ പോലുള്ള സ്റ്റാര്‍ട്ടപ്പുകളുമായുമുള്ള മത്സരം ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ടൂളിന്റെ വികസനം പകര്‍പ്പവകാശം, ധാര്‍മ്മികത, സര്‍ഗാത്മക ഉടമസ്ഥാവകാശം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്. എഐ കമ്പനികള്‍ കലാകാരന്മാര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുമോ എന്ന തരത്തിലുള്ള ആശങ്ക ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ഥ സംഗീതജ്ഞരെ സംരക്ഷിക്കാന്‍ ശക്തമായ നിയമങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
Content Highlights: OpenAI is developing a generative music tool that creates music from text/audio prompts. Potential for video soundtracks, AI mixing, and enhanced user control. Learn more about this innovative tech.