'കുഞ്ഞിന്റെ ബുദ്ധിശക്തിയടക്കം പ്രവചിക്കാം'; എംബ്രിയോ സ്‌ക്രീനിങ് വാഗ്ദാനംചെയ്ത് സ്റ്റാര്‍ട്ടപ്പ്, വിവാദം

ഒരു കുഞ്ഞിന്റെ ഉയരവും ബുദ്ധിയുമടക്കം പ്രവചിക്കാന്‍ സാധിക്കുന്ന എംബ്രിയോ (ഭ്രൂണം) സ്‌ക്രീനിങ് വാഗ്ദാനം ചെയ്ത് യുഎസ് ആസ്ഥാനമായ ഫെര്‍ട്ടിലിറ്റി സ്റ്റാര്‍ട്ടപ്പ്. 'ഏറ്റവും മികച്ച കുഞ്ഞിനെ സ്വന്തമാക്കൂ' എന്ന രീതിയില്‍ ന്യൂക്ലിയസ് ജീനോമിക്‌സ് പുറത്തിറക്കിയ പരസ്യം വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭാവിയിലെ കുട്ടിയെ 'ജനിതകപരമായി ഒപ്റ്റിമൈസ്' ചെയ്യാം എന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് ധാര്‍മികത സംബന്ധിച്ച ഗുരുതരമായ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ചെയ്യുന്ന ദമ്പതികള്‍ സ്റ്റാര്‍ട്ടപ്പിന്റെ ഈ സേവനം ലഭിക്കുന്നതിന് എട്ട് ലക്ഷം രൂപ (8,999 ഡോളര്‍) നല്‍കേണ്ടതുണ്ട് എന്നാണ് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ടുചെയ്യുന്നത്.
20 വരെ ഭ്രൂണങ്ങളുടെ സമ്പൂര്‍ണ്ണ ഡിഎന്‍എ സീക്വന്‍സിങ്ങാണ് നടത്തുന്നത് എന്നാണ് അവകാശവാദം. കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ അവസ്ഥകള്‍ പരിശോധിക്കുന്നതിനൊപ്പം കണ്ണിന്റെയും മുടിയുടെയും നിറം പോലുള്ള ശാരീരിക സവിശേഷതകളും പരിശോധിക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നു.
പാരമ്പര്യരോഗങ്ങള്‍, കാന്‍സറുകള്‍, വിട്ടുമാറാത്ത രോഗങ്ങള്‍, രൂപഭാവം, വൈജ്ഞാനിക കഴിവ്, മാനസികാരോഗ്യം എന്നിവയും അതിലേറെയും ഉള്‍ക്കൊള്ളുന്ന 2,000-ത്തിലധികം ജനിതക വിശകലനങ്ങള്‍ ന്യൂക്ലിയസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ വിശകലനവുമായി ബന്ധപ്പെട്ട വിവരങ്ങളും അതിന് പിന്നിലെ ശാസ്ത്രവും വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ടും നല്‍കും.
സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന എതിര്‍പ്പ് ഉയര്‍ന്നുവെങ്കിലും മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്നവരില്‍ ന്യൂക്ലിയസിന്റെ പരസ്യ പ്രചാരണംകാര്യമായ പ്രതികരണം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. നവംബര്‍ 14-ന് പരസ്യം പ്രത്യക്ഷപ്പെട്ടതിന് ശേഷം കമ്പനിയുടെ സേവനം തേടുന്നവരില്‍ 1,700 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ധനവാണ് ഉണ്ടായിട്ടുള്ളത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.
Content Highlights: US fertility startup Nucleus Genomics offers embryo screening to predict traits like height & intelligence