മണിക്കൂറിൽ 28,000 കി.മി വേഗം, ISS-ന് പുറത്തിറങ്ങി രണ്ട് സഞ്ചാരികൾ; വെല്ലുവിളി നിറഞ്ഞ ദൗത്യം

ആറര മണിക്കൂർ നീളുന്ന ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തിറങ്ങി രണ്ട് നാസ ബഹിരാകാശ യാത്രികർ. നിലയത്തിലെ സുപ്രധാന റോബോട്ടിക് സംവിധാനങ്ങളിലൊന്ന് നന്നാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് അവരുടെ നിർണായക സ്‌പേസ് വാക്ക്. നിലയം മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ ഭൂമിയെചുറ്റി സഞ്ചരിക്കുന്നതിനിടയിലാണ് നിർണായക ദൗത്യം.
നാസ ബഹിരാകാശ യാത്രികരായ ക്രിസ് വില്യംസും ജെസ്സിക മെയറുമാണ് സ്റ്റേഷന്റെ ക്വസ്റ്റ് എയർലോക്കിലൂടെ പുറത്തിറങ്ങിയത്. നിലയത്തിന്റെ 17.6 മീറ്റർ നീളമുള്ള റോബോട്ടിക് കരമായ കാനഡാം2-ലെ തകരാറിലായ റിസ്റ്റ് ജോയിന്റ് മാറ്റിസ്ഥാപിക്കുന്നതിനാണ് ആറര മണിക്കൂർ നീളുന്ന ദൗത്യം ആസൂത്രണം ചെയ്തിട്ടുള്ളത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിർമ്മാണം, പരിപാലനം, നവീകരണം എന്നിവയ്ക്കായി നടത്തുന്ന 280-ാമത് സ്‌പേസ് വാക്കാണിത്. കനേഡിയൻ സ്‌പേസ് ഏജൻസി (CSA) നിർമ്മിച്ച കാനഡാം2 സ്റ്റേഷനിലെ ഏറ്റവും നിർണായക ഉപകരണങ്ങളിൽ ഒന്നാണ്. നിലയത്തിലേക്കെത്തുന്ന ബഹിരാകാശ പേടകങ്ങളെ വലിച്ചടുപ്പിക്കാനും, ബഹിരാകാശ യാത്രികരുടെ സ്‌പേസ് വാക്കുകൾക്ക് പിൻതുണ നൽകാനും, വലിയ മൊഡ്യൂളുകൾ പുനഃസ്ഥാപിക്കാനും, സ്റ്റേഷന് പുറത്തുള്ള പരിപാലന ജോലികൾക്ക് പിന്തുണ നൽകാനും ഈ റോബോട്ടിക് കരം ഉപയോഗിക്കുന്നു.
മേയ് 27-ന് റോബോട്ടിക് കരത്തിന് ഒരു തകരാർ സംഭവിച്ചതിനെത്തുടർന്നാണ് ഈ അറ്റകുറ്റപ്പണി ആവശ്യമായി വന്നത്. ആഴ്ചകളോളം നടത്തിയ വിശകലനങ്ങൾക്ക് ശേഷമാണ് തകരാർ എന്താണെന്ന് കണ്ടെത്തിയത്. കേടായ റിസ്റ്റ് ജോയിന്റ് മാറ്റിസ്ഥാപിക്കണമെന്ന് നാസയുടെയും കനേഡിയൻ സ്‌പേസ് ഏജൻസിയുടെയും എഞ്ചിനീയർമാർ നിഗമനത്തിലെത്തി. നിലയത്തിൽ സൂക്ഷിച്ചിട്ടുള്ള ഒരു സ്‌പെയർ ഭാഗം ഉപയോഗിച്ചാണ് മാറ്റിസ്ഥാപിക്കൽ.
25 വർഷത്തിലേറെയായി തുടർച്ചയായി പ്രവർത്തിച്ചതിന് ശേഷം ഇത്തരം അറ്റകുറ്റപ്പണികൾ പ്രതീക്ഷിക്കാമെന്ന് നാസ പറയുന്നു. ആവശ്യം വന്നാൽ മാറ്റിസ്ഥാപിക്കുന്നതിനുള്ള കാനഡാം2-ന്റെ ഘടകങ്ങൾ നിലയത്തിൽതന്നെ സൂക്ഷിച്ചിട്ടുണ്ട്. അതിനാൽ അവ ഭൂമിയിലേക്ക് തിരിച്ചയച്ച് നന്നാക്കേണ്ട ആവശ്യമില്ല. ബഹിരാകാശ യാത്രികർക്ക് തന്നെ മാറ്റിസ്ഥാപിക്കാം.
ഇത് വില്യംസിന്റെ രണ്ടാമത്തെ സ്‌പേസ് വാക്കും മെയറിന്റെ അഞ്ചാമത്തെ സ്‌പേസ് വാക്കുമാണ്. ബഹിരാകാശ യാത്രികർ ചെയ്യുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലികളിൽ ഒന്നാണ് സ്‌പേസ് വാക്കുകൾ. ബഹിരാകാശത്തെ ശൂന്യതയിൽ പ്രവർത്തിക്കേണ്ടിവരുന്ന ഇത്തരം സാഹചര്യത്തിൽ യാത്രികർ സ്റ്റേഷനുമായി സ്വയം ബന്ധിപ്പിച്ച് ശ്രദ്ധാപൂർവ്വമാണ് നീക്കങ്ങൾ നടത്തുക. ഭൂമിക്ക് നൂറുകണക്കിന് കിലോമീറ്റർ മുകളിൽ കൃത്യതയോടെ എഞ്ചിനീയറിംഗ് ജോലികൾ ചെയ്യുമ്പോൾ മൈക്രോഗ്രാവിറ്റിയിൽ ഉപകരണങ്ങളടക്കം കൈകാര്യം ചെയ്യേണ്ടതുണ്ട്.
റിസ്റ്റ് ജോയിന്റ് വിജയകരമായ മാറ്റിസ്ഥാപിക്കുന്നതോടെ റോബോട്ടിക് കരത്തിന് പൂർണ ശേഷി വീണ്ടെടുക്കാൻ കഴിയും.
Content Highlights: Astronauts Chris Williams and Jessica Meir are repairing a malfunctioning wrist joint on the Canadarm2., This mission marks the 280th spacewalk dedicated to ISS maintenance., Canadarm2 is vital for capturing cargo spacecraft and supporting station maintenance., The repair ensures the robotic arm maintains full operational capability for future missions.