ആദ്യ ബഹിരാകാശ നടത്തം പൂർത്തിയാക്കി അനിൽ; ചരിത്ര ദൗത്യത്തിന് പ്രാധാന്യമേറെ

#ടെക്‌നോളജി ഡെസ്‌ക്
2. അനില്‍ മേനോന്‍ 2. ബഹിരാകാശ നടത്തത്തിന്റെ ദൃശ്യം | Photo - ISS, Screengrab
2. അനില്‍ മേനോന്‍ 2. ബഹിരാകാശ നടത്തത്തിന്റെ ദൃശ്യം | Photo - ISS, Screengrab

വാഷിങ്ടൺ: മലയാളിക്ക് ചരിത്രനിമിഷം സമ്മാനിച്ച് ബഹിരാകാശത്തെ കന്നി നടത്തം വിജയകരമായി പൂർത്തിയാക്കി നാസാ ശാസ്ത്രജ്ഞൻ അനിൽ മേനോൻ. പാലക്കാട് ഒറ്റപ്പാലത്ത് കുടുംബ വേരുകളുള്ള ഡോക്ടറും മെക്കാനിക്കൽ എഞ്ചിനീയറുമാണ് അനിൽ മേനോൻ. നിലയത്തിലെ കമാൻഡറായ ജസീക്ക മേയറിനൊപ്പമായിരുന്നു ബഹിരാകാശ നടത്തം. ദൃശ്യങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്.

ആറ് മണിക്കൂർ 27 മുനിറ്റ് നീണ്ടുനിന്നതായിരുന്നു ദൗത്യം. ഇന്ത്യൻസമയം വ്യാഴാഴ്ച വൈകീട്ട് 06.03-നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്(ഐ.എസ്.എസ്.) പുറത്തുള്ള അനിലിന്റെ സ്പെയ്സ് വാക്ക് ആരംഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12.30-വരെ ദൗത്യം നീണ്ടു.

നിലയത്തിന്റെ സൗരോർജ സംവിധാനം ആധുനികീകരിക്കാനുള്ള ശ്രമവുമായാണ് ഏഴുമണിക്കൂർ നീണ്ട സങ്കീർണ ദൗത്യം (എക്‌സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി-ഇവിഎ). നിലയത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഭാവി പര്യവേക്ഷണങ്ങൾക്ക് ആവശ്യമായ കൂടുതൽ ഊർജലഭ്യത ഉറപ്പാക്കുന്നതിനുമായി പല ഉപകരണങ്ങളും നിലയത്തിനുപുറത്ത് ഘടിപ്പിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

യുഎസ് സ്‌പേസ് വാക്ക് 96 എന്നായിരുന്നു ദൗത്യത്തിന് പേര് നൽകിയിരുന്നത്. ബഹിരാകാശ നിലയത്തിൽ ഈ വർഷം അവസാനം സ്ഥാപിക്കാനുദ്ദേശിക്കുന്ന പുതിയ ഐഎസ്എസ് റോൾ-ഔട്ട് സോളാർ അറേ (iROSA) സ്ഥാപിക്കുന്നതിനുള്ള ഹാർഡ്‌വെയറുകൾ അവർ സജ്ജീകരിച്ചു. ബഹിരാകാശ നിലയത്തിന്റെ ശാസ്ത്രീയ ദൗത്യങ്ങൾക്കും ഭാവി പ്രവർത്തനങ്ങൾക്കും ആവശ്യമായ അധിക വൈദ്യുതോർജം ലഭ്യമാക്കുന്നതിനാണ് നവീകരിച്ച സോളാർ അറേ സ്ഥാപിക്കുന്നത്.

ജെസിക്ക മിയറുടെ ആറാമത്തെ ബഹിരാകാശ നടത്തമായിരുന്നു ഇത്. ഈ മാസം നാസ ഇനി രണ്ട് യുഎസ് സ്‌പേസ് വാക്ക് കൂടി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

Content Highlights: Anil Menon completes his first-ever spacewalk outside the ISS., Mission focused on upgrading the 3B power channel for new solar arrays., Collaboration with veteran astronaut Jessica Meir for US Spacewalk 96., Preparation for the future controlled deorbit of the International Space Station., Highlights the growing contribution of the Indian diaspora to global space exploration.