ശക്തിയേറിയ ചിപ്പുകളും വിദഗ്ധരുമുണ്ട്, പക്ഷെ ! AI കമ്പനികളെ വലച്ച് വലിയൊരു പ്രശ്‌നം, സൂചന നല്‍കി സത്യ നദെല്ല

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ശക്തരാണ് മൈക്രോസോഫ്റ്റ്. 3.8 ലക്ഷം കോടിയിലേറെ മൂല്യമുള്ള കമ്പനി. സ്വന്തമായി എഐ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാനുള്ള വിലയേറിയ ചിപ്പുകള്‍ വാങ്ങാനും വിന്യസിക്കാനും സാമ്പത്തികമായി യാതൊരു പ്രശ്‌നവും നിലവില്‍ മൈക്രോസോഫ്റ്റിനില്ല. എന്നാല്‍ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ ഒരുപാട് തങ്ങളുടെ പക്കലുണ്ടെങ്കിലും അത് പ്ലഗ്ഗിന്‍ ചെയ്യാനാകുന്നില്ലെന്നാണ് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞത്. അതെ, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ കടുത്ത ഊര്‍ജക്ഷാമം നേരിടുകയാണ്. യുഎസില്‍ കടുത്ത വൈദ്യുതി ക്ഷാമമാണ്. നിരന്തരമായ പവര്‍കട്ടുകള്‍ വന്‍കിട കമ്പനികളെ വലയ്ക്കുകയാണ്.
എഐയുടെ ആരംഭകാലത്ത് സാങ്കേതിക ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ചിപ്പ് ക്ഷാമമാണ്. ഇലക്ട്രോണിക് ഉപകരണനിര്‍മാണങ്ങള്‍ക്ക് ആവശ്യമായ ചിപ്പുകള്‍ കിട്ടാത്ത അവസ്ഥ. എന്‍വിഡിയയെ വന്‍ ഡിമാന്റുള്ള കമ്പനിയായി മാറ്റിയത് ഈ ആവശ്യകതയാണ്. ശക്തിയേറിയ എഐ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ പരമാവധി എന്‍വിഡിയ എച്ച്100 ചിപ്പുകള്‍ എങ്ങനെ സ്വന്തമാക്കാം എന്നതായിരുന്നു കമ്പനികള്‍ അക്കാലത്ത് നേരിട്ടിരുന്ന പ്രശ്‌നം. വിതരണ ശൃംഖലയിലെ തടസങ്ങള്‍ മറികടന്ന് അവ എങ്ങനെ വാങ്ങാമെന്നും വാടകയ്‌ക്കെടുക്കാമെന്നും കടത്താമെന്നുമെല്ലാം അവര്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ പ്രതിസന്ധി വലിയ തോതില്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞു.
ഇപ്പോള്‍ അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഹാര്‍ഡ് വെയര്‍ ലഭ്യത അല്ലെന്നാണ് സത്യനദെല്ലയും ഓപ്പണ്‍ എഐയുടെ സാം ഓള്‍ട്ട്മാനുമെല്ലാം നല്‍കുന്ന സൂചന. അത് ഊര്‍ജമാണ്. ഡാറ്റാസെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി. ഡാറ്റാ സെന്ററുകളെ തണുപ്പിക്കുന്നതിന് വെള്ളം പമ്പ് ചെയ്യാനും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാനുമെല്ലാം ഊര്‍ജം വേണം. അതിനെല്ലാമുപരി എഐയുടെ വളര്‍ച്ചയ്ക്ക്, ഭാവിയ്ക്ക് ഊര്‍ജം അനിവാര്യതയാണ്. അത് ഇനിയും കൂടുതല്‍ ആവശ്യമായിവരുമെന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ന് ഒരു വലിയ ഡാറ്റാ സെന്റര്‍ പ്രതിദിനം 2 മുതല്‍ 19 ദശലക്ഷം ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നുണ്ട്. ജിപിയു ചിപ്പുകളുടെ റാക്കുകള്‍ ചൂടായി ഉരുകിപ്പോവാതിരിക്കാന്‍ ഒരു ചെറിയ നഗരത്തിനാകമാനം ആവശ്യമായ വെള്ളമാണ് ഡാറ്റാ സെന്ററില്‍ ഉപയോഗിക്കുന്നത്. സെര്‍വറുകളുടെ ഓരോ റാക്കിനും 130 കിലോവാട്ടോ അതില്‍ കൂടുതലോ വൈദ്യുതി വേണ്ടിവരും. വലിയൊരു വീടിനേക്കാളും കൂടുതല്‍ വൈദ്യുതി ഡാറ്റാസെന്ററിലെ ഈ ചെറിയൊരു ഭാഗത്തിന് ആവശ്യമായിവരുന്നു. ഒരു വലിയ കാമ്പസ് ശരാശരി 100 മെഗാവാട്ട് ശേഷിയിലാണ് ഇപ്പോള്‍ വിന്യസിക്കുന്നത്. ഒരു ചെറിയ നഗരത്തിനോ ആയിരക്കണക്കിന് വീടുകള്‍ക്കോ ആവശ്യമായ വൈദ്യുതിയാണിത്. മാത്രവുമല്ല ഈ ഡാറ്റാസെന്ററുകളെല്ലാം ഭാവിയില്‍ ഗിഗാവാട്ട് വൈദ്യുതി ഉപഭോഗം പ്രതീക്ഷിച്ച് ആസൂത്രണം ചെയ്യുകയോ നിര്‍മിക്കുകയോ ചെയ്യുന്നവയാണ്. അതായത് ഭാവിയില്‍ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുമെന്നര്‍ത്ഥം.
2028 ഓടുകൂടി എഐ ഡാറ്റാ സെന്ററുകള്‍ 1 ലക്ഷം കോടി ലിറ്ററിലേറെ വെള്ളം ഉപയോഗപ്പെടുത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനെല്ലാമുള്ള വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതായുമുണ്ട്. അത് കടുത്ത വെല്ലുവിളിയാണ്. ചിപ്പുകള്‍ ഉള്‍പ്പടെയുള്ള ഹാര്‍ഡ്‌വെയര്‍ പ്രതിബന്ധങ്ങള്‍ തരണം ചെയ്താലും പരിഹരിക്കാനാകാത്ത വലിയൊരു പ്രതിസന്ധിയാവും വൈദ്യുതി. അത് കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഫലമായുണ്ടാകുന്ന സാമ്പത്തിക, പാരിസ്ഥിതിക, രാഷ്ട്രീയ വെല്ലുവിളികള്‍ വരാനിരിക്കുന്നു. കമ്പനികളും രാജ്യങ്ങളും തമ്മിലുള്ള കടുത്ത കിടമത്സരം ഇനി ഊര്‍ജ്ജ രംഗത്തായിരിക്കാം.
Content Highlights: Microsoft CEO Satya Nadella highlights the shift from AI chip shortage to a critical Energy Crisis as the main hurdle for operating massive AI data centers.