പിഴവ് സമ്മതിച്ച് Meta, പരിഹാര നിർദേശങ്ങൾ സമർപ്പിക്കണം; ആഗോളസംഘം തത്കാലം മടങ്ങില്ല

#ടെക്‌നോളജി ഡെസ്‌ക്
1. മെറ്റ ആഗോളസംഘം 2. പ്രതീകാത്മകചിത്രം | ANI, AFP
1. മെറ്റ ആഗോളസംഘം 2. പ്രതീകാത്മകചിത്രം | ANI, AFP

അൽഗോരിതത്തിലെ പിഴവുകൾ ഇന്ത്യൻ അധികൃതരുമായി നടത്തിയ ചർച്ചയ്ക്കിടെ സോഷ്യൽ മീഡിയ ഭീമനായ മെറ്റ തുറന്ന് സമ്മതിച്ചതായി റിപ്പോർട്ടുകൾ.ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ (MeitY) ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കിടെയാണ് മെറ്റ ഇക്കാര്യം സമ്മതിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽനിന്ന് നീക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞതിന് പിന്നാലെയാണിത്.

മെറ്റയുടെ അൽഗോരിതങ്ങളും പ്ലാറ്റ്ഫോമിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സാങ്കേതിക സംവിധാനങ്ങളുമാണ് കൂടിക്കാഴ്ചയ്ക്കിടെ ചർച്ചാ വിഷയമായത്. എല്ലാ ആശങ്കകളും വ്യക്തമാക്കാനും അവ പരിഹരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി സമർപ്പിക്കാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മെറ്റയുടെ ആഗോള സാങ്കേതിക സംഘം കൂടുതൽ ചർച്ചകൾക്കായി ഇന്ത്യയിൽ തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നു. വരും ദിവസങ്ങളിൽ ഐടി സെക്രട്ടറിയുടെ നേതൃത്വത്തിൽ കൂടുതൽ ചർച്ചകൾ നടന്നേക്കും. പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമം ഇരുഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും ഉന്നതവൃത്തങ്ങൾ പറയുന്നു.

ആശങ്കകൾ പരിഹരിക്കുന്നതുവരെ സർക്കാർ മെറ്റയുമായി ആശയവിനിമയം തുടരുമെന്നാണ് സൂചന. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഇന്ത്യയിലെ നിയമങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന നിലപാട് MeitY ആവർത്തിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചോദ്യങ്ങൾ തുടരുമെന്ന് കേന്ദ്രം

ഇന്ത്യയിലെ നിയമങ്ങളും നിബന്ധനകളും കൃത്യമായി അനുസരിക്കുന്നുണ്ടോയെന്ന ചോദ്യം തുടരുമെന്ന് മെറ്റയോട് കേന്ദ്രസർക്കാരിന്റെ പ്രതിനിധി സംഘം.

സാമൂഹിക മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കംചെയ്ത സംഭവത്തിൽ കഴിഞ്ഞദിവസം കേന്ദ്രസർക്കാരിനോട് മാപ്പുചോദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന ചർച്ചയിലാണ് മെറ്റയോട് കേന്ദ്രസർക്കാർ പ്രതിനിധികൾ നിയമപരമായ ബാധ്യതയിൽ ഉറപ്പുതേടിയത്.

ഭരണഘടാനപരവും നിയമപരവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും പരാതികൾ പരിഹരിക്കാനും ഫെയ്സ്ബുക്കിന്റെ അൽഗോരിതം പര്യാപ്തമാണോയെന്നും ആരാഞ്ഞു.

മെറ്റ സി.ഇ.ഒ. മാർക്ക് സക്കർബർഗിനുവേണ്ടി ഗ്ലോബൽ അഫയേഴ്സ് തലവൻ ജോയൽ കാപ്ലനാണ് കഴിഞ്ഞദിവസം ന്യൂഡൽഹിയിലെത്തി മാപ്പുപറഞ്ഞത്. കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യംചെയ്തതിലും ഡീപ് ഫേക് നിയന്ത്രിക്കുന്നതിലുമുണ്ടായ വീഴ്ചയിലും മെറ്റ മാപ്പുചോദിച്ചിരുന്നു.

ബുധനാഴ്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിലാണ് ക്ഷമ ചോദിച്ചത്. ക്ലാപ്ലനും കേന്ദ്ര ഐ.ടി. സെക്രട്ടറി എസ്. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും വ്യാഴാഴ്ചയും ചർച്ച തുടർന്നു.

Content Highlights: Meta acknowledged gaps in algorithmic mechanisms during a MeitY technical meeting., The Indian government is pushing for a comprehensive corrective action plan., Meta's global technical team will continue engagements with IT officials in India., Strict adherence to Indian digital laws remains the primary government mandate.