യാത്രക്കാരുടെ ഇഷ്ടവിഭവം കണ്ടെത്തും, ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കും; എല്ലാം എഐ

യത്രക്കാര്‍ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും അതുവഴി അനാവശ്യ ചെലവ് ഒഴിവാക്കാനും എഐ സംവിധാനവുമായി ജര്‍മ്മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സയും. ഇതിനായി ഭക്ഷണ ട്രേകള്‍ സ്‌കാന്‍ ചെയ്യുന്ന സ്മാര്‍ട്ട് ക്യാമറകളുള്ള ഒരു പുതിയ എഐ ട്രേ ട്രാക്കര്‍ ആണ് ഉപയോഗിക്കുന്നത്. യാത്രക്കാര്‍ എത്രമാത്രം ഭക്ഷണം കഴിച്ചുവെന്നതടക്കം ഇത് കൃത്യമായി കണക്കാക്കുന്നു. കാറ്ററിംഗ് കേന്ദ്രത്തിലെ ഡിഷ് വാഷറുകളിലേക്ക് പോകുന്ന കണ്‍വെയര്‍ ബെല്‍റ്റിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്നു ക്യാമറകളുടെ സഹായത്തോടെയാണ് എഐ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
വിമാനത്തില്‍ നിന്നെത്തിയ ഓരോ ഭക്ഷണ ട്രേയും സ്‌കാന്‍ ചെയ്ത് എത്രമാത്രം ഭക്ഷണം ബാക്കിയുണ്ടെന്ന് അത് കണ്ടെത്തും. ഭക്ഷണം പൂര്‍ണ്ണമായി കഴിച്ചോ, ഭാഗികമായി കഴിച്ചോ, അതോ തൊട്ടിട്ടേയില്ലയോ എന്നെല്ലാം പ്രത്യേക ക്യാമറകള്‍ കണ്ടെത്തും. ഓരോ ട്രേകളിലും ഏത് ഭക്ഷണമായിരുന്നു, ഏത് വിമാനത്തില്‍നിന്നാണ് എത്തിയത്, ഏത് യാത്രാ ക്ലാസില്‍ നിന്നാണ് വന്നത് എന്നെല്ലാം തിരിച്ചറിയുന്നു. ഇതിനുപിന്നാലെ ഏത് ഭക്ഷണങ്ങള്‍ക്കാണ് പ്രിയം കൂടുതല്‍, മെനുവിലെ ഏത് ഇനങ്ങളാണ് യാത്രക്കാര്‍ക്ക് ഇഷ്ടപ്പെടാത്തത് എന്നിവയെക്കുറിച്ച് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ വിവരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലുഫ്താന്‍സയ്ക്ക് ലഭിക്കുന്നു.
അതിരാവിലെ പുറപ്പെടുന്നത് അടക്കമുള്ള വിമാനങ്ങളില്‍ യാത്രക്കാര്‍ പതിവായി ഭക്ഷണം കഴിക്കാതിരിക്കുന്നുണ്ടോ എന്നും എയര്‍ലൈനിന് വേഗത്തില്‍ കണ്ടെത്താനാകും. ഈ ഡാറ്റ ഉപയോഗിച്ച് ലുഫ്താന്‍സയ്ക്ക് ചില വിമാനങ്ങളിലെ ഭക്ഷണത്തിന്റെ അളവ് മാറ്റാനോ പാഴായിപ്പോകുന്ന, ജനപ്രീതിയില്ലാത്ത വിഭവങ്ങള്‍ക്ക് പകരം പുതിയവ ഉള്‍പ്പെടുത്താനോ കഴിയും. ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കാന്‍ ഈ എഐ സോഫ്റ്റ്വെയര്‍ സഹായിക്കുമെന്നും എയര്‍ലൈന്‍ പറയുന്നു. യാത്രയുടെ ദൈര്‍ഘ്യം, പുറപ്പെടുന്ന സമയം എന്നിവ അടക്കമുള്ള വിവിധ ഡാറ്റകള്‍ വിശകലനം ചെയ്ത് വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തേക്കാള്‍ കുറവ് ഭക്ഷണം കയറ്റിയാല്‍ മതിയോ എന്നതടക്കമുള്ളവ കണക്കാക്കാന്‍ എയര്‍ലൈന്‍ മറ്റൊരു കമ്പ്യൂട്ടര്‍ മോഡലും ഉപയോഗിക്കുന്നുണ്ട്. ഡച്ച് എയര്‍ലൈനായ കെഎല്‍എമ്മും സമാനമായ ഒരു എഐ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. ഇത് എത്ര യാത്രക്കാര്‍ക്ക് വിമാനം നഷ്ടപ്പെടുമെന്നോ അല്ലെങ്കില്‍ മറ്റൊരു വിമാനത്തില്‍ നിന്നുള്ള കണക്ഷന്‍ ലഭിക്കാതെ വരുമെന്നോ കണക്കാക്കാന്‍ സഹായിക്കുന്നതാണത്. ഈ കണക്കുകള്‍ വിലയിരുത്തിയാണ് എയര്‍ലൈന്‍ വിമാനത്തില്‍ കയറ്റുന്ന ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കുന്നത്.
എഐയില്‍ പ്രവര്‍ത്തിക്കുന്ന ട്രേ ട്രാക്കര്‍ ഒരു പുതിയ ആശയമല്ല. 2020-ന്റെ തുടക്കത്തില്‍തന്നെ ഇത്തിഹാദ് എയര്‍വേയ്സ് സമാനമായ സംവിധാനം പരീക്ഷിച്ചിരുന്നു. സംവിധാനം വന്‍ വിജയമായിരുന്നു എന്നാണ് കമ്പനി പറയുന്നത്. ഭക്ഷണം പാഴാക്കല്‍ വിമാനക്കമ്പനികളെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്‌നമാണ്. ഉപയോഗിക്കാത്ത ഭക്ഷണത്തിന്റെ ഭൂരിഭാഗവും വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ തന്നെ കത്തിച്ചുകളയണം എന്ന് നിയമം അനുശാസിക്കുന്ന സാഹചര്യത്തിലാണിത്.
Content Highlights: Lufthansa uses AI-powered tray trackers to reduce food waste and optimize meal planning