വളർത്തുമൃഗങ്ങളെ വാങ്ങാനും വിൽക്കാനും 'ലാപ് ടോപ്പ്' ആപ്പ് വരുന്നു

ആലത്തൂർ: കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ ഓൺലൈനിൽ വാങ്ങാനും വിൽക്കാനും 'ലാപ് ടോപ്പ്' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. കേരളാ ലൈവ് സ്റ്റോക്ക് ഡിവലപ്മെന്റ് ബോർഡിന്റെ ചുമതലയിലാണിത്.
മൃഗങ്ങളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവർക്കിടയിൽ സുതാര്യമായ ഇടപാട് സാധ്യമാക്കുകയാണ് ആപ്ലിക്കേഷന്റെ ലക്ഷ്യം. കൃത്യമായ വിപണിവില അറിയാനും കർഷകർക്ക് അർഹമായ വില ലഭിക്കാനും ഇത് സഹായകമാകുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ പറഞ്ഞു.
നിലവിൽ വെബ് ആപ്ലിക്കേഷനായും ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനുമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. നിരോധിത പട്ടികയിലുള്ള മൃഗങ്ങൾ, പക്ഷികൾ, ജീവികൾ എന്നിവയുടെ വ്യാപാരം തടയാനും ഇതിൽ സംവിധാനമുണ്ട്. ഇത്തരം ജീവികളെ ലിസ്റ്റ് ചെയ്യുന്നില്ലെന്ന് വില്പനക്കാർ സത്യവാങ്മൂലം നൽകണം. ഓരോ ലിസ്റ്റിങ്ങും അഡ്മിന്റെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷമേ പൊതുജനങ്ങൾക്ക് ലഭ്യമാക്കൂ.
നിർമിതബുദ്ധി നിരീക്ഷണ സംവിധാനവും ബഹുഭാഷാ പിന്തുണയും ആപ്ലിക്കേഷനിലുണ്ടെന്ന് കെ.എൽ.ഡി. ബോർഡ് അധികൃതർ പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷനിൽ പാലക്കാട് കേന്ദ്രമായുള്ള 'അമിഗോസിയ' എന്ന സ്ഥാപനമാണ് ഇത് രൂപകൽപ്പന ചെയ്തത്.
ഒറ്റക്ലിക്കിൽ എല്ലാ വിവരങ്ങളും
വിൽക്കാനുള്ള മൃഗങ്ങളുടെ ആരോഗ്യസർട്ടിഫിക്കറ്റ്, പ്രതിരോധ കുത്തിവെപ്പ്, ഇൻഷുറൻസ് വിവരങ്ങൾ, ഇനം, തരം, ചിത്രം, വീഡിയോ എന്നിവ 'ലാപ് ടോപ്പ്' ആപ്ലിക്കേഷനിൽ നൽകാം. വാങ്ങുന്നവർക്ക് ലോഗിൻ ചെയ്ത് ഇതെല്ലാം കാണാം. തീറ്റ, വളർത്തുമൃഗ പരിപാലനവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ പ്രദർശിപ്പിക്കാനും വിൽക്കാനും കഴിയും. എല്ലാ ഇടപാടുകളും ഡിജിറ്റൽ രേഖകളായി സൂക്ഷിക്കാമെന്നതിനാൽ ഭാവിയിലെ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയുമാവാം.
Content Highlights: Launch of 'Laptop' app by Kerala Livestock Development Board, Transparent marketplace for buying and selling livestock, Features include AI monitoring, multi-language support, and admin verification, Integration of health certificates, vaccination records, and insurance data, Developed by Amigosia under Kerala Startup Mission