ശാസ്ത്രജ്ഞർ എന്തുകൊണ്ട് ISRO വിടുന്നു; ശമ്പളം കുറവാണോ, യഥാർഥ പ്രശ്‌നമെന്ത്?

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | ANI, PTI
പ്രതീകാത്മകചിത്രം | ANI, PTI

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ ചന്ദ്രനേയും ചൊവ്വയേയും ലക്ഷ്യംവെച്ച് മുന്നേറുകയാണ്. അതിനിടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയ്ക്ക് തലവേദന സൃഷ്ടിച്ച് ചില പ്രതിസന്ധികൾ ഉയർന്നുവരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നൂറിലധികം ശാസ്ത്രജ്ഞരാണ് ഐഎസ്ആർഓയിൽനിന്ന് രാജിവെക്കുകയോ സ്വയം വിരമിക്കുകയോ ചെയ്തത്. ഇതോടെ ബഹിരാകാശ ഗവേഷണ രംഗത്തെ പ്രതിഭകളെ നിലനിർത്താൻ കേന്ദ്ര സർക്കാരിന് ഇടപെടേണ്ടിവന്നു. ഗഗൻയാൻ ഉൾപ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള പദ്ധതികളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജിയും സ്വയം വിരമിക്കലും ഇനി പതിവ് നടപടികളിലൂടെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഇപ്പോൾ ബഹിരാകാശ വകുപ്പ്.

ശാസ്ത്രജ്ഞർ ഐ.എസ്.ആർ.ഒ. വിടുന്നത് എന്തുകൊണ്ട്?

ഒരുകാലത്ത് ബഹിരാകാശ സാങ്കേതികവിദ്യയിൽ കരിയർ സ്വപ്നം കണ്ടിരുന്ന ഇന്ത്യൻ എൻജിനീയർമാരുടെ പ്രധാന ലക്ഷ്യം ഐ.എസ്.ആർ.ഒ ആയിരുന്നു. എന്നാൽ 2020-ൽ സ്വകാര്യ മേഖലക്ക് സർക്കാർ വാതിൽ തുറന്നതോടെ സ്ഥിതി മാറി.

സ്‌കൈറൂട്ട് എയറോസ്പേസ്, അഗ്‌നികുൽ കോസ്മോസ്, പിക്സൽ, ബെല്ലാട്രിക്സ് എയറോസ്പേസ്, ധ്രുവ സ്പേസ്, ദിഗന്തര തുടങ്ങിയ സ്റ്റാർട്ടപ്പുകൾ റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, പ്രൊപ്പൽഷൻ സംവിധാനങ്ങൾ, ബഹിരാകാശ സേവനങ്ങൾ എന്നിവയിൽ അതിവേഗമുന്നേറ്റമാണ് നടത്തുന്നത്. ഇതോടെ ഐ.എസ്.ആർ.ഒ.യിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന പരിചയസമ്പന്നരായ ശാസ്ത്രജ്ഞർക്ക് മുന്നിലും പുതിയ അവസരങ്ങൾ തുറന്നു.

സ്വകാര്യ കമ്പനികൾ സർക്കാർ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഉയർന്ന ശമ്പളം, കമ്പനിയുടെ ഓഹരികൾ, വേഗത്തിലുള്ള സ്ഥാനക്കയറ്റം, ഗവേഷണ സ്വാതന്ത്ര്യം, പുതിയ സാങ്കേതികവിദ്യകളിൽ നേതൃത്വപരമായ പങ്ക് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഐ.എസ്.ആർ.ഒ.യിലെ നിരവധി മുൻ ശാസ്ത്രജ്ഞർ തന്നെ ഇത്തരം പല സ്റ്റാർട്ടപ്പുകൾക്കും നേതൃത്വം നൽകുന്നു എന്നതും പുതിയ തലമുറയെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമാണ്.

ശമ്പളം മാത്രമല്ല പ്രശ്നം

ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്കിന് പിന്നിൽ സാമ്പത്തിക കാരണങ്ങൾ മാത്രമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗഗൻയാൻ ജി-1 പരീക്ഷണദൗത്യം, എസ്.എസ്.എൽ.വി.-എൽ 1 വിക്ഷേപണം, ജി.എസ്.എൽ.വി.-എഫ് 17 ദൗത്യങ്ങൾ തുടങ്ങി പല പദ്ധതികളും പ്രഖ്യാപിച്ച സമയക്രമം പിന്നിട്ടു. പി.എസ്.എൽ.വി. ദൗത്യങ്ങളിലെ തിരിച്ചടികളും പദ്ധതികളുടെ പുരോഗതിയെ ബാധിച്ചു.

സാങ്കേതിക-ഭരണപരമായ തീരുമാനങ്ങൾ കൂടുതൽ കോന്ദ്രീകൃതമായതോടെ നടപടികൾ വൈകുന്നുവെന്നും പ്രവർത്തന സ്വാതന്ത്ര്യം കുറയുന്നുവെന്നും ചില  ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യവും ചിലരെ സ്വകാര്യ മേഖലയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതായി വിലയരുത്തപ്പെടുന്നു.

കേരളത്തിലും സ്വാധീനം

തിരുവനന്തരപുരം വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC), യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ശാസ്ത്രജ്ഞർ സ്വയം വിരമിക്കലിന് അപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്പേസ് സ്റ്റാർട്ടപ്പുകളിൽ ഐ.എസ്.ആർ.ഒ.യിലെ മുൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും വർധിച്ചിട്ടുണ്ട്.

ഗഗൻയാൻ, എൽ.വി.എം.-3, സ്പേസ് ഡോക്കിങ് എക്സ്പിരിമെന്റ് (SpaDeX), ചന്ദ്രയാൻ-3 തുടങ്ങിയ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ ചില പ്രമുഖരും ഇതിനകം സ്വകാര്യ മേഖലയിലേക്ക് ചേക്കേറിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ അടിയന്തര നീക്കം

ജൂലായ് 14-ന് പുറത്തിറങ്ങിയ ബഹിരാകാശ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഗഗൻയാൻ ഉൾപ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള പദ്ധതികളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജി ഇനി ബന്ധപ്പെട്ട കേന്ദ്ര ഡയറക്ടർമാർക്ക് നേരിട്ട് അംഗീകരിക്കാനാകില്ല. ഓരോ അപേക്ഷയും ബഹിരാകാശ വകുപ്പിന്റെ അന്തിമ അനുമതിക്ക് വിധേയമായിരിക്കും.

ഐ.എസ്.ആർ.ഒ.യിൽ ആകെ 14,600-ലധികം ജീവനക്കാരുണ്ടെങ്കിലും രാജിവെക്കുന്നവരുടെ എണ്ണം അതിന്റെ ചെറിയൊരു ശതമാനം മാത്രമണ്. എന്നിരുന്നാലും, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ദരെയാണ് നഷ്ടമാകുന്നെന്നതിനാൽ അതിന്റെ ആഘാതം വളരെ വലുതാണെന്നാണ് വിലയിരുത്തൽ.

പ്രതിഭകളെ പിടിച്ചുനിർത്തേണ്ട സമയം

രാജി നിയന്ത്രിക്കുന്നതിലൂടെ മാത്രം പ്രശ്നത്തിന് പരിഹാരമാകില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ മാതൃകയിൽ സ്ഥിരം ജീവനക്കാരും പ്രോജക്ട് അടിസ്ഥാനത്തിലുള്ള വിദഗ്ദരും ഉൾപ്പെടുത്തുന്ന രീതി സ്വീകരിക്കണമെന്നും അവർ നിർദേശിക്കുന്നു.

സ്വകാര്യ ബഹിരാകാശ കമ്പനികളുടെ വളർച്ച ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് ഗുണകരമാണെങ്കിലും, അതോടൊപ്പം ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും വലിയ വെല്ലുവിളി ഇനി പുതിയ പ്രതിഭകളെ കണ്ടെത്തുക മാത്രമല്ല, രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് അടിത്തറയിട്ട പ്രതിഭകളെ സ്ഥാപനത്തിൽ തന്നെ നിലനിർത്തുക എന്നതുകൂടിയാണ്.

Content Highlights: Over 100 ISRO scientists have resigned or opted for voluntary retirement., Private space startups like Skyroot and Agnikul are attracting talent with better perks., Government mandates stricter approval processes for resignations in national priority projects., Internal bureaucracy and project delays are cited as key factors alongside salary concerns., Focus on retaining experienced talent for critical missions like Gaganyaan.