ബഹിരാകാശയാത്ര: ശ്രീഹരിക്കോട്ടയിൽ ഗഗൻയാത്രി നിവാസ് വരും, സംവിധാനങ്ങൾ ഇവയാണ്

#പി. സുനില്‍കുമാര്‍
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് പരിശീലനത്തിന് ഇനി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല. ഭാവി യാത്രികരെ പരിശീലിപ്പിക്കുന്നതിനും സജ്ജമാക്കുന്നതിനും ശ്രീഹരിക്കോട്ടയിൽ ഐ.എസ്.ആർ.ഒ. കേന്ദ്രം നിർമിക്കും. ഗഗൻയാത്രി നിവാസ് എന്നപേരിലാണ് പ്രത്യേക ക്രൂ ഐസൊലേഷൻ കേന്ദ്രം വരുന്നത്. ഇതിനുള്ള ടെൻഡർ ക്ഷണിച്ചു. 26 കോടിയാണ് ചെലവ്.

രണ്ടു വർഷത്തിനുള്ളിൽ തദ്ദേശീയറോക്കറ്റിൽ ആദ്യ ബഹിരാകാശയാത്രയ്ക്ക് തയ്യാറെടുക്കുന്ന നാലു വ്യോമസേനാ ഉദ്യോഗസ്ഥർക്ക് യു.എസിലും റഷ്യയിലുമായാണ് പരിശീലനം ലഭിച്ചത്. ഇതേ മാതൃകയിലായിരിക്കും ശ്രഹരിക്കോട്ടയിലെ കേന്ദ്രവും.

മെഡിക്കൽ ഐസൊലേഷൻ വാർഡുകൾ, യാത്രികരെ മാറ്റിപ്പാർപ്പിക്കാനുള്ള മെഡിക്കൽ ക്വാറന്റീൻ മുറികൾ, കടലിൽ ഇറങ്ങുന്ന പേടകത്തിൽനിന്ന് സുരക്ഷിതമായി പുറത്തുകടക്കുന്ന രീതി പരീശീലിപ്പിക്കുന്നതിനുള്ള പ്രത്യേക നീന്തൽക്കുളം, വായു ശുദ്ധീകരണ സൗകര്യമുള്ള ശീതീകരണ സംവിധാനം എന്നിവയുണ്ടാകും.

യാത്രികരുടെ അടിസ്ഥാന പരിശീലനം, ഫ്‌ളൈറ്റ് സ്യൂട്ട് പരിശീലനം തുടങ്ങിയവയെല്ലാം ബെംഗളൂരു ആസ്ട്രോനെറ്റ് ട്രെയിനിങ് ഫെസിലിറ്റി കേന്ദ്രത്തിലായിരിക്കും. വിക്ഷേപണത്തിന്റെ അവസാന നാളുകളിൽ നൽകുന്ന നിർണായക പരിശീലനമായിരിക്കും ഗഗൻയാൻ നിവാസിൽ ഉറപ്പാക്കുക.

ഭാരതീയ അന്തരീക്ഷ ഭവൻ മുന്നിൽക്കണ്ട് കൂടുതൽപ്പേരെ ബഹിരാകാശത്തെത്തിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ആദ്യഘട്ടത്തിൽ ടെസ്റ്റ് പൈലറ്റുമാരെയും സേനാ ഉദ്യോഗസ്ഥരെയുമാണ് പരിഗണിക്കുക. ഭാവിയിൽ ശാസ്ത്രജ്ഞർ, ഡോക്ടർമാർ തുടങ്ങിയവരെയും പങ്കാളികളാക്കും.

Content Highlights: ISRO is building a dedicated Rs 26 crore crew isolation facility called Gaganyan Niwas in Sriharikota., The facility will include medical quarantine rooms, a specialized swimming pool for sea-landing training, and advanced air purification systems., While basic training happens in Bengaluru, final pre-launch training will be conducted at the Sriharikota centre., The initiative supports future missions including the Bharatiya Antariksha Station, expanding beyond military pilots to scientists and doctors.