അന്യഗ്രഹ പേടകമോ? ഭൂമിക്കടുത്തെത്താന്‍ 3I/ATLAS, ദൃശ്യംപകര്‍ത്തി ഹബിള്‍, വിവരങ്ങള്‍ക്കായി കാത്തിരിപ്പ്

#ടെക്‌നോളജി ഡെസ്‌ക്
ഹബിൾ ടെലിസ്‌കോപ്പ് പകര്‍ത്തിയചിത്രം | Photo - NASA
ഹബിൾ ടെലിസ്‌കോപ്പ് പകര്‍ത്തിയചിത്രം | Photo - NASA

3I/ATLAS ഭൂമിയുടെ ഏറ്റവുമടുത്തെത്താന്‍ ഇനി ദിവസങ്ങള്‍മാത്രം. സൗരയൂഥത്തില്‍ പ്രവേശിച്ച മൂന്നാമത്തെ നക്ഷത്രാന്തര വസ്തുവെന്ന് വിലയിരുത്തപ്പെടുന്ന ഇത് 2025 ഡിസംബര്‍ 19-ന് ഭൂമിക്ക് അടുത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വാഭാവികമായി രൂപപ്പെട്ട ഒന്നല്ല അതെന്നും അന്യഗ്രഹ സാങ്കേതികവിദ്യ അതിന് പിന്നിലുണ്ടാകാമെന്നും ഹാര്‍വാഡ് ശാസ്ത്രജ്ഞനായ ആവി ലോബ് അഭിപ്രായപ്പെട്ടതോടെ ശ്രദ്ധനേടിയ വസ്തുവിനെ നാസയുടെ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പും മറ്റ് ബഹിരാകാശ ദൗത്യങ്ങളും നിരീക്ഷിച്ചുവരികയാണ്. ലോകമെങ്ങും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ കൂടിയാണ് എല്ലാ ബഹിരാകാശ ഏജന്‍സികളും അതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ രാപകല്‍ പ്രവര്‍ത്തിക്കുന്നത്.

അമേിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ഒരു വാല്‍നക്ഷത്രം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് 3I/ATLAS ന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ആവി ലോബ് അക്കാര്യം തള്ളിക്കളയുന്നു. 3I/ATLAS-മായി ബന്ധപ്പെട്ട അസധാരണമായ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടിയാണ് അദദേഹം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്.

ലോകംമുഴുവന്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന 3I/ATLAS ഭൂമിക്കടുത്ത് എത്താനിരിക്കെ വിവിധ ബഹിരാകാശ ദൂരദര്‍ശിനികള്‍ പകര്‍ത്തിയ ഏറ്റവും പുതിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 3I/ATLAS- നെ നിരീക്ഷിച്ച ആദ്യത്തെ ടെലിസ്‌കോപ്പുകളില്‍ ഒന്നായിരുന്നു ഹബിള്‍. ഡിസംബര്‍ 30-ന് ഹബിള്‍ അതിന്റെ വൈഡ് ഫീല്‍ഡ് ക്യാമറ 3 ഉപയോഗിച്ച് വീണ്ടും നിരീക്ഷിച്ചു. ബഹിരാകാശ വസ്തു ഭൂമിയില്‍ നിന്ന് 286 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരുന്നു അപ്പോള്‍. ഡിസംബര്‍ 4-ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ESA) അതിന്റെ ജുപിറ്റര്‍ ഐസി മൂണ്‍സ് എക്‌സ്‌പ്ലോറര്‍ (Juice) എടുത്ത ഒരു ചിത്രവും പുറത്തുവിട്ടിരുന്നു. ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ ക്യാമറ (NavCam) ഉപയോഗിച്ച് പകര്‍ത്തിയ ചിത്രമായിരുന്നു അത്. അതിനിടെ, ഹബിളിന്റെ ഏറ്റവും പുതിയ നിരീക്ഷണത്തിന്റെ ഡാറ്റാ സെറ്റ് നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഇതുവരെ പങ്കുവെച്ചിട്ടില്ല. സുപ്രധാന വിവരങ്ങള്‍ ലഭ്യമാകുന്നതോടെ 3I/ATLAS-നെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

Content Highlights: Explore the latest images of Comet 3I/ATLAS from Hubble & ESA. Learn about the alien technology theory and its upcoming close approach to Earth.