അന്യഗ്രഹ ജീവികളുണ്ടോ? കണ്ടെത്താന്‍ ഇന്ത്യയും ജപ്പാനും, എന്താണ് ടിഎംടി

#ടെക്‌നോളജി ഡെസ്‌ക്
ടിഎംടി ഡോമിന്റെ മാതൃക. Photo -  tmt.org
ടിഎംടി ഡോമിന്റെ മാതൃക. Photo - tmt.org

പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകളില്‍ വിപ്ലവം സൃഷ്ടിക്കാനിടയുള്ള കണ്ടെത്തലിനായി കൈകോര്‍ത്ത് ഇന്ത്യയും ജപ്പാനും. ലോകത്തെ ഏറ്റവും ബൃഹത്തായ ജ്യോതിശാസ്ത്ര ഉപകരണങ്ങളിലൊന്നായ തേര്‍ട്ടി മീറ്റര്‍ ടെലിസ്‌കോപ്പ് (ടിഎംടി) നിര്‍മിക്കുന്നതിനാണ് സഹകരണം. 30 മീറ്റര്‍ പ്രൈമറി മിററുള്ള ഭീമാകാരമായ അത്യാധുനിക ഒപ്റ്റിക്കല്‍-ഇന്‍ഫ്രാറെഡ് ടെലിസ്‌കോപ്പാണിത്. നാം തനിച്ചാണോ എന്ന സുപ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ലക്ഷ്യം.

തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കുക, വിദൂര ഗാലക്‌സികളുടെ ഭൂപടം തയ്യാറാക്കുക, ആദ്യകാല പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുക തുടങ്ങിയ വിശാലമായ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ദൂരദര്‍ശിനി സ്ഥാപിക്കുന്നത്. എന്നാല്‍ അതിന്റെ ഏറ്റവും ആവേശകരമായ ദൗത്യം അന്യഗ്രഹ ജീവന്റെ സാന്നിധ്യം കണ്ടെത്തുക എന്നതാണ്.

മറ്റൊരു ഗ്രഹത്തില്‍ ജീവനുണ്ടെങ്കില്‍ അത് കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ജപ്പാന്റെ കാബിനറ്റ് ഓഫീസിലെ ദേശീയ ബഹിരാകാശ നയ സമിതിയുടെ വൈസ് ചെയര്‍മാനായ ഡോ. സാകു സുനേത NDTV-യോട് പറഞ്ഞു. ഭൂമിയില്‍ നിന്ന് വളരെ അകലെ മറ്റിടങ്ങളില്‍ ജീവരൂപങ്ങളുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. അത്തരത്തിലുള്ള ജീവരൂപങ്ങളുടെ അടയാളങ്ങള്‍ ഈ ദൂരദര്‍ശിനി കണ്ടെത്തും.

2030-ഓടെ ടിഎംടി യാഥാര്‍ഥ്യമാകും

എക്‌സോപ്ലാനറ്റുകളിലടക്കം നീരാവി അല്ലെങ്കില്‍ ഓര്‍ഗാനിക് തന്മാത്രകള്‍ പോലുള്ള ജീവന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന രാസപരമായ അടയാളങ്ങള്‍ക്കായി ടിഎംടി വിശകലനം ചെയ്യും. 2030-ഓടെ ടിഎംടി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്.

ഇന്ത്യ, ജപ്പാന്‍, രണ്ട് പ്രമുഖ യുഎസ് സര്‍വകലാശാലകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര പങ്കാളിത്തമാണ് ടിഎംടി പദ്ധതിക്ക് പിന്നില്‍. ഭൂമിക്ക് പുറത്ത് ജീവന്റെ തുടിപ്പുകള്‍ക്കായി തിരയുക എന്നിവയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.

ഇന്ത്യയുടേത് നിര്‍ണായക പങ്കാളിത്തം

ഒരൊറ്റ വലിയ കണ്ണാടിയുള്ള പരമ്പരാഗത ദൂരദര്‍ശിനികളില്‍ നിന്ന് വ്യത്യസ്തമായി ഭീമാകാരമായ പ്രൈമറി മിറര്‍ സൃഷ്ടിക്കാന്‍ ടിഎംടി കൃത്യമായി വിന്യസിച്ച 500 ചെറിയ കണ്ണാടികള്‍ ഉപയോഗിക്കും. സങ്കീര്‍ണ്ണമായ ഈ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന് അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമാണ്. അവിടെയാണ് ഇന്ത്യ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ കണ്ണാടിയുടെയും സ്ഥാനവും കോണും ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കേണ്ടതുണ്ട്. അത് ഇന്ത്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ പദ്ധതിയിലെ ഇന്ത്യന്‍ പങ്കാളിത്തം 2014-ല്‍തന്നെ കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു. മൂന്ന് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ പങ്കാളിത്തം. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് (IIA), പുണെയിലെ ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് (IUCAA), നൈനിറ്റാളിലെ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒബ്‌സര്‍വേഷണല്‍ സയന്‍സസ് (ARIES) എന്നിവയാണ് അവ.

ടിഎംടി സ്ഥാപിക്കുന്നത് എവിടെ?

ഹവായിലെ മൗനാ കിയയാണ് ടിഎംടിക്കായി തിരഞ്ഞെടുത്തിട്ടുള്ള സ്ഥലം. 4,000 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. ജപ്പാന്‍ ഇതിനകം അവിടെ ഒരു 8.2 മീറ്റര്‍ ദൂരദര്‍ശിനി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അത് 25 വര്‍ഷത്തിലേറെയായി നിരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ജ്യോതിശാസ്ത്ര നിരീക്ഷണത്തിനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നിരുന്നാലും പദ്ധതി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. മൗനാ കിയയെ ഹവായിലെ തദ്ദേശീയ സമൂഹം പവിത്രമായി കരുതുന്നുത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനും പദ്ധതിക്ക് അനുമതി തേടാനുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ലഡാക്കിലുള്ള ഹാന്‍ലെ ഉള്‍പ്പെടെയുള്ള ബദല്‍ സ്ഥലങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

ടിഎംടിയുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായിരിക്കും എന്നതില്‍ സംശയമില്ല. ഭൂമിക്ക് പുറത്ത് ജീവന്‍ കണ്ടെത്തുന്നത് എക്കാലത്തെയും വലിയ ശാസ്ത്രീയ മുന്നേറ്റങ്ങളില്‍ ഒന്നായിരിക്കും. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്താനുള്ള ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ലൂപെക്‌സില്‍ (LUPEX) ഇരു രാജ്യങ്ങളും നിലവില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Content Highlights: India and Japan partner on the ambitious Thirty Metre Telescope (TMT). Explore the universe, search for extraterrestrial life, and witness technological innovation.